സാമ്പത്തികാസൂത്രണത്തിന് വേണ്ടത് പണമല്ല; സാമ്പത്തിക ലക്ഷ്യങ്ങളാണ്
Mail This Article
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമ്പത്തിക തീരുമാനങ്ങള്‍. എന്തെല്ലാം സാമ്പത്തിക തീരുമാനങ്ങളാണ് എടുക്കേണ്ടത്. ചരിത്രം പരിശോധിച്ചാല്‍ പല കാലഘട്ടങ്ങളില്‍ പല പ്രൊഡക്റ്റുകള്‍ ധനകാര്യമേഖലയില്‍ വന്നിട്ടുണ്ട്. എന്നാല്‍ ശീലങ്ങള്‍ ഒന്നുതന്നെയാണ് എന്നതാണ് വാസ്തവം. നമ്മുടെ പൂര്‍വികള്‍ സേവിങ്‌സ് ചെയ്തുകൊണ്ടിരുന്നത് കുടുക്കകളിലായിരുന്നു പിന്നീടത് ബാങ്ക് ഡിപ്പോസിറ്റിലേക്ക് മാറി. അതായത് ശൈലികള്‍ മാറി. ഈ സാമ്പത്തിക വര്‍ഷത്തിലും അതിന് മാറ്റമൊന്നുമുണ്ടാകില്ല, തീരുമാനങ്ങള്‍ അതുതന്നെയായിരിക്കും. സേവിങ്‌സ്, പക്ഷേ അത് അച്ചടക്കത്തോട് കൂടി ചെയ്യണം. അതിന് മികച്ച ഉദാഹരണമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ്. പണ്ടും ചെറിയ ചെറിയ നിക്ഷേപങ്ങള്‍ പലിയടങ്ങളിലായി നടത്തിയ തലമുറയാണ് നമുക്കുണ്ടായിരുന്നത്. ഇന്നും ചെയ്യേണ്ടത് അതുതന്നെയാണ്. സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ മാറിയിട്ടുണ്ടാകും, മ്യൂച്വല്‍ ഫണ്ട്, ചിട്ടികള്‍, റെക്കറിങ് ഡിപ്പോസിറ്റ്...അങ്ങനെ.
പലപ്പോഴും എല്ലാവരും പറയുന്ന കാര്യം തങ്ങളുടെ കൈയില്‍ സേവിങ്‌സ് ചെയ്യാനുള്ള പൈസ ഇല്ലെന്നായിരിക്കും. അതൊരിക്കലും ശരിയാണെന്ന് തോന്നുന്നില്ല. ആദ്യം സേവിങ്‌സിന് മാറ്റിവെച്ചിട്ട് വേണം ബാക്കി ചെലവുകളിലേക്ക് കടക്കാന്‍.
ആദ്യ തീരുമാനം
ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഒരു നിശ്ചിത തുക സേവിങ്‌സിനായി മാറ്റി വെക്കും എന്നതായിരിക്ക ഈ സാമ്പത്തിക വര്‍ഷം എടുക്കേണ്ട ആദ്യത്തെ തീരുമാനം. 25 മുതല്‍ 40 വയസ് വരെ റഗുലറായി ഇന്‍വെസ്റ്റ് ചെയ്തുകൊണ്ടിരിക്കണം. അവര്‍ക്ക് 10-15 വര്‍ഷം കഴിയുമ്പോള്‍ ഒരു ബള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റിനുള്ള സാധ്യതകളുണ്ടാവും. 25-40 വയസ്സിനിടയിലുള്ളവര്‍ക്ക് ബള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് നടന്നേക്കില്ല. അതുകഴിഞ്ഞാല്‍ ഇന്‍വെസ്റ്റ്‌മെന്റ് അസറ്റ് അലോക്കേഷന്‍ ആണ് പ്രധാനം. സാഹചര്യത്തിന് അനുസരിച്ച് ഏതില്‍ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യണം, ഏതില്‍ കുറവ് നടത്തണം എന്നെല്ലാം തീരുമാനിക്കേണ്ടതുണ്ട്.
