ADVERTISEMENT

കർഷകന് ദുരിതം മാത്രം എക്കാലവും മിച്ചം എന്ന അവസ്ഥ മാറുന്നില്ല എന്ന് തെളിയിക്കുന്ന ഒരു പഠനം കൂടി പുറത്തു വരുന്നു. ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ പ്രകാരം പഴങ്ങളുടെയും പച്ചക്കറികളുടെയും അന്തിമ വിൽപ്പന വിലയുടെ മൂന്നിലൊന്ന് മാത്രമാണ് ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്നത്. ബാക്കി തുക മൊത്തക്കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കുമാണ് പോകുന്നത് എന്ന് പഠനം ചൂണ്ടി കാണിക്കുന്നു.

 "ലാഭത്തിന്റെ ഭൂരിഭാഗവും മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും എടുക്കുന്നു. കർഷകർക്ക് ഒരു ചെറിയ വിഹിതം മാത്രമേ  നൽകുന്നുള്ളൂ. അന്തിമ വിലയുടെ 70 ശതമാനത്തോളം കർഷകർക്ക് ലഭിക്കുന്ന ഡയറി പോലുള്ള മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് തുലോം കുറവാണ്" എന്നാണ് പഠനം പറയുന്നത്.

മുട്ട ഉൽപ്പാദകർക്ക് അന്തിമ വിലയുടെ 75 ശതമാനം ലഭിക്കുന്നുണ്ട് . അതേസമയം കോഴി കർഷകർക്കും വില്പനക്കാർക്കും ഇറച്ചി വിലയുടെ 56 ശതമാനം ലഭിക്കുന്നു. എന്നാൽ കർഷകർക്ക് ഉപഭോക്തൃ വിലയുടെ 33 ശതമാനം മാത്രമാണ് ലഭിക്കുന്നത്.  തക്കാളിയുടെ 33 ശതമാനവും ഉള്ളിക്ക് 36 ശതമാനവും ഉരുളക്കിഴങ്ങിന് 37 ശതമാനവും മാത്രമാണ് ലഭിക്കുന്നത്. പഴക്കർഷകർക്ക് ആഭ്യന്തര വിപണിയിൽ വാഴപ്പഴത്തിന്റെ അന്തിമ വിലയുടെ 31 ശതമാനവും മുന്തിരിക്ക് 35 ശതമാനവും മാമ്പഴത്തിന് 43 ശതമാനവും ലഭിക്കും.

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങുകൾ  പോലെയുള്ള പ്രധാന പച്ചക്കറികളുടെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് പലപ്പോഴും അനുഭവപ്പെടുന്നുണ്ടെന്നും പഠനം എടുത്തുകാണിക്കുന്നു. ഇത് ക്രമരഹിതമായ മഴയോ തീവ്രമായ താപനിലയോ പോലുള്ള കാലാവസ്ഥ  ഘടകങ്ങൾ കാരണം വർഷത്തിൽ രണ്ടുതവണയെങ്കിലും സംഭവിക്കുന്നു. എന്നാൽ  ഈ വിലവർദ്ധന കർഷകർക്ക് ഉയർന്ന വരുമാനമായി മാറുന്നില്ല. കയറ്റുമതി വിപണിയിൽ, കർഷകർ മാമ്പഴത്തിന് കൂടുതൽ സമ്പാദിക്കുമ്പോൾ, മൊത്തം വില കൂടുതലാണെങ്കിലും മുന്തിരിയുടെ വില കുറച്ചു മാത്രമേ കർഷകന്റെ കൈയിലെത്തുന്നുള്ളൂ. ചുരുക്കി പറഞ്ഞാൽ കൃഷി ചെയ്യാൻ വായ്പയെടുത്ത് മാസങ്ങളോളം അധ്വാനിക്കുന്ന കർഷകന് ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ പണക്കിഴി പകുതി പോലും നിറയുന്നില്ല എന്നതാണ് അവസ്ഥ. 

  • Also Read

പരിഹാരം 

 വിലകളിലെ ചാഞ്ചാട്ടം കുറയ്ക്കുന്നതിന്സ്വകാര്യ ചന്തകൾ  വികസിപ്പിക്കുക, കാർഷിക ഉൽപന്നങ്ങൾക്കായുള്ള ഒരു ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോം ഉപയോഗം വർദ്ധിപ്പിക്കുക, കർഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുക, ഫ്യൂച്ചർ ട്രേഡിങ് പുനരാരംഭിക്കുക എന്നിവ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. കൂടുതൽ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ നിർമ്മിക്കുക, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്റ്റോറേജ് ഓപ്ഷനുകൾ പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സംസ്കരണ ശേഷി വർദ്ധിപ്പിക്കുക, പ്രോസസ്സ് ചെയ്ത  ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപഭോക്തൃ അവബോധം വളർത്തുക എന്നിവയാണ് പഠനത്തിൽ പറയുന്ന മറ്റ് പരിഹാരങ്ങൾ. കൂടാതെ, സുസ്ഥിരമായ വിതരണവും വിലയും ഉറപ്പാക്കുന്നതിന് മെച്ചപ്പെട്ട വിള ഇനങ്ങളിലൂടെയും പോളിഹൗസ് തക്കാളി കൃഷിയിലൂടെയും ഉത്പാദനക്ഷമത മെച്ചപ്പെടുത്താനും പഠനം ശുപാർശ ചെയ്യുന്നു

English Summary:

RBI study finds Indian farmers unrewarded despite rising food prices. Explore solutions like online trading, farmer collectives, improved storage, and more to empower farmers and stabilize prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com