ADVERTISEMENT

ചില്ലറ വിലക്കയറ്റത്തോതിന് പിന്നാലെ മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമായ പണപ്പെരുപ്പവും താഴ്ന്നനിരക്കിൽ തുടരുന്നത് രാജ്യത്തിന് ആശ്വാസമാകുന്നു. ജൂലൈയിലെ 2.04 ശതമാനത്തിൽ നിന്ന് നാലുമാസത്തെ താഴ്ചയായ 1.31 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം മൊത്തവില പണപ്പെരുപ്പം കുറഞ്ഞതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

ഉപഭോക്തൃവില (റീറ്റെയ്ൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് ഓഗസ്റ്റിൽ 3.65 ശതമാനമാണ്. അഞ്ചുവർഷത്തെ താഴ്ചയായ ജൂലൈയിലെ 3.54 ശതമാനത്തിൽ നിന്ന് ഇത് ഉയർന്നെങ്കിലും റിസർവ് ബാങ്കിന്റെ സഹനപരിധിയായ 4 ശതമാനത്തിന് താഴെത്തന്നെയാണെന്നുള്ളത് ആശ്വാസമാണ്.

ഭക്ഷ്യവിലപ്പെരുപ്പവും സമ്മിശ്രം
 

ജൂലൈയിൽ ചില്ലറ ഭക്ഷ്യവിലപ്പെരുപ്പം 13 മാസത്തെ താഴ്ചയായ 5.42 ശതമാനമായിരുന്നു. കഴിഞ്ഞമാസം ഇത് 5.66 ശതമാനത്തിലേക്ക് കൂടിയത് ആശങ്കയാണ്. അതേസമയം, മൊത്ത ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞമാസം ജൂലൈയിലെ 3.45 ശതമാനത്തിൽ നിന്ന് 3.11 ശതമാനത്തിലേക്ക് കുറഞ്ഞു. ധാന്യങ്ങൾ, നെല്ല്, പയർവർഗങ്ങൾ എന്നിവയുടെയും സവാളയുടെയും മൊത്തവില കഴിഞ്ഞമാസം കുറഞ്ഞത് നേട്ടമാണ്. ഉരുളക്കിഴങ്ങ്, പഴവർഗങ്ങൾ എന്നിവയുടെ മൊത്ത വില കൂടി.

റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് പരിഷ്കരിക്കാൻ പ്രധാനമായും വിലയിരുത്തുന്നത് റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളാണ്. ഇത് കഴിഞ്ഞ ഏതാനും മാസമായി കുറയുകയാണെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം ഇപ്പോഴും ഉയർന്നുനിൽക്കുന്നതാണ് തിരിച്ചടി. ഭക്ഷ്യവിലപ്പെരുപ്പം ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്നതിനാൽ സമീപഭാവിയിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും തുലാസിലാണ്. അതായത്, ബാങ്ക് വായ്പയുടെ പലിശനിരക്കും ഇഎംഐയും കുറയാൻ കാത്തിരിക്കണം.

English Summary:

WPI Inflation Falls in August. Consumer price index (CPI)-based inflation, or retail inflation, stood at 3.65% in August.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com