ADVERTISEMENT

പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് (മൂലധനം)സമാഹരിക്കാനായി കമ്പനികൾ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് നോൺ കൺവർട്ടബിൾ ഡിബഞ്ചർ അഥവാ എൻസിഡി. ഈ കടപ്പത്രങ്ങൾ പിന്നീട് ഓഹരികളാക്കി മാറ്റാൻ അഥവാ കൺവെർട്ട് ചെയ്യാനാകില്ല. അതുകൊണ്ട് ആണ് ഈ പേര്. കമ്പനികൾ പ്രൈവറ്റ് പ്ലേയ്സ്മെന്റ് വഴിയും പബ്ലിക് ഇഷ്യു വഴിയും വിഭവസമാഹരണം നടത്തും. പ്രൈവറ്റ് പ്ലേയ്സ്മെന്റിൽ ഒരു വർഷം പരമാവധി 200 പേരിൽനിന്നു മാത്രമേ നിക്ഷേപം പാടുള്ളൂ. ഒരാളിൽനിന്നും എത്ര തുക വേണമെങ്കിലും വാങ്ങാം. പക്ഷേ ഇവ പൊതുവേ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യില്ല. അതിനാൽ കാലാവധി കഴിയുന്നതു വരെ കാത്തിരുന്ന് കമ്പനിയിൽനിന്നു തന്നെ പണം തിരിച്ചു വാങ്ങേണ്ടി വരും. പക്ഷേ ചില കമ്പനികൾ എക്സ്ചേഞ്ച് ലിസ്റ്റഡ് എൻസിഡികളും ഇങ്ങനെ ഇറക്കാറുണ്ട്.

എൻസിഡി പബ്ലിക് ഇഷ്യു ആണെങ്കിൽ കൂടുതൽ പേരിൽനിന്നും പണം സമാഹരിക്കാം, നിക്ഷേപകരുടെ എണ്ണത്തിൽ നിബന്ധനയില്ല, ചെറിയ തുക വീതം നിക്ഷേപിക്കാം, ലിസ്റ്റു ചെയ്യുമെന്നതിനാൽ ആവശ്യമുള്ളപ്പോൾ വിറ്റുമാറാം. ഇതെല്ലാം പരിഗണിക്കുമ്പോൾ സാധാരണക്കാർക്ക് അനുയോജ്യം ഇതാണ്. ഘടനാപരമായി ബാങ്ക് എഫ്ഡിക്കു സമാനമാണ് എൻസിഡികൾ. പക്ഷേ സ്ഥിരനിക്ഷേപത്തിൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാൻ പറ്റില്ല. എൻസിഡിയ്ൽ ഇതു സാധ്യമാകും.

എൻസിഡി ട്രേഡിങ്ങ് എന്ത്? എങ്ങനെ?

എൻസിഡിയുടെ പലിശ സ്ഥിരമായതിനാൽ വിപണിപലിശ നിരക്കിലെ മാറ്റം ഇതിന്റെ ഡിമാൻഡിൽ വ്യത്യാസം ഉണ്ടാക്കുമെന്നു പറഞ്ഞു. അതെങ്ങനെയെന്നു പരിശോധിക്കാം.

9.5 ശതമാനം കൂപ്പൺ റേറ്റും, അഞ്ചു വർഷം കാലാവധിയുമുള്ള, 1,000 രൂപ മുഖവിലയുടെ എൻസിഡി വാങ്ങിയ നിക്ഷേപകന്റെ കാര്യം എടുക്കാം. ആർബിഐ പലിശ നിരക്ക് അര ശതമാനം കുറച്ചു എന്നിരിക്കട്ടെ. അപ്പോൾ 9.5 ശതമാനം എന്ന പലിശയുടെ ആകർഷണീയത വീണ്ടും കൂടും. അതോടെ ഈ എൻസിഡി എക്സ്േഞ്ചിൽ നിന്നും വാങ്ങാൻ കൂടുതൽ നിക്ഷേപകരെത്തും. ഡിമാൻഡ് കൂടുമ്പോൾ അതനുസരിച്ച് വിലയും കൂടും. വില 1,010 രൂപയായി ഉയർന്നുവെന്നിരിക്കട്ടെ. 1,00,000 രൂപ മുടക്കി 1,000 ഡിബഞ്ചറുകൾ വാങ്ങിയ ആൾക്ക് ഈ വിലയ്ക്ക് വിറ്റാൽ 1,000 രൂപ ലാഭം.

