ADVERTISEMENT

നികുതി മാത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യക്കാരുടെ ചർച്ചാ വിഷയം. ആദായ നികുതി കുറച്ചില്ല, ഓഹരി മൂലധന നികുതി കൂട്ടി, റിയൽ എസ്റ്റേറ്റ് നികുതി കൂട്ടി തുടങ്ങി ബജറ്റിന് ശേഷം പരാതികളുടെ പ്രവാഹമാണ്. എന്നാൽ 140 കോടി ഇന്ത്യക്കാരിൽ എത്രപേരാണ് നികുതി കൊടുക്കുന്നത് എന്ന് അറിയാമോ? വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ അത് ശതമാനക്കണക്കിൽ എത്ര വരും? ഏതു രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ നികുതി കൊടുക്കുന്നത്? വിശദമായി പരിശോധിക്കാം.

നികുതി കൊടുക്കൽ മധ്യവർഗക്കാരുടെ തലയിൽ
 

2023ൽ സർക്കാർ പങ്കിട്ട കണക്കുകൾ പ്രകാരം 2022-23ൽ വെറും 2.24 കോടി ഇന്ത്യക്കാർ അല്ലെങ്കിൽ ജനസംഖ്യയുടെ 1.6 ശതമാനം ആദായനികുതിയും കോർപ്പറേറ്റ് നികുതിയും ഉൾപ്പെടെ നികുതി അടച്ചത്. യുഎസിൽ ജനസംഖ്യയുടെ 43 ശതമാനം നികുതി അടയ്ക്കുമ്പോൾ ഇന്ത്യയിൽ ഇത് വെറും 2 ശതമാനം ആണ്.

5 ശതമാനം കമ്പനികൾ മാത്രമാണ് മൊത്തം കോർപ്പറേറ്റ് നികുതിയുടെ 97 ശതമാനം നൽകുന്നത്. അവരിൽ 150-ഓളം കമ്പനികൾ നികുതിയുടെ 40 ശതമാനം അടയ്ക്കുന്നു. 2022-23ൽ നികുതി റിട്ടേൺ സമർപ്പിച്ച 7.4 കോടി ഇന്ത്യക്കാരിൽ ഏകദേശം 5.16 കോടി ആളുകൾക്ക്, അതായത് 70 ശതമാനം  പേർക്ക് നികുതി ബാധ്യത ഇല്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ 2023ൽ പാർലമെന്റിൽ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നവരിൽ മുക്കാൽ ഭാഗത്തിനും ഇന്ത്യയിൽ നികുതി ബാധ്യതകൾ ഇല്ല എന്നർത്ഥം.

ആദായമില്ലാത്തത് കൊണ്ടാണോ നികുതി കൊടുക്കാത്തത്?

നിശ്ചിത ആദായം ഇല്ലാത്തതിനാലാണ് നികുതി കൊടുക്കാത്തവർ കൂടുന്നത് എന്ന വാദത്തിന് ഇന്ത്യയിൽ പ്രസക്തിയില്ല. മറിച്ച് അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്. 10 ലക്ഷം രൂപവരെയോ അതില്‍ കൂടുതലോ വരുമാനമുണ്ടെങ്കിലും അത് കണക്കിൽ പെടാത്തത് ആണെങ്കിൽ ആര് നികുതി പിരിക്കും എന്ന ചിന്താഗതിയാണ് ഭൂരിപക്ഷത്തിനും ഉള്ളത്. കച്ചവടക്കാർ തുടങ്ങി പലരും കറൻസി ഉപയോഗിച്ചുള്ള പണം കൈമാറ്റം മാത്രമാണ് നടത്തുന്നുന്നതെങ്കിൽ അതിനു കണക്കുമുണ്ടാകില്ല. ഇത്തരക്കാരെ ഒരുപരിധി വരെ ജിഎസ്‌ടിയിലൂടെ മനസിലാക്കാൻ സർക്കാരിന് സാധിക്കുമെങ്കിലും, അസംഘടിത മേഖലയിലൂടെ നികുതി വെട്ടിപ്പ് തുടർന്നാൽ സർക്കാരിന് വേറെ മാർഗം അവലംബിക്കേണ്ടതായി വരും. മുബൈയിൽ ഓട്ടോ റിക്ഷ ഓടിക്കുന്നവരിൽ പലർക്കും മാസം 30000 മുതൽ 50000 വരെ വരുമാനമുണ്ടെന്നു സമ്മതിക്കുമ്പോഴും അതിൽ നാലിലൊന്നു പോലും നികുതി വരുമാനത്തിലേക്ക് എത്തുന്നില്ല. വൻ വരുമാനമുണ്ടാക്കുന്ന പലരും നികുതി കൊടുക്കുന്നില്ല. ഡിജിറ്റൽ പണമിടപാടുകൾ കൂട്ടിയാൽ ഒരു പരിധി വരെ സർക്കാരിന് ആരിലൂടെ ആർക്ക് പണം ലഭിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കും. വരുന്ന കുറച്ചു വർഷങ്ങളിലൂടെ അതിലേക്ക് എത്താനാണ് സർക്കാർ ശ്രമിക്കുന്നത്. 

