ഇസ്രായേൽ-ഇറാൻ സംഘർഷം ഇന്ത്യയിലെ സാധാരണക്കാരന്റെ വയറ്റത്തടിക്കുമോ? യുദ്ധം ആസന്നമോ?
Mail This Article
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. പൂർണ്ണ യുദ്ധത്തിലേക്ക് ഇപ്പോഴത്തെ സംഘർഷങ്ങൾ എത്തിച്ചേരുമോ എന്ന ഭയം എല്ലാ രാജ്യങ്ങൾക്കുമുണ്ട്. സ്ഥിതി വഷളായാൽ, അത് ആഗോള അസംസ്കൃത എണ്ണവിലയെ സാരമായി ബാധിക്കും. കാരണം ഇറാൻ പ്രധാന എണ്ണ ഉൽപ്പാദക രാജ്യമാണ്. കൂടാതെ ഇനിയൊരു യുദ്ധം കൂടി തുടങ്ങിയാൽ ഇന്ത്യയുടെ സ്വപ്ന വളർച്ച പദ്ധതികൾക്ക് അത് തുരങ്കം വയ്ക്കും. അതായത് എണ്ണ വിതരണം തടസ്സപ്പെടുന്നത് മാത്രമല്ല,ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ദൂരവ്യാപകമായ സ്വാധീനം ഇതുണ്ടാക്കും.
എണ്ണ വില
ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 75 ഡോളറായി ഉയർന്നതോടെ ഇന്ത്യയിൽ തുടർച്ചയായി മൂന്നാം ദിവസവും എണ്ണവില ഉയർന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിച്ചിട്ടുണ്ടെങ്കിലും ഊർജ ആവശ്യങ്ങൾക്കായി ഇന്ത്യ ഇപ്പോഴും ഗൾഫ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ഇറാൻ ഇസ്രയേലിനുനേരെ മിസൈൽ ആക്രമണം നടത്തിയതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള പൂർണ്ണമായ യുദ്ധം ഉണ്ടാകുമെന്ന ഭയത്തിൽ കാര്യങ്ങൾ അതിവേഗം വഷളാകുകയാണ്.
ഇസ്രായേലിനെതിരെ ഇറാന്റെ നേരിട്ടുള്ള ഏറ്റവും വലിയ ആക്രമണത്തെത്തുടർന്ന് ഇസ്രായേലും അമേരിക്കയും തിരിച്ചടിയ്ക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഇന്നും എണ്ണവില 3 ശതമാനത്തിലധികം ഉയർന്നത്. ഇറാന്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയെ നേരിടാൻ ഇസ്രായേൽ ലെബനനിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇത് വീണ്ടും സംഘർഷം വർദ്ധിപ്പിച്ചു. ഇന്ത്യ എണ്ണ, വാതക ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാൽ എണ്ണ വിലക്കയറ്റം പണപ്പെരുപ്പം കൂടുന്നതിനും സാമ്പത്തിക വളർച്ച മുരടിക്കുന്നതിനും ഇടയാക്കും.
റഷ്യൻ എണ്ണയുടെ കാര്യമോ?
ഓഗസ്റ്റിൽ ഇന്ത്യയുടെ ഇറക്കുമതിയിൽ റഷ്യൻ എണ്ണയുടെ പങ്ക് ഏകദേശം 36 ശതമാനം ആയി കുറഞ്ഞു. ഇത് തുടർച്ചയായ അഞ്ച് മാസത്തെ വളർച്ചയ്ക്ക് ശേഷം ഇടിവ് രേഖപ്പെടുത്തി. ജൂലൈയിൽ, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 44 ശതമാനം റഷ്യൻ എണ്ണയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ വിഹിതം ഓഗസ്റ്റിൽ 44.6 ശതമാനം ആയി ഉയർന്നു. ഇന്ത്യയിലേക്കുള്ള പ്രധാന വിതരണക്കാരിൽ ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളുണ്ട് എന്ന് ചുരുക്കം. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽഎൻജി) ഇന്ത്യയുടെ പ്രധാന വിതരണക്കാര്‍ ഖത്തറാണ്. ഫെബ്രുവരിയിൽ, എൽഎൻജി ഇറക്കുമതി 20 വർഷം കൂടി നീട്ടുന്നതിനായി ഖത്തറുമായി 78 ബില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യ ഒപ്പുവച്ചു. യുദ്ധം ഇന്ത്യയിലേക്കുള്ള നിർണായകമായ പ്രധാന ഷിപ്പിങ് റൂട്ടുകളെ തടസ്സപ്പെടുത്താം എന്നൊരു പ്രശ്‍നം കൂടി ഉണ്ട്. ഇറാനും ഇസ്രായേലും തമ്മിലുള്ള സമ്പൂർണ യുദ്ധം ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ട് പ്രധാന പാതകളെ തടസ്സപ്പെടുത്തും.(ചെങ്കടലും ഹോർമുസ് കടലിടുക്കും). ഇന്ത്യ റഷ്യയിൽ നിന്ന് ചെങ്കടൽ പാതയിലൂടെയാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. മേഖലയിൽ സംഘർഷം ഉണ്ടായാൽ, ആക്രമണങ്ങൾ ഒഴിവാക്കാൻ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി കൂടുതൽ ദൂരം പോകേണ്ടിവരും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതൽ നിർണായകമായത് ഹോർമുസ് കടലിടുക്കാണ്. അതിലൂടെ ഖത്തറിൽ നിന്ന് എൽഎൻജിയും ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നും എണ്ണയും ഇറക്കുമതി ചെയ്യുന്നു.
