ADVERTISEMENT

അബുബാദി ∙ ഒരു ഇന്ത്യക്കാരന്‍റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോർഡോടെ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്ന് ബെൽ റിങ്ങ് മുഴക്കി  തുടക്കംകുറിച്ചു. സർക്കാർ പ്രതിനിധികൾ ഉൾപ്പടെ ബെൽ റിങ്ങ് സെറിമണിക്ക് സാക്ഷിയായി.  ജിസിസിയിലെ നിക്ഷേപകരും ലോകത്തെ വിവിധിയടങ്ങളിലെ ലുലു ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പടെ ലൈവ് സ്ട്രീമിങ്ങിലൂടെ ട്രേഡിങ്ങിന് തുടക്കംകുറിച്ച നിമിഷത്തിൽ ഭാഗമായി.

യുഎഇയുടെയും ജിസിസിയുടെയും വികസനത്തിന് ലുലു നൽകിയ പങ്കാളിത്വം മാതൃകാപരമാണെന്നും പൊതു പങ്കാളിത്തിലേക്ക് കടന്നതോടെ കൂടുതൽ ജനകീയമാവുകയാണ് ലുലുവെന്നും യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു. യുഎഇ ഉൾപ്പടെ അറബ് രാജ്യങ്ങളിലെയും വിദേശ നിക്ഷേപകരുടെയും മികച്ച പങ്കാളിത്തമാണ് ലുലു റീട്ടെയ്ൽ ഓഹരികൾക്ക് ഉള്ളത്. ലിസ്റ്റിങ്ങ് ശേഷവും റീട്ടെയ്ൽ നിക്ഷേപകരിൽ നിന്ന് മികച്ച ഡിമാൻഡ് ലുലു റീട്ടെയ്ലിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ലുലുവിന്‍റെ റീട്ടെയ്ൽ യാത്രയിലെ ചരിത്രമുഹൂർത്തമാണ് എഡിഎക്സ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും ലുലു ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭിക്കുന്നതിനുള്ള പ്രയത്നം ലുലു തുടരും. മൂന്ന് വർഷത്തിനകം നൂറ് സ്റ്റോറുകളെന്ന ലക്ഷ്യത്തിലാണ് ലുലു. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച ആത്മവിശ്വാസത്തിന് ഏറ്റവും മികച്ച പിന്തുണ നൽകും. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ അടക്കം ലുലു റീട്ടെയ്ലിൽ ഭാഗമായ നിക്ഷേപ സ്ഥാപനങ്ങൾക്കും ലുലുവിന് ഉറച്ച പിന്തുണ നൽകുന്ന ഭരണനേതൃത്വങ്ങൾക്കും ലുലു ജീവനക്കാർക്കും നന്ദി പറഞ്ഞു. 

അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്‍റർനാഷനൽ ഇൻവെസ്റ്റ്മെന്‍റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, കുവൈറ്റ്  ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, ഖത്തർ  ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പടെ നിക്ഷേപകരാണ്. 

പ്രഫഷനൽ നിക്ഷേപക സ്ഥാപനങ്ങൾ കൂടാതെ ഐപിഒ തുടങ്ങി പതിനാറ് ദിവസത്തിനകം അരലക്ഷത്തിലേറെ വ്യക്തിഗത നിക്ഷേപകരാണ് ഓഹരി സബ്സ്ക്രൈബ് ചെയ്തത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരികൾ 30% ശതമാനമാക്കി ഉയർത്തിയിരുന്നു. അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിമാണ് ലുലു ഐപിഒക്ക് ലഭിച്ചത്.

25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. ഒക്ടോബർ 28 മുതൽ നവംബർ 5വരെയായിരുന്നു പ്രാരംഭ ഓഹരി വിൽപന. ആദ്യം 25 ശതമാനം ഓഹരികളാണ് ലിസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും ഡിമാൻഡ് വർധിച്ചതോടെ 30 ശതമാനമാക്കി ഉയർത്തിയിരുന്നു. 3.12 ലക്ഷം കോടി രൂപയുടെ സബ്സ്ക്രിബ്ഷൻ അപേക്ഷകളാണ് ലഭിച്ചത്. 89 ശതമാനം നിക്ഷേപ സ്ഥാപനങ്ങൾക്കും, 10 ശതമാനം റീട്ടെയ്ൽ നിക്ഷേപകർക്കും ഒരു ശതമാനം ഓഹരികൾ ജീവനകാർക്കുമായാണ് വകയിരുത്തിയത്. 574 കോടി ഡോളറാണ് ലുലു റീട്ടെയ്ലിന്‍റെ വിപണി മൂല്യം. 

നികുതിക്ക് ശേഷമുള്ള ലാഭത്തിന്‍റെ 75ശതമാനവും ലാഭവിഹിതമായി നൽകുന്നത് പരിഗണിക്കുമെന്ന് ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. ജിസിസിയിലും മറ്റ് രാഷ്ട്രങ്ങളിലുമുള്ള വിപുലീകരണ പദ്ധതികളും കൂടുതൽ നിക്ഷേപക സാന്നിദ്ധ്യം ഉറപ്പാക്കി. വിദേശരാജ്യത്ത് ഒരു മലയാളി സംരംഭകൻ തുടങ്ങിയ സംരംഭം ജിസിസി രാജകുടുംബാംഗങ്ങളുടെ അടക്കം നിക്ഷേപക പങ്കാളിത്വം നേടിയത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്.

English Summary:

Lulu Retail made history with the largest GCC listing by an Indian-owned company.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com