സ്വർണപ്പണയം എവിടുന്നെടുക്കണം, ഈട് സ്വർണം വിൽക്കാനെന്ത് ചെയ്യും? ഈ വായ്പയെ അറിയാൻ ഏറെയുണ്ട്
Mail This Article
പതിനയ്യായിരത്തിലധികം സ്വർണ്ണക്കടകൾ പ്രവർത്തിക്കുന്ന കേരളത്തിൽ നൂറിലധികം സ്വർണക്കടകളുള്ള കൊച്ചു പട്ടണങ്ങൾ പോലുമുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വർണപ്പണയ വായ്പ നൽകുന്ന ബാങ്കിതര ധനകാര്യ കമ്പനികളുടെ ഒരു ശാഖയെങ്കിലും ഉണ്ടാകും. സ്വർണപ്പണയ വായ്പ കേരളീയരാണ് കണ്ടുപിടിച്ചത് എന്നാണ് പറയപ്പെടുന്നത്. സ്വർണപ്പണയവായ്പയെ കുറിച്ച് ഇനിയും അറിയാൻ ഏറെയുണ്ട്.
1. ഏതെല്ലാംതരം സ്വർണം സ്വീകരിക്കും?
വള, മാല തുടങ്ങി സ്വർണാഭരണങ്ങളാണ് വായ്പയ്ക്ക് പണയമായി എടുക്കുക. സ്വർണ നാണയം, ബിസ്കറ്റ്, ബാറുകൾ എന്നിവ പണയവസ്തുവായി സ്വീകരിക്കില്ല. ബാങ്കുകൾ പുറത്തിറക്കുന്ന 50 ഗ്രാം വരെയുള്ള സ്വർണനാണയങ്ങൾ ബാങ്കിതര സ്ഥാപനങ്ങൾ സ്വീകരിക്കുന്നുണ്ട്. സ്വർണവാച്ചുകൾ, വിഗ്രഹങ്ങൾ, വെള്ളി സ്വർണം, ഡയമണ്ട് ആഭരണങ്ങൾ, സ്വർണ ബാറുകൾ എന്നിവയൊന്നും പണയമായി സ്വീകരിക്കുന്നില്ല.
2. പരമാവധി എത്ര തുക?
ഓരോ സ്ഥാപനവും അവരവരുടെ വായ്പാനയം അനുസരിച്ചാണ് സ്വർണവായ്പതുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുള്ളത്. 10,000 രൂപമുതൽ 2 കോടി വരെ അനുവദിക്കുന്ന ബാങ്കുകളുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ 2 കോടി രൂപവരെ അനുവദിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യപോലുള്ള വാണിജ്യ ബാങ്കുകൾക്ക് 50 ലക്ഷംവരെയാണ് പൊതുവെയുള്ള പരിധി.
3. പണമായി കയ്യിൽക്കിട്ടുമോ?
വാണിജ്യബാങ്കുകൾ അതാതു ശാഖകളിൽ ഇടപാടുയോഗ്യമായ അക്കൗണ്ടുള്ളവർക്കു മാത്രമേ സ്വർണവായ്പ അനുവദിക്കൂ. തുക ബാങ്ക് അക്കൗണ്ടിലൂടെ നൽകുകയാണ് പതിവ്. ബാങ്കിതര സ്ഥാപനങ്ങൾക്ക് രൊക്കം പണമായി നൽകാവുന്ന പരമാവധി തുക 20,000 രൂപയാണ്. ആദായനികുതി നിയമപ്രകാരം റിസർവ് ബാങ്ക് നിശ്ചയിച്ചതാണിത്. ഇതിലും ഉയർന്ന തുക ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ടുകളിലൂടെയെ നൽകാനാകൂ.
4. കുറഞ്ഞ കാരറ്റിനു വായ്പ ലഭിക്കുമോ?