tax-3

ഏറ്റവും ഉയർന്ന ആദായ നികുതിയുള്ള രാജ്യങ്ങൾ
 

യൂറോപ്യൻ യൂണിയനിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഫ്രാൻസ് നികുതി ചുമത്തുന്ന കാര്യത്തിൽ ഏറെ കാര്യക്ഷമമാണ്. 45 ശതമാനം വരെ ഉയർന്ന നികുതി നിരക്ക് ഫ്രാൻസിനുണ്ട്. സ്പെയിനിലാകട്ടെ 47 ശതമാനം വരെ നികുതിയാണ് ചുമത്തുന്നത്. കൂടാതെ മറ്റു രാജ്യങ്ങളിലെ വരുമാനത്തിനും സ്പെയിൻ നികുതി ചുമത്തും. അയർലാൻഡിലാകട്ടെ 40 ശതമാനം വരെ നികുതി ഉണ്ട്. ലക്സംബർഗിലേക്ക് എത്തുമ്പോൾ അത് 42 ശതമാകും. ജർമനിയിൽ 45 ശതമാനം വരെ നികുതി അടയ്ക്കണം. നെതർലാൻഡിൽ 49.5 ശതമാനം വരെ ആദായ നികുതി ചുമത്തുന്നുണ്ട്.

സ്ലോവേനിയയിൽ ആദായ നികുതി സ്ളാബ് 50 ശതമാനം വരെയുണ്ട്. ഇസ്രയേലും ഉയർന്ന വരുമാനക്കാർക്ക് 50 ശതമാനം നികുതി ചുമത്തുന്നുണ്ട്. ബെൽജിയത്തിലാകട്ടെ 50 മുതൽ 54 ശതമാനം വരെയാണ് നികുതി. സ്വീഡനിലേക്ക്‌ വരുമ്പോൾ അത് 52.3 ശതമാനമാകും. 61 ശതമാനം വരെ നികുതി ചുമത്തിയിരുന്ന കാലവും സ്വീഡന് ഉണ്ടായിരുന്നു. നിശ്ചിത പരിധിക്കു മുകളിൽ വരുമാനമുള്ളവർക്ക് 55 ശതമാനം വരെ നികുതി ഓസ്ട്രിയ ചുമത്തുന്നുണ്ട്. ഡെന്മാർക്കിലും 53 ശതമാനം നികുതിയാണ് മുകൾ തട്ടിലുള്ളവർക്കുള്ളത്.

ഏഷ്യയിൽ കൂടുതൽ നികുതി ചുമത്തുന്നത് ജപ്പാനിലാണ്. ഏകദേശം 45 ശതമാനം നികുതിയാണ് ജപ്പാനിലുള്ളത്. ഫിന്‍ലാൻഡിലെ ഉയർന്ന നികുതി 44 ശതമാനമാണ്. ഐവറി കോസ്റ്റിലാണ് ലോകത്തെ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത്. ഉയർന്ന വരുമാനക്കാർക്ക് 60 ശതമാനമാണ് നികുതി. നികുതി അടയ്ക്കുന്ന രാജ്യങ്ങൾ തിരിച്ചു അവരുടെ ജനങ്ങൾക്ക് ആരോഗ്യ, വിദ്യാഭ്യാസ, സേവനങ്ങൾ ഒരു പരിധി വരെ സൗജന്യമായി നൽകുന്നുണ്ട്. നികുതിയിൽ നിന്നാണ് പ്രധാനമായും യൂറോപ്യൻ രാജ്യങ്ങൾ അതിനുള്ള വക കണ്ടെത്തുന്നത്. 50 ശതമാനത്തിൽ കൂടുതൽ ജനങ്ങൾ നികുതി അടയ്ക്കുന്ന അത്തരം സമ്പദ് വ്യവസ്ഥയിൽ കാര്യങ്ങൾ കുറെ കൂടി എളുപ്പമാകും. എന്നാൽ ഇന്ത്യയെ പോലുള്ള 2 ശതമാനം മാത്രം ജനങ്ങൾ ആദായ നികുതി അടയ്ക്കുമ്പോൾ സർക്കാർ സേവനങ്ങൾ തിരിച്ചു നൽകാൻ വേറെ വഴി കണ്ടെത്തേണ്ടി വരും.

കേന്ദ്ര സർക്കാരിന് കൂടുതൽ ഫലപ്രദമായി സാമൂഹ്യ സേവനങ്ങൾ നടപ്പിലാക്കാൻ നികുതി വരുമാനം സഹായിക്കും. എന്നാൽ 98 ശതമാനം ജനങ്ങളും നികുതി കൊടുക്കാത്ത ഒരു രാജ്യത്തിൽ കൂടുതൽപ്പേരെ നികുതി വലയിലേക്ക് ആക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഡിജിറ്റൽ ഇടപാടുകൾ ഒരുപരിധി വരെ അതിനു സർക്കാരിനെ സഹായിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

English Summary:

Tax in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com