ആ ഭാഗ്യശാലിയെ ഉടനറിയാം, 25 കോടി ഒന്നാം സമ്മാനം: തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്
Mail This Article
തിരുവനന്തപുരം∙ ലക്ഷക്കണക്കിനു ഭാഗ്യാന്വേഷികൾ കാത്തിരിക്കുന്ന തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന്. ബേക്കറി ജംക്‌ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 1.30നു മന്ത്രി കെ.എൻ.ബാലഗോപാൽ അടക്കമുള്ളവുടെ സാന്നിധ്യത്തിൽ 25 കോടി രൂപ ലഭിക്കുന്ന ഒന്നാം സമ്മാനാർഹനെയും മറ്റു സമ്മാനങ്ങളും നറുക്കിട്ടെടുക്കും. അടിക്കടിയുള്ള മഴ കാരണം ഇക്കുറി വിൽപനയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയെങ്കിൽ ഇത്തവണ വിറ്റത് 71.40 ലക്ഷം ടിക്കറ്റുകളാണ്. 10 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റ പാലക്കാടാണ് മുന്നിൽ. 8 ലക്ഷത്തിലേറെ വിറ്റ തിരുവനന്തപുരം രണ്ടാമതും.
20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനം.ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികളാണ്. 500 രൂപയാണു ടിക്കറ്റ് വില. നറുക്കെടുപ്പ് ചടങ്ങിൽ വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ലോട്ടറി ഡയറക്ടർ ഏബ്രഹാം റെൻ അടക്കമുള്ളവർ പങ്കെടുക്കും. പൂജാ ബംപർ ടിക്കറ്റും ഇന്നു പുറത്തിറക്കും.