2024-25 ലേക്കുള്ള കേരള ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കുകയാണ്. ഏറെ ക്ലേശകരമായ സാമ്പത്തിക പശ്ചാത്തലത്തിലാണ് പ്രസ്തുത ബജറ്റ് അവതരിപ്പിക്കുന്നത്. ഒരു വശത്ത് റിസര്‍വ് ബാങ്കിന്റെ പഠനം അനുസരിച്ച് കടബാധ്യത ഉയര്‍ന്നുനില്‍ക്കുന്ന മൂന്നു സംസ്ഥാനങ്ങളിലൊന്നാണ് കേരളം; മറുവശത്തു കേന്ദ്രനയം ഉൾപ്പെടയുള്ള ഘടകങ്ങൾ കാരണം സർക്കാരിന്റെ വരുമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടായിരിക്കുന്നു.പരിമിതമായ വരുമാനവും ഉയർന്നുവരുന്ന ചെലവും കൂട്ടിമുട്ടിക്കുക എന്നത് തന്നെയാണ് ധനമന്ത്രിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സങ്കീർണമായ ഈ സാഹചര്യത്തെ മറികടക്കാൻ ധനമന്ത്രി എന്നല്ല ആരുടേയും കൈയിൽ ഒറ്റമൂലി ഇല്ല; ഈ ഒരു ബജറ്റ് കൊണ്ട്  പരിഹരിക്കാവുന്നതുമല്ല ഇപ്പോൾ കേരളം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ. ഈ പശ്ചാത്തലത്തിൽ ബജറ്റ് എങ്ങനെയായിരിക്കണമെന്നാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ

പ്രാഥമികമായി വരുമാനം കൂട്ടാനുള്ള നടപടികൾ ബജറ്റിലുണ്ടാകും. സാധാരണ ജനങ്ങളുടെ മേൽ അധിക ഭാരം ചുമത്താതെ ഒരു നല്ല ബജറ്റ് അവതരിപ്പിക്കാൻ കഴിയുമോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ശ്രമിച്ചാൽ നടക്കുമെങ്കിലും,  സാധ്യതയുള്ള മേഖലകളിൽ നികുതി ചുമത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരലിലെണ്ണാവുന്ന ഇനങ്ങളിൽ മാത്രമേ നികുതി ചുമത്താൻ സർക്കാരിന് കഴിയൂ എന്നതിനാൽ നികുതിയേതര വരുമാനത്തിലായിരിക്കും ശ്രദ്ധ കൂടുതൽ. വെള്ളക്കരം പോലെയുള്ള ഇനങ്ങളിൽ വർദ്ധനവ് പ്രതീക്ഷിക്കാം. അവ താഴെ പറയുന്ന രീതിയിൽ ആയാൽ കൂടുതൽ അഭികാമ്യമായിരിക്കും.

∙ജിഎസ്ടി വരുമാന വർദ്ധനവ് 22 ശതമാനം അധികരിച്ചിരിക്കുന്നു എന്നത് ശുഭോദർക്കമാണ്. ഇതിലെ വരുമാന വർധനവ് 25 ശതമാനമായി ഉയർത്താൻ നികുതി വകുപ്പിനെ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങളുണ്ടാകണം.

∙ നികുതി കുടിശികയായ 4261 കോടി രൂപ പിരിച്ചെടുക്കാനുള്ള   അടിയന്തര നടപടികൾക്കുള്ള നിർദ്ദേശങ്ങളും ഉണ്ടാകണം.

∙സ്വര്‍ണ നികുതിയില്‍ നിന്നുള്ള വരുമാനം മെച്ചപ്പെടുത്താനുള്ള സാധ്യതകൾ നന്നായി ഉപയോഗപ്പെടുത്തണം. അതില്‍നിന്നുള്ള നികുതി പൂര്‍ണമായും എടുക്കാന്‍ സാധിച്ചിട്ടില്ല. 

∙ഇവേ ബിൽ പ്രയോജനപ്പെടുത്തിയാൽ സ്വർണത്തിൽ നിന്നുള്ള നികുതി വരുമാനം മെച്ചപ്പെടും.

∙വസ്തു നികുതി – കെട്ടിട നികുതി കാര്യക്ഷമായി പിരിച്ചെടുക്കാൻ തദ്ദേശ ഭരണ സ്ഥാപങ്ങളെ ശക്തമാക്കാൻ ഉതകുന്ന നിർദ്ദേശങ്ങൾ ഉണ്ടാകണം. അപ്പോൾ കാലക്രമത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നല്കുന്ന പദ്ധതി വിഹിതം കുറക്കാൻ കഴിയും.

∙നികുതിയേതര വരുമാനങ്ങളിൽ വർദ്ധനവ് വേണം. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത സ്ലാബുകൾ പ്രഖ്യാപിക്കുന്നതു ഉചിതമായിരിക്കും.

kiifb-balagopal-

ചെലവ് കുറക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണം

ഉല്‍പ്പാദനക്ഷമമല്ലാത്ത ചെലവുകള്‍ നിയന്ത്രിക്കണം. ധൂര്‍ത്തുകള്‍ ധാരാളമുണ്ട്. 

അതുപോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ശമ്പള പരിഷ്‌കരണം. അത് പത്ത് വര്‍ഷത്തേക്കായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് പരിഹരിക്കേണ്ടതുണ്ട്. പെൻഷൻ പ്രായം ഉയർത്തുന്നതിലും ചിന്ത ആവശ്യമാണ്. ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തി  അനൂകൂല അന്തരീക്ഷം സൃഷ്ടിക്കണം

ദീർഘവീക്ഷണത്തോടെയുള്ള നടപടികൾ 

ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാതെ പോയാൽ കേരളത്തിന്റെ ഭാവി ഇരുട്ടിലേക്കാകും എന്ന ബോധ്യത്തോടെ എടുക്കേണ്ട ചില നടപടികളാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഉല്‍പ്പാദന മേഖലയെ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് ഏറ്റവും അടിസ്ഥാനപരമായ പോംവഴി. ഇത് മറ്റു പല സംസ്ഥാനങ്ങളെയും പോലെ വരുന്നില്ല എന്നത് ഖേദകരം തന്നെയാണ്. ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള ചില നിർദേശങ്ങൾ താഴെ പറയുന്നവയാണ്.