ഇനി വാങ്ങുന്ന ആൾക്ക് എന്തു നേട്ടം കിട്ടുമെന്നു കൂടി പരിശോധിക്കാം. പലിശ കുറയുന്ന സാഹചര്യത്തിൽ അടുത്ത അഞ്ചു വർഷത്തേയ്ക്ക് 9.5% പലിശ വരുമാനം ഉറപ്പാക്കാം.അതു പോലെ ചില പ്രത്യേക സാഹചര്യങ്ങളിൽ നല്ല എൻസിഡികൾ മുഖവിലയിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

അതായത് 1,000 രൂപയുടേത് 850 രൂപയ്ക്ക് കിട്ടി എന്നിരിക്കട്ടെ.കാലാവധി മുഴുവൻ വാഗ്ദാനം ചെയ്ത പലിശ കിട്ടും. മാത്രമല്ല കാലാവധി കഴിയുമ്പോൾ ഡിബഞ്ചറൊന്നിന് 1,000 രൂപ വെച്ച് തിരിച്ചു കിട്ടും. 850 രൂപയ്ക്ക് വാങ്ങിയവയാണെന്നോർക്കണം.

ഇത്തരം അവസരങ്ങൾ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ഓഹരിയിലെ പോലെ ഇവിടെ വിവരങ്ങൾ അഥവാ ഡാറ്റ സൗജന്യമായി ലഭിക്കില്ല. കൂപ്പൺ റേറ്റ്, പലിശ നൽകുന്ന കാലാവധി, പേമെന്റിന്റെ റെക്കോർഡ് ഡേറ്റ് മുഖവില, വിപണി വില എന്നിങ്ങനെ പലതും ഇവിടെ നിർണായകമാണ്. ഇവയിൽ പലതും അന്വേഷിച്ചു കണ്ടെത്തേണ്ടിയും വരും. അതിനുള്ള വൈദഗ്ധ്യം ഇല്ലെങ്കിൽ ട്രേഡിങ്ങിൽ വിദഗ്ധനായ ഒരു ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായത്തോടെ മാത്രമേ അതു ചെയ്യാവൂ. ഇല്ലെങ്കിൽ കനത്ത നഷ്ടം സംഭവിക്കും.

റിസ്ക് മറികടക്കാൻ മാർഗങ്ങൾ

ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് എൻസിഡികളിൽ റിസ്ക് കൂടുതലാണ്. കടം വാങ്ങിയ കമ്പനി പ്രശ്നത്തിലായാൽ പണം തിരിച്ചു കിട്ടാനുള്ള സാധ്യത കുറയും. മുതലു പോലും നഷ്ടപ്പെട്ടേക്കാം. പക്ഷേ ഇവിടെയും നഷ്ടസാധ്യത മറികടക്കാൻ നിക്ഷേപകനു കഴിയും. നല്ല കമ്പനിയുടെ മികച്ച കടപ്പത്രങ്ങൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. നല്ല കമ്പനികൾ ന്യായമായ, നൽകാമെന്നുറപ്പുള്ള പലിശയേ വാഗ്ദാനം ചെയ്യൂ. അതായത് അധിക പലിശയ്ക്ക് പിന്നാലേ പോയാൽ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെ വാങ്ങുന്ന എൻസിഡിയെക്കുറിച്ചുള്ള വസ്തുതകൾ കൃത്യമായി മനസ്സിലാക്കണം

ലേഖകൻ ഹെഡ്‍ജ് വെൽത്ത് മാനേജ്മെന്റ് സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com