വ്യാഴത്തിന്റെ ചന്ദ്രനിലേക്ക് വമ്പൻ ദൗത്യവുമായി നാസ! ഏലിയൻസിനെ കണ്ടെത്താൻ യൂറോപ്പ ക്ലിപ്പർ
Mail This Article
വരുന്ന ആഴ്ചകളിൽ ഒരു ഗംഭീര ബഹിരാകാശ ദൗത്യം നാസയുടെ അണിയറയിൽ തയാറെടുക്കുകയാണ്. വ്യാഴഗ്രഹത്തിന്റെ നാലാമത്തെ വലിയ ചന്ദ്രനായ യൂറോപ്പയിലേക്കാണ് ഈ ദൗത്യം പോകാൻ പോകുന്നത്. യൂറോപ്പ ക്ലിപ്പർ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം യൂറോപ്പയിലാകമാനം സമഗ്രമായ ഒരു പഠനം നടത്തും. യൂറോപ്പയിൽ അന്യഗ്രഹജീവൻ എവിടെയെങ്കിലുമുണ്ടോ എന്നറിയാനാകും ഈ പഠനം.
ഒക്ടോബർ 10 മുതൽ എപ്പോൾ വേണമെങ്കിലും ദൗത്യത്തിന്റെ വിക്ഷേപണം നടക്കാം. നേരത്തെ നിശ്ചയിച്ചതായിരുന്നു ഇതിന്‌റെ വിക്ഷേപണമെങ്കിലും മിൽട്ടൻ ചുഴലിക്കാറ്റിന്‌റെ വരവ് പ്രമാണിച്ചാണ് ദൗത്യം നീട്ടിയത്.നാസ തയാർ ചെയ്തിട്ടുള്ള ഗ്രഹ-ഉപഗ്രഹ പര്യവേക്ഷണ പേടകങ്ങളിൽ ഏറ്റവും വമ്പനാണ് യൂറോപ്പ ക്ലിപ്പർ. ഒരു ബാസ്‌കറ്റ്‌ബോൾ കോർട്ടിന്റെ അത്രയും വലുപ്പവും ഏകദേശം 6000 കിലോഗ്രാം ഭാരമുണ്ട് ഈ പേടകത്തിന്. ഒരു ആഫ്രിക്കൻ ആനയുടെ അതേഭാരം.
ഭൂമിക്കു പുറത്തു ജീവനുണ്ടോ എന്നുള്ള അന്വേഷണം പൊതുവെ ചൊവ്വയിൽ കേന്ദ്രീകരിച്ചാണ് നടക്കാറുള്ളത്. ചൊവ്വ ഭൂമിയുടെ അടുത്തുള്ള ഗ്രഹമായതാണ് ഇതിനു കാരണം. ചൊവ്വയിലേക്ക് ദൗത്യങ്ങൾ വിടാൻ എളുപ്പമാണ്. എന്നാൽ ചൊവ്വയിൽ നടത്തുന്ന അന്വേഷണങ്ങൾ വെറുതെയാണെന്ന് പല വിദഗ്ധരും പറയാറുണ്ട്. ചൊവ്വ അത്ര താമസയോഗ്യമല്ലാത്ത ഗ്രഹമായതാണ് കാരണം.
എന്നാൽ വ്യാഴത്തിന്‌റെയും ശനിയുടെയും ചന്ദ്രൻമാരിൽ ചിലത് ജീവൻ വഹിക്കാൻ സാധ്യതയുള്ളവയാണെന്ന് ശാസ്ത്രലോകം വിലയിരുത്തിയിട്ടുണ്ട്. ജലസ്സാന്നിധ്യമാണ് കാരണം. യൂറോപ്പയിലും ഒരു അന്തർസമുദ്രമുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.