ADVERTISEMENT

സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. കഴി‍ഞ്ഞ രണ്ടുദിവസമായി കിതച്ചും കുതിച്ചും നീങ്ങിയവിലയിൽ ഇന്ന് നേരിയ ഇടിവ്. കേരളത്തിൽ ഗ്രാമിന് 10 രൂപ താഴ്ന്ന് വില 7,275 രൂപയായി. 80 രൂപ കുറഞ്ഞ് പവൻവില 58,200 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,995 രൂപയായി. വെള്ളിവില ഗ്രാമിന് 100 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. നികുതിയും ഹോൾമാർക്ക് ഫീസും പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) സഹിതം ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണത്തിന് നൽകേണ്ട കുറഞ്ഞവില 63,000 രൂപയാണ്. ഒരു ഗ്രാം ആഭരണത്തിന് 7,875 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വേറിട്ടുനിൽക്കും.

എന്തുകൊണ്ട് ചാഞ്ചാട്ടം?
 

രാജ്യാന്തരവിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്നലെ ഒരുവേള ഔൺസിന് 2,700 ഡോളറിന് മുകളിലേക്ക് തിരിച്ചുകയറിയ വില, ഇന്ന് 13 ഡോളറോളം ഇടിഞ്ഞ് 2,684 ഡോളറിലായി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ യുഎസ് ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) ക്രിപ്റ്റോകറൻസികളുടെ വില വർധനയുമാണ് കഴിഞ്ഞദിവസങ്ങളിൽ സ്വർണത്തെ വീഴ്ത്തിയതെങ്കിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കൂടി കുറച്ചതാണ് ഇന്നലെ വില കൂടാനിടയാക്കിയത്. 

Image : Shutterstock/sasirin pamai
Image : Shutterstock/sasirin pamai

യുഎസ് ഫെഡിന്റെ നടപടിയെ ഗൗനിക്കാതെ ഡോളർ വീണ്ടും കരുത്താർജ്ജിച്ചതോടെ ഇന്ന് സ്വർണവില വീണ്ടും താഴേക്കിറങ്ങുകയായിരുന്നു. നിലവിൽ യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ ഡോളർ ഇൻഡെക്സ് ഏറെ വർഷങ്ങളായി 100-106 നിലവാരത്തിലാണുള്ളത്. ഇത് 107-108 തലത്തിലേക്ക് ഉയർന്നാലേ സ്വർണവിലയിൽ വീണ്ടും വൻ വീഴ്ചകൾക്ക് സാധ്യതയുള്ളൂ എന്ന് ചില നിരീക്ഷകർ വാദിക്കുന്നുണ്ട്. 

ഇനി വില എങ്ങോട്ട്?
 

ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ കരുതൽശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന ട്രെൻഡ് ശക്തമായതിനാൽ സ്വർണവില വർധിക്കാനുള്ള സാധ്യത ഏറെയാണെന്നും നിരീക്ഷകർ പറയുന്നു. ട്രംപിന്റെ വിജയവും അദ്ദേഹം ചുമതലയേറ്റശേഷം നടപ്പാക്കിയേക്കാവുന്ന സാമ്പത്തിക തീരുമാനങ്ങളും സ്വർണവിലയിൽ ഹ്രസ്വകാല ഇടിവിന് വഴിവച്ചേക്കാം. എന്നാൽ, ദീർഘകാലത്തിൽ രാജ്യാന്തരവില ഔൺസിന് 3,000 ഡോളർ‌ ഭേദിക്കാനുള്ള സാധ്യത നിരീക്ഷകർ തള്ളുന്നില്ല. 2025ന്റെ അവസാനമാസങ്ങളിൽ വില 3,000 ഡോളർ കടന്നേക്കാം. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 75,000 രൂപ ഭേദിക്കും.

English Summary:

Gold Dips Again in Kerala: What's Driving the Fluctuation? : Gold prices in Kerala see a slight dip today, with silver prices remaining unchanged. The fluctuation in gold prices is linked to global trends, including the impact of the US Federal Reserve and cryptocurrency trends. Find out why gold prices fluctuate and where they might be headed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com