നരേന്ദ്ര മോദി 3.0; ഇതുവരെ കണ്ടതാകില്ല ഇനി, കൂടുതൽ ജനപ്രിയ നടപടികൾ പ്രതീക്ഷിക്കാമോ?
Mail This Article
പുതിയ കേന്ദ്ര മന്ത്രിസഭ രൂപികരിക്കാനുള്ള തയാറെടുപ്പുകളിലാണ് ബിജെപി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ വൈകാതെ അധികാരമേറ്റേക്കാം. ഈ മൂന്നാം ഊഴത്തിൽ, ഇതുവരെ സ്വീകരിച്ച നയങ്ങളിൽ നിന്നും ഒരു മാറ്റം ഉണ്ടാകുമോ എന്നാണ് നിക്ഷേപകരും സാമ്പത്തിക ലോകവും സാധാരണക്കാരും ഒരു പോലെ ഉറ്റുനോക്കുന്നത്. പുതിയ സാമൂഹ്യക്ഷേമ പദ്ധതികൾ അടക്കം കൂടുതൽ ജനപ്രിയ നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ? ഇതുവരെ തുടർന്നുവന്ന അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളുടെ വേഗത കുറയുമോ? സർക്കാർ നയങ്ങളിലുണ്ടാവുന്ന ഈ മാറ്റങ്ങൾ ഓഹരി വിപണിയെ എങ്ങനെ ബാധിക്കും എന്നതാണ് നിക്ഷേപകരുടെ ആശങ്ക. ദുർബലനായ മോദിയുടെ സർക്കാർ എന്തായാലും കഴിഞ്ഞ രണ്ടുതവണയും നാം കണ്ട ഭരണരീതിയോ നയങ്ങളോ ആവില്ല ഇത്തവണ എന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.
അതായത് കഴിഞ്ഞ 10 വർഷം കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തനായ നരേന്ദ്രമോദിയെ കാണേണ്ടി വന്നാൽ അദ്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ രണ്ടു തവണയും സ്വന്തം ഇഷ്ടപ്രകാരം മോദിക്കു തീരുമാനങ്ങള്‍ എടുക്കുകയും നടപ്പില്‍വരുത്തുകയും ചെയ്യാമായിരുന്നു. എന്നാൽ ഇനി അങ്ങനെയാവില്ല. കാരണം തനിച്ച് കേവല ഭൂരിപക്ഷമില്ല എന്നത് ബിജെപിക്കും മോദിക്കും സൃഷ്ടിക്കുന്ന തലവേദന വലുതായിരിക്കും. അതുകൊണ്ട് തന്നെ ഇതുവരെ പിന്തുടർന്നു വന്ന രീതികൾ മാറ്റിപിടിക്കാൻ അവർ നിർബന്ധിതരാകും, പ്രത്യേകിച്ച് ആദ്യ കുറച്ചു മാസങ്ങളിലെങ്കിലും.
240 സീറ്റിൽ വിജയിച്ച് ഏറ്റവും വലിയ പാർട്ടിയായി നിൽക്കുമ്പോഴും കേവല ഭൂരിപക്ഷം 32 സീറ്റുകൾക്ക് അകലെയാണ്. അതിനായി 15 ഉം 12 സീറ്റുകൾ മാത്രമുള്ള ഘടക ഘക്ഷികളുടെ ആവശ്യങ്ങൾ സാധിച്ചു നൽകേണ്ടി വരും. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി മാത്രമല്ല സ്വന്തം താൽപ്പര്യങ്ങൾക്ക് വേണ്ടിയും വലിയ കടും പിടുത്തം നടത്തുന്ന രണ്ടു പാർട്ടികളെ ഒപ്പം നിർത്തുക എന്ന ഹെർക്കൂലിയൻ ടാസ്ക് ആകും മോദിയ്ക്കും ബിജെപിക്കും മുന്നിൽ. ചന്ദ്രബാബു നായിഡുവിനേയും നിതീഷ് കുമാറിനെയും ഇപ്പോൾ അനുനയിപ്പിച്ചു കൂടെ നിർത്താൻ കഴിഞ്ഞാലും ഭാവിയിൽ വലിയ വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വരും. ഇത്തരം വിട്ടു വീഴ്ചകൾ ചെയ്യുന്നതിൽ മോദി എത്രത്തോളം വിജയിക്കും എന്നതും ചോദ്യമാണ്.