∙കാർഷിക മേഖല ഉണർത്തി അൽഭുതം ചെയ്യാമെന്ന് കരുതേണ്ട. ഇതിനു കാരണം, സര്‍ക്കാരിന് സബ്‌സിഡി കൊടുത്ത് കൃഷി കൊണ്ടുപോകാനായിട്ട് സാധിക്കില്ല എന്നത് ഒരു നഗ്‌നസത്യം തന്നെയാണ്. നല്ല വിത്തുകളോ ഉത്പാദനക്ഷമതയോ യന്ത്രങ്ങളോ ഒക്കെ ഇതിന്റെ മാനദണ്ഡങ്ങളല്ല എന്നതാണ് നമ്മുടെ പ്രശ്‌നം. അതുപോലെ ഉല്‍പ്പാദിപ്പിച്ചവ സൂക്ഷിയ്ക്കുന്നതിന് അത്യാധുനിക ഗോഡൗണുകള്‍ ഇല്ല; വില്‍ക്കാനുള്ള ശൃംഖലകള്‍ ഇല്ല. ഇതൊക്കെ വന്നാലേ കര്‍ഷകരുടെ വരുമാനം വര്‍ധിക്കൂ.

∙കാര്‍ഷിക മേഖലയില്‍ കര്‍ഷക സംരംഭകരെ (Agripreneurs) വാര്‍ത്തെടുക്കാനുള്ള ശക്തമായ നീക്കം ഇപ്പോഴും ഉണ്ടായിട്ടില്ല. ലോകം മുഴുവനും മാറിയിട്ടും നമ്മള്‍ ഇപ്പോഴും അതിലേക്ക് വന്നിട്ടില്ല. ഇതിനുള്ള ശ്രമം ബജറ്റിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

∙വ്യവസായ മേഖലക്ക് കൂടുതല്‍ പ്രാധാന്യം കിട്ടുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. Startups സംരംഭകരെ പ്രോത്സാഹിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്. അത് നിലനിർത്താനും കൂടുതൽ ഉണർവ് ഉണ്ടാക്കാനുമുള്ള   നിർദേശങ്ങൾ ഉണ്ടാകണം.

∙സൂഷ്മ-ചെറുകിട സംരംഭങ്ങളെ കൂടുതലായി പ്രോത്‌സാഹിപ്പിക്കണം

.നാനോ സംരംഭങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുകയും, വനിതകളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

താരതമ്യ നേട്ടങ്ങളുള്ള മേഖലകൾക്ക് ഊന്നൽ

kerala1

∙ടൂറിസം പ്രാധാന്യം തിരിച്ചറിഞ്ഞുള്ള നടപടികൾ പ്രഖ്യാപിക്കണം. ടൂറിസം, വില്ലജ് ടൂറിസം എന്നിവയോടൊപ്പം MICE (Meetings, Incentives,Conferences and Exhibitions) ടൂറിസത്തിനു പ്രാധാന്യം കൊടുക്കുന്ന നിർദ്ദേശങ്ങൾ ഉണ്ടാകണം.   

∙ഒരു ഉണര്‍വ് ഐ.ടി – വിജ്ഞാന അധിഷ്ഠിത മേഖലയിലും ഉണ്ടായിട്ടുണ്ട്.  വരുന്ന കാലഘട്ടത്തില്‍ അറിവില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ കരുപിടിപ്പിടിപ്പിക്കാം.

∙വാണിജ്യത്തെ വ്യവസായ വകുപ്പിൽ നിന്ന് സ്വതന്ത്രമാക്കിയ നടപടി ശ്ലാഘനീയമാണ്‌

∙കേരളത്തിന്റെ വികസനത്തിൽ കാര്യമായ സംഭാവന ചെയ്യുന്ന ഈ വിഭാഗത്തിന്റെ സുരക്ഷിതത്വത്തിനായി ഒരു ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

∙കായിക രംഗത്ത് കൂടുതൽ   നിക്ഷേപം ആകർഷിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താനുള്ള നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു.

∙സഹകരണ രംഗത്തെ കേരളത്തിന്റെ നേട്ടം വളരെ വലുതാണ്. മാറുന്ന കാലത്തിനനുസരിച്ചുള്ള ചിന്തയും ഉണ്ടാകണം. ഉല്‍പാദന രംഗത്ത്, സഹകരണ ആശയത്തിലൂന്നിയ പ്രത്യേക സാമ്പത്തിക മേഖല പരിഗണിക്കുന്ന നിർദേശം ഉണ്ടാകുന്നതു ഗുണകരമായിരിക്കും.

∙ഉന്നത വിദ്യാഭ്യാസ ഗുണമേൻമ മെച്ചപ്പെടുത്തുന്നതിന്റെ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.

അവസാന വാക്കല്ലെങ്കിലും, കയറ്റുമതിയിലെ വളർച്ച ലക്ഷ്യമാക്കിയുള്ള നിർദേശങ്ങളും, റബറിന്റെ ഡിമാൻഡ് കൂടുന്നത് മുതലെടുക്കാനുള്ള കരുതലും കൂടി ഉണ്ടാകുന്നതു നന്നായിരിക്കും.

English Summary:

Kerala Budget : Crisis and Expectations