സ്വർണ വിലയിൽ ഷോർട്ട് ബ്രേക്ക്! കുതിപ്പിന് മുമ്പൊരു പിന്നോട്ടിറക്കം, ഇന്ന് വില അൽപം കുറഞ്ഞു
Mail This Article
കേരളത്തിൽ ഇന്നലെ പുതിയ ഉയരത്തിന് തൊട്ടടുത്ത് എത്തിയ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 6,865 രൂപയായി. 120 രൂപ താഴ്ന്ന് 54,920 രൂപയാണ് പവൻ വില. ഇന്നലെ ഗ്രാം വില 6,880 രൂപയിലും പവൻ വില 55,040 രൂപയിലും എത്തിയിരുന്നു. ഇക്കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. ഇതിൽ നിന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും മാത്രം അകലെയായിരുന്നു ഇന്നലെ വില. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിൽ വില പുതിയ ഉയരം കുറിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് അപ്രതീക്ഷിതമായി വില നേരിയതോതിൽ താഴ്ന്നത്.
18 കാരറ്റും വെള്ളിയും
കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനും ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും 5,690 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. വെള്ളി വിലയിലും മാറ്റമില്ല. വ്യാപാരം നടക്കുന്നത് ഗ്രാമിന് 96 രൂപയിൽ.
പുതിയ ഉയരം തൊട്ടിറങ്ങി രാജ്യാന്തര വില
രാജ്യാന്തര വില വലിയ കുതിപ്പിനൊരുങ്ങുകയാണ് എന്നാണ് വിലയിരുത്തലുകൾ. അതിന് മുമ്പ് ചെറിയൊരു ബ്രേക്ക് രാജ്യാന്തര വിലയും എടുത്തു. ഇന്നലെ ഔൺസിന് സർവകാല റെക്കോർഡായ 2,589.59 ഡോളർ വരെ എത്തിയ വില നിലവിലുള്ളത് 2,577.41 ഡോളറിൽ. ഈ വിലയിടിവാണ് ഇന്ന് കേരളത്തിലെ വിലയെയും താഴേക്ക് നയിച്ചത്.
രാജ്യാന്തര, ആഭ്യന്തര സ്വർണ വിലയ്ക്ക് നാളെ നിർണായക ദിനമാണ്. നാളെയാണ് അമേരിക്കയുടെ കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കുക. അടിസ്ഥാന പലിശനിരക്കിൽ 0.25% ഇളവാണ് പ്രതീക്ഷിക്കുന്നത്. ചിലർ 0.50% ബമ്പർ പലിശയിളവും പ്രതീക്ഷിക്കുന്നുണ്ട്. പലിശനിരക്കിൽ നേരിയ കുറവ് വന്നാൽപ്പോലും അത് രാജ്യാന്തര സ്വർണവിലയിൽ വൻ കുതിപ്പുണ്ടാക്കും. കാരണം, പലിശ കുറഞ്ഞാൽ ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) താഴും. ഇത് സ്വർണ നിക്ഷേപ പദ്ധതികൾക്കാണ് ഗുണം ചെയ്യുക. ഡിമാൻഡ് കൂടുന്നതോടെ സ്വർണ വിലയും കുതിച്ചുകയറും. അതോടെ, ഇന്ത്യയിലെ വിലയും കൂടും.
ഒരു പവൻ ആഭരണത്തിന് ഇന്ന് എന്ത് നൽകണം?
മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് (എച്ച്‍യുഐഡി) ചാർജ്, പണിക്കൂലി എന്നിവയും ചേരുമ്പോഴേ ഒരു പവൻ ആഭരണ വിലയാകൂ. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 59,450 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,431 രൂപ.