സ്ഥിതി വഷളാകും
ഒമാനും ഇറാനുമിടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിൽ അറബിക്കടലിലേക്ക് നയിക്കുന്ന നിർണായക കണ്ണിയായി പ്രവർത്തിക്കുന്നു. ഈ കടലിടുക്ക് ലോകത്തിലെ തന്നെ എണ്ണയുടെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗമാണ്. പേർഷ്യൻ ഗൾഫിലെ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളെ ലോകമെമ്പാടുമുള്ള റിഫൈനറികളുമായി ഇത് ബന്ധിപ്പിക്കുന്നു. ഈ റൂട്ട് തടഞ്ഞാൽ, അത് എണ്ണ ഇറക്കുമതിയിൽ കാര്യമായ കാലതാമസമുണ്ടാക്കും. ആഗോള ഊർജ വിലയിൽ ഗണ്യമായ വർദ്ധനവിന് കാരണമാകും. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും എൽഎൻജിയുടെ പകുതിയും ഹോർമുസ് വഴിയാണ് വരുന്നതെന്നതിനാൽ ഇന്ത്യ ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ റഷ്യയിൽ നിന്ന് വിലക്കുറവിൽ ലഭിക്കുന്നുണ്ടെങ്കിലും, ഇന്ത്യ ഗൾഫ് രാജ്യങ്ങളെയും എണ്ണയ്ക്കായി ആശ്രയിക്കുന്നുണ്ട്. ഭൗമ സംഘർഷം കൂടിയാൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള എണ്ണ വരവും തടസ്സപ്പെടാനിടയുണ്ട്.
പലിശ നിരക്കുകൾ
ഇന്ത്യ എണ്ണയുടെ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാൽ ഊർജ വിലയിലെ വർദ്ധനവ് മുഴുവൻ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാൻ സാധ്യതയുണ്ട്. അസംസ്കൃത എണ്ണവില ഉയർന്നാൽ എല്ലാ മേഖലയിലും വില വർദ്ധനവ് ഉണ്ടാകും. എണ്ണവിതരണത്തിലെ തടസ്സങ്ങളും, വില വർധനവും പണപ്പെരുപ്പത്തിലേക്ക് നയിച്ചേക്കാം. ഉയർന്ന എണ്ണ, വാതക വിലകൾ, അങ്ങനെ നേരിട്ട് പണപ്പെരുപ്പം വർദ്ധിക്കുന്നതിലേക്ക് നയിക്കും. ഇത് പലിശനിരക്ക് ഉയർന്ന നിലയിൽ നിലനിർത്താൻ ആർബിഐയെ പ്രേരിപ്പിക്കും. റിസർവ് ബാങ്ക് പലിശ കുറച്ചില്ലെങ്കിൽ അത് വീണ്ടും വളർച്ചയെ ബാധിച്ചേക്കാം. സർക്കാർ ഇന്ധനത്തിന് വൻതോതിൽ സബ്‌സിഡി നൽകുന്നതിനാൽ, എണ്ണവിലയിലെ ആഘാതം പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിക്കാൻ ഇടയുണ്ട്. മാത്രമല്ല ധനക്കമ്മിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമുണ്ടാകാം.
ഓഹരി വിപണി
പലിശ നിരക്കുകൾ ഉയർത്തിയാൽ ബിസിനസുകൾക്കും അത് ബുദ്ധിമുട്ടുണ്ടാക്കും. കൂടുതൽ പലിശ ഭാരം, കമ്പനികളുടെ ലാഭത്തെയും ബാധിക്കാൻ വഴിയുണ്ട്. ഇന്ത്യൻ ഓഹരി വിപണി ആഗോള ഓഹരി വിപണികൾക്കനുസരിച്ച് നീങ്ങുന്നതിനാൽ ഏതൊരു ആഗോള പ്രശ്നവും ഇന്ത്യയെയും ബാധിക്കും. ഇന്ത്യൻ സ്റ്റോക്കുകൾ ഇതിനകം പ്രീമിയം മൂല്യനിർണ്ണയത്തിൽ വ്യാപാരം നടക്കുന്നതിനാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ, നിലവിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്റ്റോക്ക് മാർക്കറ്റുകളിൽ ഒന്നായ ഇന്ത്യയിൽ നിന്ന് ശ്രദ്ധ മാറ്റാൻ സംഘർഷം ആഗോള നിക്ഷേപകരെ പ്രേരിപ്പിച്ചേക്കാം. അത്തരമൊരു സാഹചര്യത്തിൽ നിക്ഷേപകർ തങ്ങളുടെ മൂലധനം ഇന്ത്യൻ ഇക്വിറ്റികൾ പോലെയുള്ള അപകടസാധ്യതയുള്ള ആസ്തികളിൽ നിന്ന് ബോണ്ടുകളോ സ്വർണമോ പോലുള്ള സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയേക്കാം.
അസംസ്കൃത എണ്ണവില കൂടിയാൽ, ചരക്ക് നീക്കത്തിന് മാത്രമല്ല എല്ലാ മേഖലകളിലും സാധനങ്ങളുടെ വില കൂടുന്നതിനും കാരണമാകും .ഇത് വീണ്ടും പണപ്പെരുപ്പം കൂട്ടും. പണപെരുപ്പം കൂടുകയും, പലിശ നിരക്കുകൾ വർധിക്കുകയും ചെയ്യുന്നത് സാധാരണക്കാരെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക. ചുരുക്കത്തിൽ പറഞ്ഞാൽ ഇസ്രായേൽ ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് എത്തിയാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് അത് ദീർഘകാല പ്രത്യാഘതങ്ങളുണ്ടാക്കും.