ഇവിടെയാണ് ഒരു സ്മാര്‍ട് ഇന്‍വെസ്റ്ററുടെ പ്രസക്തി. ഡൈനാമിക് ആയി അസറ്റ് അലൊക്കേഷന്‍ നടത്തുന്നു സ്മാര്‍ട് ഇന്‍വെസ്റ്റര്‍. ഒരു ഉദാഹരണം നോക്കാം. നിങ്ങളുടെ കൈയിലെ 100 രൂപ ഇന്‍വെസ്റ്റ് ചെയ്യുകയാണെന്ന് കരുതുക. 20 രൂപ ഗോള്‍ഡ്, 20 രൂപ എഫ്ഡി, 20 രൂപ ഇക്വിറ്റി, 20 രൂപ ഇന്‍ഷുറന്‍സ്...ഇങ്ങനെ തരം തിരിച്ച് തുല്യമായി ഇന്‍വെസ്റ്റ് ചെയ്യുന്നതാണ് പരമ്പരാഗത രീതി. എന്നാല്‍ സ്മാര്‍ട് ഇന്‍വെസ്റ്റര്‍ അങ്ങനെയാകില്ല ചെയ്യുക. ഡൈനാമിക് ആയി ആസ്തി വകയിരുത്തല്‍ നടത്തും അയാള്‍. ഇന്ത്യ ഇപ്പോള്‍ കടുന്നപോകുന്ന സാമ്പത്തിക സാഹചര്യം പരിഗണിച്ച് ഇക്വിറ്റിയിലായിരിക്കും അയാള്‍ കൂടുതല്‍ നിക്ഷേപിക്കുക. അതിലേക്ക് ചിലപ്പോള്‍ 40 ശതമാനം വകയിരുത്തും. ഇതാണ് ഡൈനാമിക് അസറ്റ് അലൊക്കേഷന്‍.
റിട്ടയര്‍മെന്റ് മുന്നില്‍ കാണണം
നമ്മുടെയെല്ലാം ആക്റ്റീവ് ഇന്‍കം എന്ന് പറയുന്നത് സാലറി ഇന്‍കം, ബിസിനസ് ഇന്‍കം എന്നിവയാണ്. പാസീവ് ഇന്‍കം നിക്ഷേങ്ങളില്‍ നിന്ന് ലഭിക്കേണ്ട വരുമാനമാണ്. റിട്ടയര്‍മെന്റില്‍ ഇത് ഏറ്റവും കൂടുതല്‍ ആവശ്യമാണ്. ഇതിനായി എസ്‌ഐപി വളരെ നേരത്തെ തുടങ്ങിവയ്ക്കുകയാണ് ചെയ്യേണ്ടത്. മച്യൂരിറ്റി എത്തുമ്പോള്‍ കൃത്യമായ അസറ്റ് അലൊക്കേഷന്‍ നടത്തുക. നിക്ഷേപങ്ങളില്‍ നിന്ന് റിട്ടേണ്‍ ലഭിക്കുന്ന സാധ്യതകള്‍ തേടുകയാണ് അടുത്ത പടി. റിട്ടേണ്‍ രണ്ട് രീതിയില്‍ വരാം. ഫിക്‌സ്ഡ് ഡിപോസിറ്റ് ഉള്ളവര്‍ക്ക് പ്രതിമാസ വരുമാനം ലഭിക്കും. അസറ്റ്‌സ് ഹോള്‍ഡ് ചെയ്യുന്നവര്‍ക്ക് അതിനകത്ത് നിന്ന് വിത്‌ഡ്രോവല്‍ എടുക്കാം. ഓഹരി വിപണിയിലുള്ളവര്‍ക്ക് ഡിവിഡന്റ് എടുക്കാം...ഇങ്ങനെ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍കം ഉപയോഗിക്കാവുന്നതാണ്.
ആരോഗ്യപ്രതിസന്ധി വന്നാല്‍...
നമുക്ക് ഒരിക്കലും പ്ലാന്‍ ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ആരോഗ്യപരമായ പ്രതിസന്ധികള്‍. ജീവിതയാത്രയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ആരോഗ്യവുമായി ബന്ധപ്പെട്ടത്. അതുവരെയുള്ള എല്ലാ സേവിങ്‌സും ചിലപ്പോള്‍ ഈ പ്രതിസന്ധിയില്‍ ചെലവഴിക്കേണ്ടി വരും. എന്നാല്‍ ഇതിനൊരു പരിഹാരമേയുള്ളൂ. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക എന്നത്. മിനിമം 5 ലക്ഷം രൂപയുടെ കവറേജുള്ള പോളിസി എടുക്കണം. ആരോഗ്യ കാര്യത്തിൽ ഇന്‍ഷ്വേര്‍ഡ് ആകുക എന്നത് ഈ വര്‍ഷം എടുക്കേണ്ട പ്രധാന തീരുമാനമാണ്.
