ADVERTISEMENT

ഒരു കാലത്ത് ബോളിവുഡ് താരത്തിന്റെ വശ്യതയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിളങ്ങി നിന്ന താരമാണ് അജയ് ജഡേജ. പരസ്യക്കമ്പനികളുടെയും യുവാക്കളുടെയുമെല്ലാം ഹരമായിരുന്ന ജഡേജയുടെ ക്രിക്കറ്റ് ജീവിതത്തില്‍ കരിനിഴലായത് കോഴവിവാദമായിരുന്നു...മുഹമ്മദ് അസറുദ്ദീനും ജഡേജയും എല്ലാമുള്‍പ്പെട്ട വാതുവയ്പ്പ് വിവാദങ്ങള്‍ കാരണം താരത്തിന് ആജീവനാന്ത വിലക്ക് വന്നെങ്കിലും പിന്നീട് അത് അഞ്ച് വര്‍ഷത്തേക്ക് കോടതി ചുരുക്കി. ശേഷം ക്രിക്കറ്റ് കളിക്കളത്തില്‍ പാഡണിഞ്ഞ് ജഡേജ എത്തിയില്ലെങ്കിലും ഗ്രൗണ്ടിന് പുറത്തും മറ്റ് പല മേഖലകളിലും സജീവമായിരുന്നു. 

എന്നാല്‍ അടുത്തിടെ താരം രാജ്യാന്തര മാധ്യമങ്ങളിലടക്കം നിറഞ്ഞുനിന്നു, ഒരു രാജകീയവാര്‍ത്തയുടെ പേരിലായിരുന്നു അത്. ഇന്ന് ജാംനഗര്‍ എന്നറിയപ്പെടുന്ന പണ്ടത്തെ നാട്ടുരാജ്യമായ നവാനഗറിലെ കിരീടാവകാശി ആയിട്ടാണ് ജഡേജയെ തെരഞ്ഞെടുത്തത്. ഒക്‌ടോബര്‍ 12ന് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ ജഡേജയുടെ ആസ്തിയില്‍ വമ്പന്‍ വര്‍ധനവാണുണ്ടായത്. 1450 കോടി രൂപയാണ് ടീം ഇന്ത്യയുടെ ഈ മുന്‍സൂപ്പര്‍ ഫീല്‍ഡറുടെ ആസ്തി. ഇതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ സ്‌പോര്‍ട്‌സ് താരങ്ങളിലൊരാളായി ജഡേജ മാറി. സാക്ഷാല്‍ വിരാട് കോഹ്‌ലിയെ വരെ ജഡേജ പിന്തള്ളി.

IND2451B.JPG

ഇന്ത്യക്കാരുടെ ഈ പ്രിയ താരത്തിന്റെ വരുമാനസ്രോതസുകള്‍ എന്തെല്ലാമാണ്? ക്രിക്കറ്റ് കളിക്കളത്തിന് പുറത്തുവന്ന ശേഷം കരിയറില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചു? പരിശോധിക്കാം. 

ചെറിയ മീനല്ല

ക്രിക്കറ്റില്‍ വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ജഡേജയുടെ വരവ്. ഇന്ത്യയിലെ  ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് അറിയപ്പെടുന്നത് രഞ്ജി ട്രോഫിയുടെ പേരിലാണല്ലോ. എന്നാല്‍ ആ പേര് വന്നതെങ്ങനെയെന്നറിയാമോ...ജഡേജയുടെ ബന്ധു രഞ്ജിത് സിങ്ങിനുള്ള ആദരമാണത്. 1907 മുതല്‍ 1933  വരെ നവാനഗര്‍ ഭരിച്ചിരുന്ന രഞ്ജിത് സിങ്ങിനെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിതാവായി വിശേഷിപ്പിക്കുന്നത്. പ്രശസ്ത ക്രിക്കറ്ററായിരുന്ന കെ എസ് ദുലീപ് സിങ്ജിയും അജയ് ജഡേജയുടെ ബന്ധുവാണ്. ഇദ്ദേഹത്തിന്റെ പേരിലാണ് രാജ്യത്തെ പ്രീമിയര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്റായ ദുലീപ് ട്രോഫി അറിയപ്പെടുന്നത്. 

ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തിലുമെല്ലാം ഒരു കാലത്ത് ആരാധകരുടെ ആവേശമായിരുന്ന ജഡേജ പരസ്യക്കമ്പനികളുടെയും ഇഷ്ടതാരമായിരുന്നു. പെപ്‌സി ഉള്‍പ്പടെ നിരവധി ബ്രാന്‍ഡുകളുടെ വിൽപ്പനയിൽ ജഡേജ പ്രത്യക്ഷപ്പെട്ട പരസ്യങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. 1992നും 2000ത്തിനും ഇടയ്ക്ക് 196 രാജ്യാന്തര ഏകദിനങ്ങളിലും 15 ടെസ്റ്റ് മാച്ചുകളിലും ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞു ജാംനഗര്‍ രാജകുടുംബാംഗമായ അജയ് ജഡേജ. 

അജയ് ജഡേജ.  (Photo by TAUSEEF MUSTAFA / AFP)
അജയ് ജഡേജ. (Photo by TAUSEEF MUSTAFA / AFP)

വരുമാന സ്രോതസുകള്‍ ഏതെല്ലാം?

ക്രിക്കറ്റ് ടീമുകളുടെ ഇഷ്ട ഹീറോ–പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും പുറത്തുപോന്ന ശേഷം വിവിധ ടീമുകള്‍ക്ക് വേണ്ടി മെന്ററിങ് നടത്തുന്നതിലൂടെ ജഡേജയ്ക്ക് കാര്യമായ വരുമാനം ലഭിക്കുന്നു. ഡല്‍ഹി ക്രിക്കറ്റ് ടീമിന്റെ കോച്ചെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. അതിന് ശേഷം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായും ജഡേജ തിളങ്ങി. 2023 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഗംഭീര പ്രകടനമായിരുന്നു അവര്‍ നടത്തിയത്. നാല് മാച്ചുകള്‍ ജയിച്ചു. ഇംഗ്ലണ്ടിനെ വരെ തോല്‍പ്പിച്ചു. ജഡേജയുടെ മൂല്യമുയര്‍ത്തി അഫ്ഗാന്റെ പ്രകടനം. 

ക്രിക്കറ്റ് വിദഗ്ധന്‍

ജഡേജയുടെ മറ്റൊരു പ്രധാന വരുമാന സ്രോതസ് ക്രിക്കറ്റ് കമന്ററിയും ചര്‍ച്ചകളുമാണ്. ആജ്തക്ക്, എന്‍ഡിടിവി പോലുള്ള പ്രമുഖ ചാനലുകളില്‍ താരം ക്രിക്കറ്റ് മാച്ച് വിലയിരുത്തുന്നു. ഐപിഎല്‍ സീസണില്‍ മികച്ച ഡിമാന്‍ഡുള്ള ക്രിക്കറ്റ് അനലിസ്റ്റാണ് ജഡേജ. 

അജയ് ജഡേജ അഫ്ഗാൻ ടീമിനൊപ്പം
അജയ് ജഡേജ അഫ്ഗാൻ ടീമിനൊപ്പം

സിനിമയും റിയാലിറ്റി ഷോയും

2003ല്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു ജഡേജ. സണ്ണി ഡിയോളിനും സുനീല്‍ ഷെട്ടിക്കുമൊപ്പം ഖേല്‍ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിന് ശേഷം വിനോദ് കാംബ്ലിക്കൊപ്പവും അഭിഷേഖ് കപൂറിനൊപ്പവും സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചു. സിനിമയ്ക്ക് പുറമെ സെലിബ്രിറ്റി ഡാന്‍സ് ഷോയിലും താരമെത്തി. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

English Summary:

Discover how former Indian cricket star Ajay Jadeja went from facing a match-fixing ban to becoming the heir apparent of Nawanagar and one of India's richest sports personalities. Explore his diverse career path and royal lineage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com