കോട്ടയം ലുലുമാൾ ക്രിസ്മസ് സമ്മാനമാകും; പിന്നാലെ പെരിന്തൽമണ്ണയിലും തിരൂരിലും
Mail This Article
മലബാറുകാർക്ക് ഓണസമ്മാനമായി കോഴിക്കോട് ലുലുമാൾ സമ്മാനിച്ച ലുലു ഗ്രൂപ്പ്, മധ്യകേരളത്തിന് ക്രിസ്മസ് സമ്മാനമായി കോട്ടയം മാൾ തുറക്കാനൊരുങ്ങുന്നു. കോട്ടയത്തെ മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. മൂന്നുമാസത്തിനകം കോട്ടയത്തെ മാൾ തുറക്കുമെന്ന് കോഴിക്കോട് ലുലുമാളിന്റെ ഉദ്ഘാടനച്ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കിയിരുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച് തുറക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ലുലുമാളാണ് കോട്ടയത്തേത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവിൽ സംസ്ഥാനത്ത് ലുലുമാളുകളുള്ളത്. തൃശൂർ തൃപ്രയാറിൽ വൈമാളും പ്രവർത്തിക്കുന്നു. എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളിൽ ലുലു ഹൈപ്പർമാർക്കറ്റുണ്ട്. സമാനമായി പിന്നീട് തൃശൂരിൽ ഹൈലൈറ്റ് മാളിലും ലുലു ഹൈപ്പർമാർക്കറ്റ് വരും. കോട്ടയത്തിന് പിന്നാലെ പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലും അടുത്തവർഷത്തോടെ ലുലുമാൾ തുറക്കും.
പാലക്കാട് മാളിന് സമാനമായ മിനിമാളുകളാണ് കോഴിക്കോട്ടെയും കോട്ടയത്തെയും. പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലേതും മിനി മാളുകളായിരിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ഇൻഡോർ ഗെയമിങ് കേന്ദ്രമായ ഫൺടൂറ എന്നിവയ്ക്ക് പ്രാധാന്യമുള്ളവയാണ് ലുലുവിന്റെ മിനി മാളുകൾ. വിശാലവും ആകർഷകവുമായ ഫുഡ്കോർട്ടും മികവുറ്റ വാഹന പാർക്കിങ് സൗകര്യങ്ങളും മറ്റ് മുൻനിര ബ്രാൻഡുകളുടെ സ്റ്റോറുകളുമുണ്ടാകും.
800 കോടി രൂപ ചെലവഴിച്ചാണ് കോഴിക്കോട് ലുലുമാൾ നിർമിച്ചത്. 2,000 പേർക്ക് തൊഴിലവസരവും ലഭിച്ചു. സമാനമായ മികവുകളാണ് കോട്ടയം മാളിലും കാത്തിരിക്കുന്നത്. മിനിമാളുകൾ തുടക്കം മാത്രമാണെന്നും ജനങ്ങളിൽ നിന്നുള്ള സ്വീകാര്യത കണക്കിലെടുത്ത് കൊച്ചിയിലെയും തിരിവനന്തപുരത്തെയും പോലെ വലിയ മാളുകൾ നിർമിക്കുന്നത് പരിഗണിക്കുമെന്നും എം.എ. യൂസഫലി വ്യക്തമാക്കിയിരുന്നു. വികസനത്തിനൊപ്പം സ്വന്തം നാട്ടുകാർക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുകയുമാണ് പുതിയ പദ്ധതികളിലൂടെ ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വമ്പൻ ഷോപ്പിങ് മാൾ അഹമ്മദാബാദിൽ
കേരളത്തിന് പുറമേ ബെംഗളൂരു, ലക്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ലുലു ഷോപ്പിങ് മാളുകളുള്ളത്. കോയമ്പത്തൂരിൽ ലുലു ഹൈപ്പർമാർക്കറ്റുണ്ട്. ചെന്നൈയിൽ മെട്രോ സ്റ്റേഷനുകളിലും സാന്നിധ്യം അറിയിച്ചേക്കും. തമിഴ്നാട്ടിലുടനീളം പദ്ധതികൾ സ്ഥാപിക്കാൻ ലുലുവിന് പദ്ധതിയുണ്ട്. ഉത്തർപ്രദേശിലും കൂടുതൽ പദ്ധതികൾ വരും.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് ലുലുവിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ഉയരുക. അഹമ്മദാബാദ് കോർപ്പറേഷനിൽ നിന്ന് ഇതിനുള്ള ഭൂമി റെക്കോർഡ് 519 കോടി രൂപയ്ക്ക് ലുലു ഗ്രൂപ്പ് വാങ്ങിയിരുന്നു. ഏകദേശം 4,000 കോടി രൂപ നിക്ഷേപത്തോടെണ് അഹമ്മദാബാദ് മാൾ സജ്ജമാകുന്നത്. 7,000ലേറെ പേർക്ക് തൊഴിലും ലഭിക്കും. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് ജിസിസി രാഷ്ട്രങ്ങളിലും ഇന്ത്യക്കും പുറമേ ഈജിപ്ത്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 250ൽ അധികം ഹൈപ്പർമാർക്കറ്റുകളുണ്ട്.