ADVERTISEMENT

ന്യൂഡൽഹി∙ ഉയർന്ന ശമ്പളം ലഭിക്കുന്നവർ രാജ്യം വിടണമെന്നും ഇതാണ് ഉചിതമായ സമയമെന്നുമുള്ള സ്റ്റാർട്ടപ് കമ്പനി ഉടമയുടെ സമൂഹമാധ്യമ സന്ദേശം വൈറലായി. മണ്ടത്തരം നിറഞ്ഞ നിയമങ്ങൾ കാരണം രാജ്യത്തു നവീകരണം നടക്കുന്നില്ലെന്നും നിങ്ങൾ ഉദ്യോഗസ്ഥനോ രാഷ്ട്രീയക്കാരനോ പ്രശസ്തനോ ആണെങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കൂ എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സന്ദേശം വൈറലായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഉയർന്ന നികുതി, അഴിമതി, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കുറിപ്പ്.

രാജ്യത്തെ മികച്ച എൻജിനീയറിങ് സ്ഥാപനത്തിൽ പഠിച്ചശേഷം വിദേശത്തു വിദ്യാഭ്യാസം നേടിയ ആളാണ് താനെന്ന് പോസ്റ്റിൽ പറയുന്നു. 2018ൽ ഇന്ത്യയിൽ തിരിച്ചുവന്നു സ്റ്റാർട്ടപ് കമ്പനി ആരംഭിച്ചു. സ്ഥാപനം ലാഭത്തിലാണ്. മുപ്പതോളം ജീവനക്കാർക്ക് ഉയര്‍ന്ന ശമ്പളം നൽകുന്നുണ്ട്. എങ്കിലും രാജ്യം വിടാന്‍ ഇതാണ് ശരിയായ സമയമെന്നും പോസ്റ്റിൽ പറയുന്നു. അതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്.

കമ്പനിയുടെ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണ് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ ലഭിച്ചു. കൈക്കൂലി ലഭിക്കാത്തതിനാൽ പൊലീസ് കേസ് അവസാനിപ്പിക്കാത്ത സാഹചര്യമാണ്. ഓട്ടോ ഡ്രൈവർമാർ, ക്യാബ് ഡ്രൈവർമാർ, റസ്റ്ററന്റ് നടത്തിപ്പുകാർ എന്നിവരിൽനിന്ന് എല്ലാ ആഴ്ചയും താൻ ‘പ്രാദേശിക വേർതിരിവുകൾ’ നേരിടുന്നു. നിങ്ങൾ പണക്കാരനോ വിലകൂടിയ വസ്ത്രം ധരിക്കുന്ന ആളോ അല്ലെങ്കിൽ ആരും വിലമതിക്കില്ല. വലിയ നികുതി പിരിച്ചെടുത്തിട്ടും നല്ല റോഡുകളോ ആശുപത്രികളോ രാജ്യത്തില്ല. 

രാജ്യത്തെ സാമ്പത്തിക മികവിലേക്കു നയിക്കാൻ ശേഷിയില്ലാത്തതിനാൽ പോപ്‌കോണിനുപോലും വലിയ നികുതി ഈടാക്കുകയാണ്. ഇന്ത്യയിൽ സാമ്പത്തിക തകർച്ചയുണ്ടാകും. രൂപയുടെ മൂല്യം വലിയ തോതിൽ ഇടിയുകയാണെന്നും പോസ്റ്റിൽ പറയുന്നു. യുഎഇ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറാമെന്നാണു പോസ്റ്റിൽ നിർദേശിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധിപേരാണു കമന്റുകളിട്ടത്.

English Summary:

High Earners Fleeing India: High earners leaving India is a growing trend, fueled by concerns over systemic issues. This controversial post highlights the frustrations of a successful entrepreneur facing corruption, high taxes, and poor infrastructure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com