ഈടായിനൽകുന്ന ആഭരണത്തിന്‍റെ ശുദ്ധത അഥവാ കാരറ്റ് അടിസ്ഥാനമാക്കിയാണ് വായ്പാ തുക തീരുമാനിക്കുന്നത്. 24 കാരറ്റ് 100% പരിശുദ്ധ സ്വർണമാണ്. 22 കാരറ്റിൽ 91.6 ഉം 18 കാരറ്റിൽ 75 ഉം ശതമാനമാണ് സ്വർണത്തിന്റെ അളവ്. ഇന്ത്യ ബുള്ളിയൻ ആന്റ് ജുവലേഴ്സ് അസോസിയേഷൻ പ്രഖ്യാപിക്കുന്ന 22 കാരറ്റ് സ്വർണത്തിന്റെ കഴിഞ്ഞ 30 ദിവസത്തെ ശരാശരി വിലയാണ് വായ്പാത്തോത് തീരുമാനിക്കാൻ ബാങ്കുകൾ ഉപയോഗിക്കുന്നത്. നിലവിൽ 18 കാരറ്റിനു താഴെയുള്ളവയ്ക്ക് വായ്പ അനുവദിക്കാറില്ല. ഹാൾമാർക്ക് ആഭരണങ്ങൾക്ക് വായ്പ നൽകുന്നതിനാണ് മുൻഗണന നൽകുക.
5. സ്വർണ വില പൂർണമായും കിട്ടുമോ?
വാണിജ്യ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പണയസ്വർണത്തിന്റെ വിപണിവിലയുടെ 75% മാത്രമേ വായ്പയായി നൽകാൻ റിസർവ് ബാങ്ക് അനുവദിക്കുന്നുള്ളൂ.
ലോൺ ടു വാല്യു(LTV) അനുപാതം എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വർണവിലയിലെ ചാഞ്ചാട്ടംകൂടി കണക്കിലെടുത്താണ് ഓരോ സ്ഥാപനവും സ്വർണവായ്പാനയം നിശ്ചയിക്കുന്നത്. ഒരു ഗ്രാമിന് എത്ര രൂപ നിരക്കിൽ വായ്പ നൽകുമെന്നു നിശ്ചയിച്ച് അതാതു സമയത്തു പരസ്യപ്പെടുത്താറുണ്ട്. കോവിഡ് സമയത്ത് കാർഷികേതര ആവശ്യങ്ങൾക്ക് 90%വരെ ലോൺ ടു വാല്യു അനുപാതം അനുവദിച്ചിരുന്നു. എന്നാൽ മാർച്ച് 2021നുശേഷം അത് 75 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
6. എന്താണ് ബുള്ളറ്റ് തിരിച്ചടവു വായ്പ?
പരമാവധി 12 മാസത്തെ കാലാവധിക്കാണ് സ്വർണ വായ്പ അനുവദിക്കുക. വാർഷികനിരക്കിലാണ് പലിശ പറയുന്നതെങ്കിലും പലിശ മാസംതോറും കണക്കാക്കി മുതലിനോടു ചേർക്കും. മുതലും പലിശയുംകൂടി വായ്പാ കാലാവധി തികയുന്ന തീയതിക്ക് ഒറ്റത്തവണയായി തിരിച്ചടയ്ക്കുന്ന രീതിയിലുള്ളവയാണ് ബുള്ളറ്റ് തിരിച്ചടവ്.
7. സ്വർണപ്പണയ കരാർ കർശനമാണോ?
ജാമ്യവും സർവമുക്ത്യാറും ഒക്കെച്ചേർത്ത് ആവശ്യത്തിനു സ്റ്റാംപ് ചാർജും ഈടാക്കിക്കൊണ്ടാണ് സ്വർണവായ്പ കരാർ തയാറാക്കുക. അനുവദിച്ച കാലാവധിക്കു മുൻപ് എപ്പോൾ വേണമെങ്കിലും വായ്പ തിരിച്ചടയ്ക്കാൻ ബാങ്കിന് ആവശ്യപ്പെടാം. സ്വർണവില കുറഞ്ഞാൽ അധിക സ്വർണം പണയമായി നൽകുകയോ, വായ്പ മുൻകൂർ തിരിച്ചടയ്ക്കുകയോ ചെയ്യാമെന്നും കരാറിലുണ്ട്. ഇടപാടുകാരൻ ബാങ്കിനു നൽകാനുള്ള മറ്റു ബാധ്യതകളും സ്വർണവായ്പയ്ക്ക് ഈടായിനൽകിയ ആഭരണവിലയിൽനിന്നു പിടിച്ചെടുക്കാമെന്ന ചില വകുപ്പുകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകാം.
8. എവിടെനിന്നു വായ്പയെടുക്കണം?
