കൊച്ചിയിലെ 4,700 കോടിയുടെ എൽഎൻജി പദ്ധതിക്ക് പുതിയ കരുത്ത്; നാഷണല് ഗ്രിഡിലേക്ക് ഇനി ചെറുദൂരം, കാത്തിരിക്കുന്നത് വൻ നേട്ടം
Mail This Article
പ്രകൃതിവാതകത്തിന്റെ ദേശീയ ഗ്രിഡിൽ (നാഷണൽ ഗ്യാസ് ഗ്രിഡ്) ഇടംപിടിക്കാൻ ഇനി കൊച്ചിക്ക് മുന്നിൽ ചെറിയ ദൂരം മാത്രം. ദേശീയ ഗ്രിഡിൽ ഇടംപിടിച്ചാൽ കൊച്ചിയിൽ നിന്നുള്ള പ്രകൃതിവാതകം (നാച്ചുറൽ ഗ്യാസ്) പൈപ്പ്‍ലൈൻ വഴി ഇന്ത്യയിൽ എവിടെയും വിതരണം ചെയ്യാം. റോഡ് മാർഗം ടാങ്കർ ലോറികളിലും മറ്റും നീക്കം ചെയ്യേണ്ടതില്ലെന്നതാണ് നേട്ടം.
കൊച്ചിയിൽ നിന്ന് പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി, സേലം വഴി ബെംഗളൂരുവിലേക്ക് ഗെയിൽ ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കുന്ന പ്രകൃതിവാതക പൈപ്പ്‍ലൈൻ പദ്ധതി 2025 മാർച്ച്-ഏപ്രിലിൽ പൂർത്തിയായേക്കും. നിലവിലെ കരാർ പ്രകാരം മാർച്ചിലാണ് പദ്ധതി പൂർത്തിയാക്കേണ്ടതെങ്കിലും നിർമാണപ്രവർത്തനങ്ങൾ ഏപ്രിൽവരെ നീണ്ടേക്കാമെന്ന് ഗെയിൽ അധികൃതർ 'മനോരമ ഓൺലൈനിനോട്' പറഞ്ഞു. പൈപ്പ്‍ലൈൻ പദ്ധതി പൂർത്തിയാക്കി, കമ്മിഷൻ ചെയ്യുന്നതോടെ കൊച്ചി ദേശീയ ഗ്രിഡിൽ ഇടംനേടും.
എറണാകുളം വല്ലാർപാടത്തിന് സമീപം പുതുവൈപ്പിൽ പെട്രോനെറ്റ് എൽഎൻജി സ്ഥാപിച്ച എൽഎൻജി ടെർമിനലിൽ നിന്നുള്ള പ്രകൃതിവാതകമാണ് പൈപ്പ്‍ലൈൻ വഴി വിതരണം ചെയ്യുക. നിലവിൽ കൊച്ചിയിൽ നിന്ന് പാലക്കാട് കൂറ്റനാട് വഴി, മലബാർ ജില്ലകളിലൂടെ മംഗലാപുരത്തേക്ക് പൈപ്പ്‍ലൈനുണ്ട്. മൂന്നുവർഷത്തോളം മുമ്പ് കമ്മിഷൻ ചെയ്ത ഈ പദ്ധതി വഴിയാണ് മലബാർ ജില്ലകളിൽ സിറ്റി ഗ്യാസ് (പാചകാവശ്യത്തിനുള്ള പ്രകൃതിവാതകം അഥവാ പിഎൻജി) വിതരണവും വാഹന ഇന്ധനമായ സിഎൻജിയുടെ വിതരണവും. മംഗലാപുരത്തെ നിരവധി വ്യവസായശാലകളും പെട്രോനെറ്റ് എൽഎൻജിയുടെ ഉപഭോക്താക്കളാണ്.
കൊച്ചി-ബെംഗളൂരു പൈപ്പ്‍ലൈനിന്റെ കോയമ്പത്തൂർ വരെയുള്ള നിർമാണം പൂർത്തിയാകുകയും നിലവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) കോയമ്പത്തൂർ മേഖലയിൽ സിറ്റി ഗ്യാസ് വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ദേശീയപാതയ്ക്ക് അനുബന്ധമായാണ് കോയമ്പത്തൂർ മുതൽ ബെംഗളൂരു വരെയുള്ള പൈപ്പ്‍ലൈൻ തമിഴ്നാടിന്റെ പരിധിയിൽ പ്രധാനമായും സ്ഥാപിക്കുന്നത്.
നേട്ടം കൊയ്യാൻ എൽഎൻജി ടെർമിനലും
കൊച്ചി-ബെംഗളൂരു ഗെയിൽ പൈപ്പ്‍ലൈൻ പദ്ധതി പൂർത്തിയാകുമ്പോൾ പുതുജീവൻ ലഭിക്കുന്നത് പെട്രോനെറ്റ് എൽഎൻജിയുടെ കൊച്ചി പുതുവൈപ്പിലെ ടെർമിനലിന് കൂടിയാണ്. 4,700 കോടി രൂപ നിക്ഷേപത്തോടെ സ്ഥാപിച്ച ടെർമിനൽ 2013ലാണ് കമ്മിഷൻ ചെയ്തത്. കൊച്ചി-കൂറ്റനാട്-മംഗളൂരു ഗെയിൽ പൈപ്പ്‍ലൈനും സംസ്ഥാനത്ത് സിറ്റി ഗ്യാസ് പദ്ധതികളും ആരംഭിക്കുന്നതിന് മുമ്പ് മൊത്തംശേഷിയുടെ 5 ശതമാനത്തോളം മാത്രം പ്രയോജനപ്പെടുത്താനേ പെട്രോനെറ്റിന് കഴിഞ്ഞിരുന്നുള്ളൂ.
