കുറഞ്ഞ ശമ്പളം , പെൻഷനില്ല, നിറയെ സമ്മർദ്ദം..ദുരിതക്കയത്തിൽ സ്‌കൂൾ ടീച്ചർമാരുടെ ജോലി
Mail This Article
വീണ്ടും 'ടീച്ചേഴ്സ് ഡേ' എത്തുമ്പോൾ ടീച്ചർമാരുടെ സേവനങ്ങളെ കുറിച്ച് എല്ലാവരും വാനോളം വാഴ്ത്തിയാലും, അവർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനത്തെ കുറിച്ച് എല്ലാവരും മൗനം പാലിക്കുകയാണ്. മാനസിക സമ്മർദ്ദം, കുറഞ്ഞ ശമ്പളം ഇതൊക്കയാണ് പൊതുവെ ടീച്ചർമാർക്ക് കിട്ടുന്നത്. പൊതുമേഖലയിലെ അധ്യാപകർക്ക് നല്ല ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, സ്വകാര്യ മേഖലയിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ജോലിയ്ക്കനുസരിച്ച് ഇപ്പോഴും ശമ്പളം ലഭിക്കാത്ത വിഭാഗമാണ് സ്വകാര്യ മേഖലയിലെ ടീച്ചർമാർ.
കടുത്ത സമ്മർദ്ദം
പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകൾ ഈ മേഖലയിൽ ഉള്ളതിനാൽ പൊതുവെ സ്ത്രീകളോടുള്ള സാമൂഹ്യ ചൂഷണത്തിന്റെ ഭാഗമാണോ കുറഞ്ഞ വേതനവും, കൂടുതൽ ജോലിയും?
കുടുംബത്തിലെ ജോലികൾ എല്ലാം തീർത്ത് സ്‌കൂളിലേക്കുള്ള ഓട്ടം, അവിടെയും പിടിപ്പത് ജോലി, സാധാരണ സമ്മർദ്ദമേറുന്ന ജോലി ചെയ്യുമ്പോൾ നല്ല ശമ്പളം ലഭിക്കുന്നത് ടീച്ചർമാരുടെ കാര്യത്തിൽ പ്രായോഗികമല്ല എന്നതാണ് മാനേജ്മെന്റ് നിലപാട്. വൈകുന്നേരത്തോടെ തിരിച്ചു വീട്ടിലെത്തിയാലും വീണ്ടും ഉത്തര പേപ്പർ നോക്കുകയും, പിറ്റേന്ന് പഠിപ്പിക്കാനുള്ളത് തയാറാക്കുകയും വേണം. ഇങ്ങനെ നൂറു കൂട്ടം സമ്മർദ്ദങ്ങൾക്കിടയിലാണ് ഓരോ ടീച്ചർമാരും ജീവിതം ഹോമിച്ചു തീർക്കുന്നത്. മണിക്കൂറുകളോളം നിന്ന നിൽപ്പിൽ പഠിപ്പിക്കേണ്ടി വരുന്ന ടീച്ചർമാർ മാനസിക സമ്മർദ്ദത്തിന് പുറമെ കടുത്ത ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നു. നിന്ന് ജോലി ചെയ്യുന്ന ടീച്ചർമ്മാർക്ക് വെരികോസ് വെയിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, ഹോർമോൺ വ്യതിയാനങ്ങളും, ജീവിത ശൈലി രോഗങ്ങളുമെല്ലാം പൊതുവായുണ്ട് എന്ന് പഠനങ്ങൾ കാണിക്കുന്നു. മാനേജ്മെൻറ്റ് ചെലുത്തുന്ന സമ്മർദ്ദത്തിന് പുറമെ, കുട്ടികളുടെ മാതാപിതാക്കളുടെ പരാതികളും ആകുന്നതോടെ ടീച്ചറുടെ ജീവിതം ചെകുത്താനും, കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാകുന്നുണ്ട് എന്നും അനുഭവസ്ഥർ പറയുന്നു.
-
Also Read
ഈ മാസം നിക്ഷേപിക്കാനൊരു ഓഹരിയിതാ
കുറഞ്ഞ ശമ്പളം
ഒരു കൂലി പണിക്കാരന് ലഭിക്കുന്ന ശമ്പളത്തേക്കാൾ കുറവാണ് പല സ്വകാര്യ സ്‌കൂളുകളും ടീച്ചർമാർക്ക് നൽകുന്നത് എന്ന പരാതി പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ നിറയെയുണ്ട്. 6000 രൂപ ശമ്പളം ലഭിക്കുന്ന ടീച്ചർമാർ മുതൽ മാസം ഒരു ലക്ഷം വരെ ശമ്പളം ലഭിക്കുന്ന ടീച്ചർമാർ ഇന്ത്യയിൽ ഉണ്ട്. അതിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന ടീച്ചർമാരുടെ എണ്ണം തുലോം കുറവാണ്. ഭൂരിഭാഗത്തിനും 10,000 രൂപക്കും 30,000 രൂപയ്ക്കും ഇടയിലാണ് ശമ്പളം. അധിക ശമ്പളം ലഭിക്കുന്ന മുതിർന്ന ടീച്ചർമാരെ ഓരോ വർഷവും ഒഴിവാക്കി കുറഞ്ഞ ശമ്പളത്തിൽ പുതുമുഖങ്ങളെ എടുക്കാനും മാനേജ്മെന്റുകൾ ശ്രദ്ധിക്കുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും ഇല്ലാത്ത ഈ ജോലിക്ക് ഇപ്പോൾ ശനിയാഴ്ചകളിലും പല സ്‌കൂളുകളിലും പ്രവർത്തി ദിനമാണ്.
പഴഞ്ചൻ ചിന്താഗതി
സ്‌കൂളുകളിലെ ജോലി സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായതാണ് എന്ന പഴഞ്ചൻ ചിന്താഗതി വച്ച് പുലർത്തുന്നവരാണ് ഇതിലേക്ക് ഒട്ടും താല്പര്യമില്ലാതെ വന്നു പെട്ടുപോകുന്നത് എന്ന് സോഷ്യൽ മീഡിയയിൽ കഥകളുണ്ട്. സ്ത്രീകളും പെൺകുട്ടികളും ഇങ്ങനെ വരുമ്പോൾ ഡിമാൻഡിനേക്കാൾ ഈ മേഖലയിലെ 'ഓവർ സപ്ലൈ' മൂലം ശമ്പളം കുറയുന്നുണ്ട്. അതാണ് സ്‌കൂൾ മാനേജ്മെന്റുകൾ മുതലെടുക്കുന്നതും. അധികശമ്പളത്തിന് അപേക്ഷ വച്ചാൽ തന്നെ 'ആ ടീച്ചർ പിറ്റേന്ന് മുതൽ സ്‌കൂളിന് പുറത്തായിരിക്കും' എന്ന അനുഭവമുള്ളതുകൊണ്ട് ആരും അതിന് മെനക്കെടാറില്ല. ഓൺലൈൻ പ്ലാറ്റ് ഫോമുകളും ട്യൂഷനുകളുമാണ് സാധാരണ സ്‌കൂളുകളേക്കാൾ ഭേദം എന്ന് സാധാരണ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് പുറത്തു വരുന്ന ടീച്ചർമാർ ആണയിടുന്നത് അതുകൊണ്ടാണ്.