വാണിജ്യബാങ്കിൽ പലിശ നിരക്ക്, പലിശ ചുമത്തുന്ന രീതി, മറ്റു ചെലവുകൾ എന്നിവ സംബന്ധിച്ച് വ്യക്തതയും സുതാര്യതയും കൂടുതലായിരിക്കും. അതേസമയം ബാങ്കിതര സ്ഥാപനങ്ങൾ ബാങ്കുകളെക്കാൾ ഉയർന്ന നിരക്കിൽ, വിപണിമൂല്യം അനുസരിച്ച് വായ്പാതോത് പരിഷ്കരിക്കും. വായ്പ തിരിച്ചുപിടിക്കുന്നതിലും വീഴ്ച വന്നാൽ പണയവസ്തു വിറ്റ് വായ്പ ക്ലോസ് ചെയ്യുന്നതിലും പൊതുവേ സാവകാശം നൽകുന്നില്ല. സ്വകാര്യസ്ഥാപനങ്ങൾ ദ്രുതഗതിയിൽ വായ്പ അനുവദിക്കും. പക്ഷേ, പലതിനും വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാനാകില്ല.
9. ഈടു സ്വർണം വിൽക്കുന്നതിനുള്ള ചട്ടങ്ങൾ എന്തെല്ലാം?
തിരിച്ചടവിലും കുടിശ്ശിക കണക്കാക്കുന്നതിലും നിഷ്ക്രിയ ആസ്തികളുടെ തരംതിരിവിലും മറ്റെല്ലാ വായ്പകളെയും പോലെ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ ബാധകമാണ്. പണയവസ്തു ലേലം ചെയ്യുന്നതിനു മുൻപായി വായ്പക്കാരന് നോട്ടിസ് നൽകണം. ലേലത്തിന് 30 ദിവസം മുൻപുള്ള, 22 കാരറ്റ് സ്വർണവിലയുടെ 85 ശതമാനത്തിൽ താഴെയല്ലാത്ത തുക റിസർവ് പ്രൈസായി കണക്കാക്കിവേണം ലേലം നടത്തുവാൻ. വായ്പയെടുത്ത ശാഖ സ്ഥിതിചെയ്യുന്ന പട്ടണത്തിലോ, താലൂക്കിലോ മാത്രമേ ലേലം നടത്താവൂ. വിറ്റുകിട്ടുന്നതിൽനിന്നു വായ്പത്തുക കിഴിച്ച് ബാക്കി തിരികെനൽകണം.
10. കാർഷിക സ്വർണപ്പണയ വായ്പയിലെ ആനുകൂല്യങ്ങൾ എന്തെല്ലാം?
പലിശയിലും അനുവദിക്കുന്ന വായ്പാതോത് കണക്കാക്കുന്നതിലുമാണ് പ്രധാന വ്യത്യാസം. ഓരോ വർഷവും സംസ്ഥാനതല ബാങ്കുകളുടെ സമിതി അംഗീകരിക്കുന്ന കാർഷികവിളകളുടെ കൃഷിച്ചെലവ് പട്ടികയനുസരിച്ച് കൃഷിചെയ്യുന്ന വിളയും സ്ഥലത്തിന്റെ വിസ്തീർണവുമാണ് വായ്പാതുക നിർണയിക്കുന്നത്. അപേക്ഷകന്റെ പേരിലോ, പാട്ടത്തിനെടുത്ത വസ്തുവിന്റെയോ വിസ്തീർണം സംബന്ധിച്ച ഭൂനികുതി രസീതുകൾ ആവശ്യപ്പെടും. അനുവദിക്കുന്ന തുകയ്ക്ക് അധിക പണയമായി ലോൺ ടു വാല്യു അനുപാതം അനുസരിച്ച് ആവശ്യമുള്ളത്ര ആഭരണം നൽകണം. മുൻഗണനാ വിഭാഗങ്ങളിൽ ഹ്രസ്വകാല കൃഷിക്ക് ഈടാക്കുന്ന കുറഞ്ഞ പലിശയായിരിക്കും വായ്പയ്ക്ക് നൽകേണ്ടിവരിക. ഓരോ വർഷവും സംസ്ഥാന സർക്കാർ അനുവദിക്കുന്ന പദ്ധതിപ്രകാരം കൃത്യസമയത്ത് തിരിച്ചടച്ചാൽ പലിശയുടെ 50% സബ്സിഡിയായി അനുവദിക്കുന്നു.
(പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ. മനോരമ സമ്പാദ്യം ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)