എന്തായായും സർക്കാർ രൂപീകരിക്കുംവരെ മോദിയും സർക്കാരും സാമ്പത്തിക–സാമൂഹിക മേഖലകളിലെ വിവാദ വിഷയങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും. മാത്രമല്ല തങ്ങൾ സാധാരണക്കാർക്ക് ഒപ്പമാണ് എന്ന തോന്നൽ വളർത്താൻ ആവശ്യമായ പലനടപടികളും പ്രതീക്ഷിക്കുകയും ചെയ്യാം. കാരണം ഈ തിരഞ്ഞെടുപ്പ് മോദിക്ക് ഒട്ടേറെ പാഠങ്ങൾ പകർന്നു നൽകിയിട്ടുണ്ട്.
സ്വീകരിച്ച പരിഷ്കാരങ്ങൾ സമ്പന്ന വിഭാഗങ്ങൾക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂ എന്നും പണപ്പെരുപ്പം ഇടത്തരക്കാരേയും പാവപ്പെട്ടവരേയും വല്ലാതെ ബാധിച്ചു എന്നും അതിന്റെ തിരിച്ചടിയാണ് ഇപ്പോൾ കിട്ടിയതെന്നുമുള്ള തിരിച്ചറിവ് ബിജെപിക്കുണ്ട്. മാത്രമല്ല ഘടകകക്ഷികളെ കൂടെ നിർത്താനും സാമൂഹ്യക്ഷേമത്തിനും ധാരാളം പണം നൽകേണ്ടിവരും. ഒട്ടേറെ സൗജന്യങ്ങളും പ്രഖ്യാപിക്കേണ്ടിവരും.
ആദ്യനൂറു ദിനപദ്ധതികളിലും ഉടനെ വരാനിരിക്കുന്ന പുതിയ ബജറ്റിലും ഇതിനു സാഹായകമായ പദ്ധതികൾ പ്രതീക്ഷിക്കാം. പണപ്പെരുപ്പം കുറയ്ക്കാനായി ഇന്ധനവില കുറച്ചേക്കാം. അതു ചെയ്തില്ലെങ്കിലും ഇനിയുള്ള വർധന ഒഴിവാക്കാനുള്ള ശ്രമമെങ്കിലും ഉണ്ടാകാം. സാമ്പത്തിക നയങ്ങളിലും പരിഷ്ക്കരണ പദ്ധതികളിലും കൂടി ആലോചനകൾ വേണ്ടി വരും. ഒപ്പം വിട്ടു വീഴ്ചകളും. ഇതു പരിഷ്ക്കരണ നടപടികളുടെ വേഗം കുറയ്ക്കാനുള്ള സാധ്യതയും ഏറെയാണ്. ദുർബലനായ മോദിയുടെ സർക്കാർ ഇന്ത്യയുടെ സാമ്പത്തികവളർച്ചയുടെ വേഗം കുറച്ചേക്കാം എന്നു ആഗോളതലത്തിൽ വിലയിരുത്തലുകൾ വരുന്നതുംഅതുകൊണ്ടാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടരുമെന്നു തന്നെയാണ് വിലയിരുത്തൽ. എന്തായാലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തിരഞ്ഞെടുപ്പിലൂടെ നൽകിയ പാഠം ഉൾക്കൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങൾക്ക് മുൻതൂക്കം നൽകുന്ന പദ്ധതികളുമായി വന്നാൽ ആദ്യ രണ്ടു സർക്കാരുകളെ പോലെയാകില്ല നരേന്ദ്ര മോദി 3.0.