പ്രതിവർഷം 5 മില്യൺ മെട്രിക് ടൺ (എംഎംടിപിയു) ശേഷിയുള്ള രണ്ട് സ്റ്റോറേജ് ടാങ്കുകളാണ് കൊച്ചി ടെർമിനലിലുള്ളത്. പ്രതീക്ഷിച്ചത്ര ഉപയോഗം (യൂട്ടിലൈസേഷൻ) ഇല്ലാതിരുന്നതിനാൽ നേരത്തേ ടാങ്ക് പാട്ടത്തിന് നൽകാനുള്ള നടപടികളിലേക്കും പെട്രോനെറ്റ് കടന്നിരുന്നു. നിലവിൽ കൊച്ചി-മംഗളൂരു, കൊച്ചി-കോയമ്പത്തൂർ പൈപ്പ്‍ലൈൻ, കേരളത്തിൽ സിറ്റി ഗ്യാസ് പദ്ധതികൾ സജീവമായതോടെ മൊത്തം ശേഷിയുടെ 22 ശതമാനത്തിലേക്ക് ഉപയോഗം എത്തിയിട്ടുണ്ട്.
കൊച്ചി-ബെംഗളൂരു പൈപ്പ്‍ലൈൻ യാഥാർഥ്യമാകുകയും ദേശീയ ഗ്രിഡിൽ ഇടംപിടിക്കുകയും ചെയ്യുന്നതോടെ യൂട്ടിലൈസേഷൻ 50 ശതമാനത്തിലേക്ക് എത്തുമെന്ന് പെട്രോനെറ്റ് എൽഎൻജി ഡയറക്ടർ (ഫിനാൻസ്) വിനോദ് കുമാർ മിശ്ര പറഞ്ഞു. പെട്രോനെറ്റ് എൽഎൻജിയുടെ ജൂലൈ-സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിടുന്നതിനോട് അനുബന്ധിച്ച ഏർണിങ്സ് കോൺഫറൻസ് കോളിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയിൽ നിന്ന് തമിഴ്നാട് വഴിയുള്ള പൈപ്പ്‍ലൈൻ, തമിഴ്നാട്ടിലെ വ്യവസായമേഖലകൾക്കും അതിവേഗവും സുഗമമായും പ്രകൃതിവാതകം നേടാൻ സഹായകമാകും. ദക്ഷിണേന്ത്യയുടെ പ്രകൃതിവാതക ഹബ്ബായി മാറാനും ഇതോടെ കൊച്ചിക്ക് കഴിയും.
പെട്രോനെറ്റിന്റെ ലാഭവും ഓഹരിയുടെ പ്രകടനവും
കൊച്ചി ടെർമിനലിന്റെ യൂട്ടിലൈസേഷൻ വർധിക്കുന്നത് പെട്രോനെറ്റ് എൽഎൻജിക്ക് സാമ്പത്തികമായും നേട്ടമാകും. ഗുജറാത്തിലെ ദഹേജിലെ കമ്പനിയുടെ മറ്റൊരു എൽഎൻജി ടെർമിനൽ. ഏതാണ്ട് കൊച്ചിക്കൊപ്പം തന്നെയാണ് പ്രവർത്തനം തുടങ്ങിയതെങ്കിലും ദഹേജിൽ യൂട്ടിലൈസേഷൻ നടപ്പുവർഷം (2024-25) ജൂലൈ-സെപ്റ്റംബറിൽ 98 ശതമാനമായിരുന്നു. ഏപ്രിൽ-ജൂണിൽ 109 ശതമാനവും. ദഹേജിൽ നിന്നുള്ള വാതകവിതരണം കഴിഞ്ഞപാദത്തിൽ 210 ട്രില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിൽ (ടിബിടിയു) നിന്ന് 239 ടിബിടിയു ആയും വർധിച്ചിരുന്നു. കൊച്ചിയിൽ ഇത് 20 ടിബിടിയുവിനും താഴെയാണ്.
കൊച്ചി-ബെംഗളൂരു പൈപ്പ്‍ലൈൻ യാഥാർഥ്യമാകുന്നതോടെ, കൊച്ചി ടെർമിനലിലെ വാതകവിതരണത്തിലും ഉണർവുണ്ടാകും. സെപ്റ്റംബർപാദത്തിൽ 848 കോടി രൂപയായിരുന്നു പെട്രോനെറ്റിന്റെ ലാഭം. മുൻവർഷത്തെ സമാനപാദത്തിലെ 818 കോടി രൂപയിൽ നിന്നാണ് വളർച്ച. നിലവിൽ 313.90 രൂപയാണ് എൻഎസ്ഇയിൽ കമ്പനിയുടെ ഓഹരിവില. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 384.20 രൂപയാണ് കഴിഞ്ഞ 52-ആഴ്ചയിലെ ഉയരം. 47,000 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 58% നേട്ടം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ പക്ഷേ, ഓഹരിവില 11% താഴേക്കുംപോയി.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)