ADVERTISEMENT

സാധാരണക്കാരുടെ ജീവിത ബജറ്റിന്റെ താളം തെറ്റിച്ച് ഭക്ഷ്യ, നിത്യോപയോഗ വസ്തുക്കളുടെ വില ഉയർന്നുനിൽക്കുമ്പോൾ ഓരോ ലിറ്റർ പെട്രോൾ, ഡീസൽ വിൽപനയിലൂടെ കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികൾ സ്വന്തമാക്കുന്നത് ബമ്പർ ലാഭം. ഓരോ ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ 15 രൂപയും ഡീസലിൽ നിന്ന് 12 രൂപയുമാണ് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ എണ്ണക്കമ്പനികൾക്ക് ലഭിക്കുന്ന ലാഭമെന്ന് റേറ്റിങ്, ഗവേഷണ ഏജൻസിയായ ഇക്ര പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.

സെപ്റ്റംബർ 17 വരെയുള്ള കണക്കാണിത്. രാജ്യത്ത് അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായത് ഈ വർഷം മാർച്ച് 14നാണ് (Read More). ലിറ്ററിന് രണ്ടുരൂപ വീതമാണ് അന്ന് കുറച്ചത്. അന്ന് രാജ്യാന്തര ക്രൂഡോയിൽ (ഡബ്ല്യുടിഐ ക്രൂഡ്) വില ബാരലിന് 80.14 ഡോളർ ആയിരുന്നെങ്കിൽ 69.96 ഡോളറായിരുന്നു സെപ്റ്റംബർ 17ന് വില. ഇന്നത്തെ വില 68.24 ഡോളറും.

ക്രൂഡോയിൽ വിലയിലുണ്ടായ ഈ ഇടിവ് എണ്ണക്കമ്പനികളുടെ ലാഭമാർജിൻ (മാർക്കറ്റിങ് മാർജിൻ) മെച്ചപ്പെടാൻ സഹായിച്ചിട്ടുണ്ട്. പെട്രോൾ വില ഏതാനും വർഷമായി ലിറ്ററിന് 100 രൂപയ്ക്കുമേൽ തുടരുകയാണ്. ഡീസലിന് 95 രൂപയ്ക്ക് മുകളിലും. പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമാണ് തിരുവനന്തപുരത്ത് വില. ഇന്ധനവില ഉയർന്നുനിൽക്കുന്നത് അവശ്യവസ്തുക്കളുടെ വില കൂടാനും ഗതാഗതച്ചെലവ് വർധിക്കാനും ഇടവരുത്തുന്നു. സാധാരണക്കാരാണ് ഇതുവഴി കൂടുതൽ പ്രതിസന്ധി നേരിടുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 

ലാഭം വാരുന്ന കമ്പനികൾ
 

ചിത്രം: മനോരമ.
ചിത്രം: മനോരമ.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മൂന്ന് പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെയും കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) സംയോജിത ലാഭം 82,300 കോടി രൂപയാണ്. തൊട്ടുമുൻവർഷത്തേക്കാൾ 25 മടങ്ങ് അധികവുമാണിത്. എച്ച്പിസിഎൽ 16,014 കോടി രൂപയും ബിപിസിഎൽ 26,676 കോടി രൂപയുമാണ് ലാഭം നേടിയത്. 39,618 കോടി രൂപയാണ് ഇന്ത്യൻ ഓയിൽ രേഖപ്പെടുത്തിയ ലാഭം. രാജ്യത്തെ ഇന്ധന വിൽപനയുടെ 90% വിഹിതവും ഈ മൂന്ന് കമ്പനികളുടെ കൈവശമാണ്. 

നടപ്പുവർഷം (2024-25) ഏപ്രിൽ-ജൂണിൽ മൂന്ന് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളും സംയോജിതമായി 7,371 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. ഇതാകട്ടെ മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 71-94% കുറവാണ്. എണ്ണക്കമ്പനികൾ സ്വന്തംനിലയ്ക്ക് ഇന്ധനവില പരിഷ്കരിക്കാത്തതിന് കാരണവും ഇതാണെന്ന് കരുതപ്പെടുന്നു. ഇന്ധന വിലയിൽ ലിറ്ററിന് ഒരു രൂപ കുറവുണ്ടായാൽ കേന്ദ്രസർക്കാരിന്റെ വരുമാനത്തിൽ 15,000 കോടി രൂപ മുതൽ 20,000 കോടി രൂപവരെ കുറഞ്ഞേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

കുറയ്ക്കുമോ ഇന്ധന വില?
 

New Delhi: Prime Minister Narendra Modi waves at supporters as he, along with BJP President Amit Shah, arrives at the party headquarters to celebrate the party's victory in the 2019 Lok Sabha elections,  in New Delhi, Thursday, May 23, 2019. (PTI Photo/Ravi Choudhary) (PTI5_23_2019_000463B)
(PTI Photo/Ravi Choudhary) (PTI5_23_2019_000463B)

നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ കളമൊരുങ്ങിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്കും മുഖ്യകക്ഷിയായ ബിജെപിക്കും ഏറെ നിർണായകമായ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നു എന്നതാണ് ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നത് (Read More). തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുമ്പായി ഇന്ധന വിലകുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായേക്കാം. എന്നാൽ, അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.

നവംബറിന്റെ ആദ്യപകുതിയിലാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ പാതിയോടെ പോളിങ് തീയതികൾ പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്രയിൽ സ്വന്തം മുന്നണിയിൽ തന്നെ പടലപ്പിണക്കങ്ങൾ ഉണ്ടെന്നതും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തിരിച്ചടിയേറ്റതും ബിജെപിക്ക് വൻ ക്ഷീണമാണ്. ഇതിനെ മറികടക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ധന വിലകുറയ്ക്കാൻ കേന്ദ്രം തയ്യാറായേക്കുമെന്നാണ് വിലയിരുത്തലുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com