എച്ച്എഎലിന്റെ രണ്ടാം സൂപ്പർസോണിക്: മറ്റുരാജ്യങ്ങൾക്കൊന്നും നൽകാത്ത തേജസെന്ന സൂര്യതേജസ്
Mail This Article
ഇന്ന് ഇന്ത്യൻ വ്യോമസേനാദിനം. ഇന്ത്യൻ വ്യോമസേനയുടെ ചുണക്കുട്ടിയാണ് തേജസ് യുദ്ധവിമാനം. ഒറ്റ എൻജിനുള്ള ഈ കോംബാറ്റ് യുദ്ധവിമാനം ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസ് ലിമിറ്റഡാണ് നിർമിക്കുന്നത്. ഡിആർഡിഒയുടെ കീഴിലുള്ള എയ്‌റോനോട്ടിക്കൽ ഡവലപ്‌മെന്‌റ് ഏജൻസിയാണ് ഈ വിമാനം രൂപകൽപന ചെയ്തത്.2001ലാണ് തേജസ് ആദ്യമായി പറക്കുന്നത്. 2003ൽ ഈ വിമാനത്തെ തേജസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു.
2015ൽ ഈ വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. സൂപ്പർസോണിക് കോംബാറ്റ് എയർക്രാഫ്റ്റുകളിൽ ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ വിമാനമാണ് തേജസ്.എച്ച്എഫ്-24 മാരുതിനു ശേഷം എച്ച്എഎൽ വികസിപ്പിച്ച രണ്ടാമത്തെ സൂപ്പർസോണിക് വിമാനമാണ് തേജസ്. 2016ൽ ആദ്യ തേജസ് സ്‌ക്വാഡ്രൻ പ്രവർത്തനക്ഷമമായി. ഇന്ത്യൻ വ്യോമസേനയുടെ 45ാം നമ്പർ സ്‌ക്വാഡ്രൻ അഥവാ ഫ്‌ളൈയിങ് ഡാഗേഴ്‌സാണ് തേജസുകൾ ആദ്യമായി ഉപയോഗിച്ച സ്‌ക്വാഡ്രൻ. മിഗ് 21 ബൈസണുകൾ മാറ്റിയാണ് തേജസ്സുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.
തേജസ് മാർക് 1, മാർക് 1എ, ട്രെയിനർ വിമാനം തുടങ്ങിയവ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്. വരുംകാലത്ത് 324 തേജസ് വിമാനങ്ങൾ നേടാനാണ് വ്യോമസേന ലക്ഷ്യമിടുന്നത്. 4000 കിലോ പേലോഡ് ശേഷിയുണ്ട് തേജസ്സിന്. ഒറ്റ പൈലറ്റാണ് തേജസ് നിയന്ത്രിക്കുന്നത്. ടേക്ക് ഓഫ് ഭാരം 13,300 കിലോ വരും.തേജസ് നിലവിൽ ഇന്ത്യൻ വ്യോമസേനയുടേത് മാത്രമാണ്. മറ്റു രാജ്യങ്ങൾക്കൊന്നും ഇതു നൽകിയിട്ടില്ല. എന്നാൽ പല രാജ്യങ്ങളും ഇതു വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.