മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലേക്ക്; പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കേന്ദ്രം, പ്രഖ്യാപനം വൈകില്ല?
Mail This Article
നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ കളമൊരുങ്ങി. കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്കും മുഖ്യകക്ഷിയായ ബിജെപിക്കും ഏറെ നിർണായകമായ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പായി ഇന്ധന വിലകുറച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് സൂചനകൾ.
നവംബറിന്റെ ആദ്യപകുതിയിലാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ പാതിയോടെ പോളിങ് തീയതികൾ പ്രഖ്യാപിച്ചേക്കും. അതിന് മുമ്പ്, ഒക്ടോബർ 5ന് ശേഷം പെട്രോൾ, ഡീസൽ വില കുറച്ചേക്കും. മഹാരാഷ്ട്രയിൽ സ്വന്തം മുന്നണിയിൽ തന്നെ പടലപ്പിണക്കങ്ങൾ ഉണ്ടെന്നതും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തിരിച്ചടിയേറ്റതും ബിജെപിക്ക് വൻ ക്ഷീണമാണ്. ഇതിനെ മറികടക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇന്ധന വിലകുറയ്ക്കാനുള്ള നീക്കം.
മാർച്ചിന് ശേഷം ആദ്യം
ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു. അതോടെ കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില). രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അന്നും വില കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു ഈ വില ഇളവും.
നിലവിൽ പെട്രോളിന് ലിറ്ററിന് 19.9 രൂപയും ഡീസലിന് 15.8 രൂപയും കേന്ദ്രം എക്സൈസ് നികുതി ഈടാക്കുന്നുണ്ട്. മാർച്ചിലേതുപോലെ ഇതിൽ മാറ്റംവരുത്താതെയുള്ള വിലക്കുറവാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്. അതായത്, വില കുറയ്ക്കുന്നതിന്റെ ഭാരം എണ്ണക്കമ്പനികൾക്ക് മാത്രമായിരിക്കും. വരുമാനത്തിൽ അതുവഴി എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്താനുള്ള സാധ്യത വിരളം.
നടപ്പുവർഷം (2024-25) ഏപ്രിൽ-ജൂണിൽ മൂന്ന് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളും സംയോജിതമായി 7,371 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. ഇതാകട്ടെ മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 71-94% കുറവാണ്. എണ്ണക്കമ്പനികൾ സ്വന്തംനിലയ്ക്ക് ഇന്ധനവില പരിഷ്കരിക്കാത്തതിന് കാരണവും ഇതാണെന്ന് കരുതപ്പെടുന്നു. ഇന്ധന വിലയിൽ ലിറ്ററിന് ഒരു രൂപ കുറവുണ്ടായാൽ കേന്ദ്രസർക്കാരിന്റെ വരുമാനത്തിൽ 15,000 കോടി രൂപ മുതൽ 20,000 കോടി രൂപവരെ കുറഞ്ഞേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ക്രൂഡ് ഓയിലിലും ആശ്വാസം
കഴിഞ്ഞ മാർച്ച് 14ന് പെട്രോൾ, ഡീസൽ വില കുറയ്ക്കുമ്പോൾ രാജ്യാന്തര ക്രൂഡ് ഓയിൽ (ഡബ്ല്യുടിഐ ക്രൂഡ്) വില ബാരലിന് 80.14 ഡോളർ ആയിരുന്നു. ഈമാസം വില 67 ഡോളർ നിലവാരത്തിലേക്കുവരെ ഇടിഞ്ഞു. അതായത്, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയുകയും പ്രവർത്തനച്ചെലവ് മെച്ചപ്പെടുകയും ചെയ്തു. ഇതും പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള അനുകൂലഘടകമായി കേന്ദ്രം പരിഗണിച്ചേക്കും.