ഇന്ത്യയിൽ വാങ്ങൽ താൽപ്പര്യം കുറയുന്നു, കോവിഡ് കാലത്തിനേക്കാൾ ഓഹരി വിപണിയിലും വിറ്റൊഴിയൽ
Mail This Article
കഴിഞ്ഞ ഒരു വർഷത്തിനിടെ സാധനങ്ങള്‍ വാങ്ങുന്നതിൽ ഇന്ത്യയിൽ കുത്തനെ കുറവുണ്ടായതായി കണക്കുകൾ. പണപ്പെരുപ്പം കൂടുമ്പോൾ സാധനങ്ങൾ വാങ്ങാൻ സാധിക്കാത്തതാണ് ഇതിനു കാരണം എന്നാണ് വിലയിരുത്തൽ. ദീപാവലിയിലും കാര്യങ്ങൾ ഉഷാറാകാത്തതിൽ ഉൽപ്പാദകർക്ക് ആശങ്കയുണ്ട്.
ഗ്രാമങ്ങളിൽ പ്രതീക്ഷ
പല വൻകിട ഉൽപ്പാദകരും ഡിമാൻഡ് കുറയുന്നതിനെ മറികടക്കാൻ ഉൽപ്പന്ന വില കുറയ്ക്കാൻ തയാറാകുന്നു. ഗ്രാമീണ വിപണികളിൽ വില കുറഞ്ഞാൽ കൂടുതൽ ഉൽപ്പന്നങ്ങൾ വിറ്റുപോകുമെന്നതിനാലാണ് ഇങ്ങിനെ ചെയ്യുന്നത്. മാഗി ഇൻസ്റ്റന്റ് നൂഡിൽസ് നിർമ്മാതാക്കളായ നെസ്‌ലെയും ബിസ്‌ക്കറ്റ് നിർമ്മാതാക്കളായ ബ്രിട്ടാനിയ ഇൻഡസ്‌ട്രീസും തങ്ങളുടെ ഉൽപ്പന്നങ്ങൾ വില കുറച്ചു. കൂടുതൽ കടകളിൽ ലഭ്യമാക്കുന്നതോടെ ഗ്രാമീണ ആവശ്യം ഉയരുമെന്നതിലാണ് പ്രതീക്ഷ അർപ്പിക്കുകയാണ്. നെസ്‌ലെ ഇന്ത്യ എട്ട് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ച രേഖപ്പെടുത്തി എന്ന കണക്ക് പുറത്തു വന്നതും ഇവിടെ കൂട്ടി വായിക്കാം. ഡവ് സോപ്പ് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ യുണീലിവർ ഉൾപ്പെടെയുള്ള ഉപഭോക്തൃ പ്രമുഖർ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാൻ വില കുറച്ചതിനാൽ ഗ്രാമീണ മേഖലകളിലെ വളർച്ച ജനുവരി-മാർച്ച് കാലയളവിൽ അഞ്ച് പാദങ്ങളിലാദ്യമായി നഗരപ്രദേശങ്ങളെ മറികടന്നു എന്ന റിപ്പോർട്ടുകൾ ഓഗസ്റ്റിൽ വന്നിരുന്നു. വരും പാദങ്ങളിൽ, ഗ്രാമീണ മേഖലകളിൽ നിന്നും ഡാബർ ഇന്ത്യയും, ഇമാമിയും കൂടുതൽ ഡിമാൻഡ് പ്രതീക്ഷിക്കുന്നുണ്ട്. മെച്ചപ്പെട്ട മൺസൂണും, സർക്കാരിന്റെ ഇടപെടലും വിപണിയെ ഉഷാറാക്കുമെന്നാണ് പ്രതീക്ഷ.
കോവിഡ് കാലത്തിനേക്കാൾ പണം പിൻവലിക്കൽ
മഹാമാരിയുടെ കാലത്തിനേക്കാൾ പണം പിൻവലിക്കൽ ആണ് ഇപ്പോൾ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നടത്തുന്നത്. ഒക്ടോബർ മാസത്തിൽ എഫ്പിഐകൾ ഇതുവരെ 67,308 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ നിന്ന് ചൈനീസ് ഓഹരികളിലേക്ക് വിദേശ പണം നീങ്ങുന്നതിനെക്കുറിച്ച് ചർച്ചകൾ ഉണ്ടെങ്കിലും, ചൈനയുടെ കാര്യത്തിൽ ആർക്കും ഒരു വ്യക്തതയും ഇല്ല എന്ന അവസ്ഥയാണ്. എന്നാൽ ഇന്ത്യൻ ഓഹരികളിൽ വിദേശ ഫണ്ട് മാനേജർമാർ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ട്. ചൈനയിലെ ഓഹരികളിൽ ഇപ്പോഴും കുറവാണ് നിക്ഷേപം എന്നും പല വിദേശ ഫണ്ട് മാനേജർമാരും തുറന്നു സമ്മതിക്കുന്നു. ജെഫ്രിസ് അടക്കമുള്ള വിദേശ സ്ഥാപക നിക്ഷേപകർക്ക് ചൈന ചായ്‌വ് ഉണ്ടെന്നും അഭിമുഖങ്ങളിൽ നിന്നും വ്യക്തമാണ്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും പണം പിന്‍വലിക്കുമ്പോഴും, ഇന്ത്യൻ ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങി കൂട്ടുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യൻ ഓഹരി വിപണി ഇടിയുന്നുണ്ടെങ്കിലും, അത്രപെട്ടെന്ന് വൻവീഴ്ചയിലേക്ക് നീങ്ങാത്തത്.