ADVERTISEMENT

അബുദാബി ∙ രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. ഗൾഫ് കറൻസികളുടെ മൂല്യത്തിലും ചലനമുണ്ടായതോടെ രൂപ റെക്കോർഡ് തകർച്ചയിലായി. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23 രൂപയായിരുന്നു ഓൺലൈൻ നിരക്ക്. ഇതാദ്യമായാണ് 23 രൂപയിൽ എത്തുന്നത്.

യുഎഇയിലെ പ്രമുഖ ആപ്പുകളായ ബോട്ടിം ഒരു ദിർഹത്തിന് 22.99 രൂപയും ഇത്തിസലാത്തിന്റെ ഇ ആൻഡ് മണി ആപ് 22.96 രൂപയും വാഗ്ദാനം ചെയ്തപ്പോൾ രാജ്യത്തെ വിവിധ ധനവിനിമയ സ്ഥാപനങ്ങൾ നൽകിയത് 22.86 മുതൽ 22.89 രൂപ വരെ.

global-currency-trends-expats-benefit-from-rupee-depreciation-3

സൗദി റിയാൽ 22.48 രൂപ, ഖത്തർ റിയാൽ 23.17 രൂപ, ഒമാൻ റിയാൽ 219.33 രൂപ, ബഹ്റൈൻ ദിനാർ 224.04 രൂപ, കുവൈത്ത് ദിനാർ 274.51 രൂപ എന്നിങ്ങനെയാണ് ഇതര ജിസിസി രാജ്യങ്ങളിലെ കറൻസികളുടെ രാജ്യാന്തര വിനിമയനിരക്ക്. ഇതിൽ 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകുന്നത്. മെച്ചപ്പെട്ട നിരക്കിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പ്രവാസികൾ നാട്ടിലേക്കു പണം അയച്ചപ്പോൾ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഒഴുകിയത് കോടികളാണ്. 

global-currency-trends-expats-benefit-from-rupee-depreciation-4

ഓൺലൈൻ ആപ് വഴി മികച്ച നിരക്ക് ലഭിക്കുന്നതിനാലും സർവീസ് ചാർജ് കുറവായതിനാലും നാട്ടിലേക്കു പണമയയ്ക്കാൻ പലരും ആശ്രയിക്കുന്നത് ഇവയെയാണ്. ഏതു സമയത്തും എവിടെയിരുന്നും ആപ്പിലൂടെ പണം അയയ്ക്കാമെന്നതും സൗകര്യമാണ്. ധനവിനിമയ സ്ഥാപനങ്ങളിലൂടെ ഒരുതവണ പണം അയയ്ക്കുന്നതിന് 23 ദിർഹം (528 രൂപ) ഈടാക്കുന്നത് കാരണം പലരും സുഹൃത്തുക്കളുടെ സഹായത്തോടെ ആപ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇടപാടുകൾ കുറഞ്ഞതോടെ സ്വന്തം ആപ് പുറത്തിറക്കി ഉപഭോക്താക്കളെ കൂടെ നിർത്താൻ പാടുപെടുകയാണ് എക്സ്ചേഞ്ചുകൾ.

മങ്ങി, സ്വർണവും
യുഎസ് പ്രസിഡന്റായി ഡോണൾ‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ ഡോളർ ശക്തിപ്രാപിച്ചതാണ് രൂപയ്ക്കും സ്വർണത്തിനും ഇടിവുണ്ടാകാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇതോടെ, വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിലെ നിക്ഷേപം പിൻവലിച്ച് ഡോളറിലേക്കു മാറുന്നതും വർഷാവസാനത്തോടെ ലാഭമെടുത്ത് ഇന്ത്യൻ വിപണിയിൽനിന്ന് പിൻവാങ്ങുന്നതും രൂപയ്ക്ക് തിരിച്ചടിയായി. മേഖലയിലെ അസ്ഥിരതയും ഡോളറിനു കരുത്തുകൂട്ടി. വിപണിയിൽ ഇപ്പോൾ ഇടപെടേണ്ട കാര്യമില്ലെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കടുത്ത നിലപാടും രൂപയെ തകർച്ചയിലേക്കു നയിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടി. ഈ നില തുടർന്നാൽ ഡോളറിന് വൈകാതെ 83.45 രൂപ വരെ എത്തുമെന്നും സൂചിപ്പിച്ചു.

English Summary:

Global Currency Trends: Expats Benefit from Rupee Depreciation - Exchange rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com