ADVERTISEMENT

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറൽ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിലെ പ്രാഥമിക ബിസിനസ് വളർച്ചാക്കണക്കുകൾ പുറത്തുവിട്ടു. സെപ്റ്റംബർ 30ന് സമാപിച്ച പാദത്തിൽ മൊത്തം നിക്ഷേപം (Total Deposits) മുൻവർഷത്തെ സമാനപാദത്തിലെ 2.32 ലക്ഷം കോടി രൂപയിൽ നിന്ന് 15.6% ഉയർന്ന് 2.69 ലക്ഷം കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഫെഡറൽ ബാങ്ക് വ്യക്തമാക്കി.

മൊത്തം വായ്പകൾ (Gross Advances) 2.33 ലക്ഷം കോടി രൂപയായും ഉയർന്നു; 19.3 ശതമാനമാണ് വളർച്ച. 2023-24ലെ സമാനപാദത്തിൽ ഇത് 1.95 ലക്ഷം കോടി രൂപയായിരുന്നു. റീറ്റെയ്ൽ വായ്പകളിൽ (retail loans) 23 ശതമാനവും ഹോൾസെയിൽ വായ്പകളിൽ (wholesale credit book) 13 ശതമാനവുമാണ് വർധന. റീറ്റെയ്ൽ-ഹോൾസെയിൽ വായ്പാ അനുപാതം 57:43 ആണെന്നും റിപ്പോർട്ടിലുണ്ട്. 

കൊച്ചിയിലെ ഫെഡറൽ ബാങ്ക് മന്ദിരം (Photo courtesy: AjayTvm/ShutterStock)
കൊച്ചിയിലെ ഫെഡറൽ ബാങ്ക് മന്ദിരം (Photo courtesy: AjayTvm/ShutterStock)

കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 72,589 കോടി രൂപയിൽ നിന്ന് 11.5% മെച്ചപ്പെട്ട് 80,923 കോടി രൂപയായി. അതേസമയം, കാസ അനുപാതം 31.17 ശതമാനത്തിൽ നിന്ന് 30.07 ശതമാനമായി കുറഞ്ഞത് പോരായ്മയാണ്. എന്നാൽ, ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺപാദത്തിലെ 29.27 ശതമാനത്തിൽ നിന്ന് കാസ അനുപാതം തിരിച്ചുകയറുന്നു എന്ന നേട്ടവുമുണ്ട്. ഇക്കഴി‍ഞ്ഞ ജൂൺപാദത്തിൽ ഫെഡറൽ ബാങ്ക് 18.2% വളർച്ചയോടെ 1,010 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയും സെപ്റ്റംബർപാദ ബിസിനസ് കണക്കുകൾ പുറത്തുവിട്ടിരുന്നു. വിശദാംശങ്ങൾ താഴെ ക്ലിക്ക് ചെയ്തു വായിക്കാം:

സൗത്ത് ഇന്ത്യൻ ബാങ്ക്
സിഎസ്ബി ബാങ്ക്

ഫെഡറൽ ബാങ്ക് ഓഹരികളുടെ പ്രകടനം
 

ഇന്നലെ 0.09% നേട്ടവുമായി 193.97 രൂപയാണ് ഫെഡറൽ ബാങ്ക് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. 47,584 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഒരുമാസത്തിനിടെ 3 ശതമാനവും 6 മാസത്തിനിടെ 27 ശതമാനവും ഒരുവർഷത്തിനിടെ 31 ശതമാനവും നേട്ടമാണ് (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ചത്. 128 ശതമാനമാണ് കഴിഞ്ഞ 5 വർഷത്തെ വളർച്ച. ഫെഡറൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി കെ.വി.എസ്. മണിയൻ കഴിഞ്ഞമാസം സ്ഥാനമേറ്റിരുന്നു (Read Details).

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Federal Bank Q2 Update: Deposits surge 16%, advances grow by 19% on-year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com