ADVERTISEMENT

തിങ്കളാഴ്ച എക്സിറ്റ് പോൾ മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്നലെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് ഫലത്തിൽ വീണ ശേഷം ഇന്ന് വീണ്ടും മുന്നേറ്റം തുടർന്നതോടെ വെള്ളിയാഴ്ചത്തെക്കാൾ മികച്ച നിലയിലേക്ക് തിരിച്ചു വന്നു. ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി സമ്പൂർണ മുന്നേറ്റത്തോടെ 22620 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 2300 പോയിന്റുകൾ മുന്നേറി 74382 പോയിന്റിലും ക്ളോസ് ചെയ്തു.

കേന്ദ്രത്തിൽ തത്കാലം മോദിക്ക് ഭീഷണിയില്ല എന്നതും സർക്കാർ രൂപീകരിക്കുമെന്ന പ്രതീക്ഷയും ഇന്ന് വിപണിക്ക് അനുകൂലമായി. ഡിഫൻസ്, റെയിൽ ഓഹരികളൊഴികെ മറ്റെല്ലാ സെക്ടറുകളും തിരിച്ചു വരവ് നടത്തിക്കഴിഞ്ഞു. ബാങ്കിങ് ഓഹരികളുടെ അതിമുന്നേറ്റം ബാങ്ക് നിഫ്റ്റിക്ക് 4.53% മുന്നേറ്റം നൽകിയതും ഇന്ന് ഇന്ത്യൻ വിപണിക്ക് നിർണായകമായി. മെറ്റൽ ,ഐടി, ഓട്ടോ, ഫാർമ സെക്ടറുകളും ഇന്ന് മികച്ച മുന്നേറ്റം നടത്തി.

സർക്കാർ സാധ്യതകൾ
 

സഖ്യകക്ഷികൾ പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെ എൻഡിഎ തന്നെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്ന ധാരണ ശക്തമായത് ഇന്ത്യൻ വിപണിക്ക് വീണ്ടും ചടുലത നൽകി. സഖ്യകക്ഷികളുടെ എണ്ണം കുറവായതിനാലും, സഖ്യകക്ഷി നേതാക്കൾ അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണെന്നതും എൻഡിഎയുടെ ‘’റിസ്ക്’’ കുറക്കുന്നുണ്ട്. ഇന്ന് എൻഡിഎയുടെ ആദ്യ യോഗം നടക്കാനിരിക്കുന്നതിന് മുൻപ് തന്നെ ജൂൺ എട്ടിന് പ്രധാനമന്ത്രി സത്യപ്രതിജ്ഞ നടക്കുമെന്ന സൂചനയും ഇന്ന് വിപണിയെ സഹായിച്ചു.

'ഇന്ത്യ' ബ്ലോക്കിലെ എല്ലാ കക്ഷികളും ചേർന്നാൽ ബിജെപിയുടെ എംപിമാരുടെ എണ്ണത്തിനൊപ്പമെത്തില്ലെന്നതും, ബിജെപിയുടെ സഖ്യകക്ഷികളെ ബിജെപിക്കൊപ്പം തന്നെ നിർത്തിയേക്കാമെന്നതും വിപണിക്ക് അനുകൂലമാണ്.

റേറ്റിങ് ഭീഷണികൾ
 

മോദി സർക്കാർ രൂപീകരണവും, തുടർനടപടികളും, ബജറ്റും ഇന്ത്യയുടെ റേറ്റിങ്ങിനെയും സ്വാധീനിക്കുമെന്നതും വിപണിയുടെ ആശങ്കക്ക് മറ്റൊരു കാരണമാണ്. വിദേശ റേറ്റിങ് ഏജൻസികളുടെ റേറ്റിങ് നിരക്കുകൾ വിദേശ ഫണ്ടുകളുടെ തീരുമാനങ്ങളെയും ബാധിക്കും. മൂഡീസിന്റെ അടുത്ത റേറ്റിങ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് വിപണി. ഇന്ത്യയുടെ മികച്ച റേറ്റിങ് ഇന്ത്യൻ വിപണിക്കും അനുകൂലമാകും.

മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തിനു മുന്നിലൂടെ വഴിയാത്രക്കാരൻ നടന്നു നീങ്ങുന്നു. (Photo by Indranil MUKHERJEE / AFP)
മുംബൈയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തിനു മുന്നിലൂടെ വഴിയാത്രക്കാരൻ നടന്നു നീങ്ങുന്നു. (Photo by Indranil MUKHERJEE / AFP)

ആർബിഐ
 

ഇന്നാരംഭിക്കുന്ന ആർബിഐയുടെ ധനാവലോകനയോഗതീരുമാനങ്ങൾ വെള്ളിയാഴ്ച പുറത്ത് വരുന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. റിസേർവ് ബാങ്ക് അടിസ്ഥാനപലിശ നിരക്കിൽ മാറ്റം കൊണ്ട് വന്നേക്കിലെങ്കിലും, ജിഡിപി മുന്നേറ്റം സൂചിപ്പിച്ചേക്കാവുന്നതും വിപണിക്ക് പ്രതീക്ഷയാണ്.

നോൺ ഫാം പേ റോൾ ഡേറ്റ
 

ഇന്നലെയും മുന്നേറ്റം നേടിയ അമേരിക്കൻ വിപണി ഇന്നും മുന്നേറ്റ പ്രതീക്ഷയിലാണ്. അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് ഏഷ്യൻ വിപണികൾ സമ്മിശ്ര ക്ളോസിങ് നടത്തിയെങ്കിലും യൂറോപ്യൻ വിപണികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

അടുത്ത ആഴ്ചയിൽ അമേരിക്കൻ ഫെഡ് യോഗം നടക്കാനിരിക്കെ വെള്ളിയാഴ്ച വരുന്ന നോൺ ഫാം പേ റോൾ കണക്കുകളും അമേരിക്കാൻ വിപണിക്ക് പ്രധാനമാണ്. ഇന്ന് വരുന്ന എഡിപി എംപ്ലോയ്‌മെന്റ് കണക്കുകളും, നോൺ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും, നാളത്തെ ജോബ് ഡേറ്റയും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ഗാസയിലെയും, ഉക്രൈനിലേയും യുദ്ധസാഹചര്യങ്ങളും വിപണികളെ സ്വാധീനിച്ചേക്കും.

ക്രൂഡ് ഓയിൽ
 

ആഗോള ആവശ്യകതയിലെ വർധന മുന്നിൽക്കണ്ട് ഒപെക് പ്ലസ് എണ്ണ ഉൽപാദനത്തിലെ നിയന്ത്രണം കുറച്ചുകുണ്ട് വരാനുള്ള തീരുമാനം പ്രഖ്യാപിച്ചത് മുതൽ വീഴ്ച തുടരുന്ന ക്രൂഡ് ഓയിൽ ഇന്ന് ഏഷ്യൻ വ്യാപാരസമയത്തും മുന്നേറ്റം നേടിയില്ല. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളർ നിരക്കിൽ തന്നെയാണ് തുടരുന്നത്. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ മുന്നേറ്റമുണ്ടായേക്കുമെന്ന സൂചനയും ക്രൂഡ് ഓയിലിന് പ്രധാനമാണ്.

Image - Shutterstock/New Africa
Image - Shutterstock/New Africa

സ്വർണം
 

അമേരിക്കൻ ബോണ്ട് യീൽഡ് നിരക്ക് ക്രമപ്പെട്ട് നിൽക്കുന്നത് സ്വർണ വിലയ്ക്കും അനുകൂലമാണ്. രാജ്യാന്തര സ്വർണ വില 2353 ഡോളർ നിരക്കിൽ തുടരുന്നു. ഫെഡ് യോഗം അടുത്ത് വരുന്നത് സ്വർണത്തിനും നിർണായകമാണ്.

English Summary:

Indian Market Rebounds Strongly Post-Election Shock: Nifty and Sensex Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com