ട്രേഡിങ് വേണോ?
കൂടുതല്‍ ആളുകള്‍ ഓഹരി വിപണിയിലേക്ക് എത്തുന്ന സാഹചര്യമാണിപ്പോള്‍. ഇതിന് രണ്ട് വശമുണ്ട്. ഒന്ന് അവര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമാകാന്‍ കഴിയുന്നു എന്നതാണ്. എന്നാല്‍ പെട്ടെന്ന് പണമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് വരുന്ന പ്രവണത കൂടുന്നു എന്നതാണ് അതിന്റെ മറുവശം. ട്രേഡിങ് ഒരു പ്രൊഫഷനായി ചെയ്യേണ്ട കാര്യമാണ്. ജോലിയായി തന്നെ കാണണം. നിക്ഷേപമാണെങ്കില്‍ അത് വേണ്ട. ട്രേഡിങ്ങില്‍ ഗെയിം പോലെ ആകര്‍ഷകമായി കണ്ടാണ് പലരും വരുന്നത്. ട്രേഡിങ് പോസിറ്റീവാണ്. പക്ഷേ അത് പഠിച്ച്, ജോലിയായി പരിഗണിച്ച് വേണം ചെയ്യാന്‍. റിട്ടയര്‍മെന്റിലേക്ക് കടക്കുന്നവരോ റിട്ടയര്‍ ചെയ്തവരോ ആകണം ട്രേഡിങ് ചെയ്യേണ്ടതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ക്ക് മുഴുവന്‍ സമയം ഡെഡിക്കേറ്റ് ചെയ്യാന്‍ പറ്റും. അവരുടെ മൈന്‍ഡ് ഷാര്‍പ്പായിരിക്കും.
സഹായം തേടണോ
നമ്മുടെ ആവശ്യങ്ങള്‍ മനസിലാക്കി പരിഹാരം നല്‍കുന്ന ആളായിരിക്കണം രെു സാമ്പത്തിക ഉപദേശകന്‍, അയാളെ സാമ്പത്തിക കാര്യസ്ഥന്‍ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. സഹായം തേടി വേണോ നിക്ഷേപിക്കാന്‍ എന്ന ചോദ്യം വരുമ്പോള്‍ അതിനെ ഡോക്റ്ററെ കാണുന്ന പ്രക്രിയയോട് താരതമ്യം ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഒരു രോഗമുണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങളെല്ലാം നമുക്കറിയാം. ഡോക്റ്ററെ കാണാന്‍ പോകുമ്പോള്‍ അതിനെക്കുറിച്ച് ഗൂഗിളില്‍ തിരക്കി വിവരങ്ങള്‍ ശേഖരിച്ച്, പഠിച്ചായിരിക്കും ഡോക്റ്ററുടെ അടുത്ത് പോകുക. എന്നാല്‍ നമ്മള്‍ സ്വന്തമായി ചികില്‍സ ചെയ്യില്ല. ഇതുപോലെ തന്നെയാണ് സാമ്പത്തിക കാര്യങ്ങളും. ക്വാളിഫൈഡ് ആയിട്ടുള്ള സാമ്പത്തിക ഉപദേശകരുടെ അടുത്ത് വേണം പോകാന്‍. ഒപ്പം നമുക്ക് പ്രൊഡക്റ്റ്‌സിനെക്കുറിച്ച് അടിസ്ഥാന ധാരണ ഉണ്ടാകുകയും വേണം. ഹോളിസ്റ്റിക് ആയുള്ള സമീപനം വേണം കൈക്കൊള്ളാന്‍. നമ്മുടെ ആവശ്യങ്ങള്‍ മനസിലാക്കി പരിഹാരം നല്‍കുന്ന ആളായിരിക്കണം നല്ലൊരു സാമ്പത്തിക കാര്യസ്ഥന്‍.
∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.