ADVERTISEMENT

സംസ്ഥാന സർക്കാർ ജീവനക്കാരുടെമേൽ ''ആനന്ദം' അടിച്ചേൽപ്പിക്കില്ലെന്നും താല്പര്യമുള്ളവർ മാത്രം ആനന്ദത്തിൽ ആറാടിയാൽ മതിയെന്നും ധനമന്ത്രി പറയുമ്പോഴും ജീവനക്കാരുടെ ആശങ്ക വിട്ടകലുന്നില്ല. ഡിഎ കുടിശിക കുന്നോളമുണ്ട് കിട്ടാൻ. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിന്‍റെ കുടിശിക ഒരു ഗഡു പോലും ലഭിച്ചിട്ടില്ല. വർഷങ്ങളായി ലീവ് സറണ്ടർ കൈയിൽ കിട്ടുന്നില്ല. ഇനി പെൻഷനും കൂടി ഇല്ലാതാക്കി കഞ്ഞികുടി മുട്ടിക്കാനാണോ സർക്കാറിന്റെ നീക്കമെന്ന് ജീവനക്കാർ ചോദിക്കുന്നു. രണ്ടു വർഷം മുമ്പ് കൊട്ടിഘോഷിച്ചു തുടങ്ങിയ മെഡിസെപ്പും ജീവനക്കാർക്ക് ബാധ്യതയായി മറിക്കഴിഞ്ഞു. ഇതിനിടയിലാണ് ജീവാനന്ദം പദ്ധതിയുമായി സർക്കാറിന്റെ വരവ്.

പിടിത്തം കഴിഞ്ഞ് വല്ലതും വേണ്ടേ?

പ്രോവിഡന്റ്  ഫണ്ട്, പങ്കാളിത്ത പെൻഷൻ പദ്ധതി (എൻപിഎസ് ) യിലേക്കുള്ള വിഹിതം, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ്, മെഡിസെപ് പ്രീമിയം, ജിപിഎഐസ് (വർഷത്തിലാരിക്കൽ) തുടങ്ങിയ പിടിത്തങ്ങൾ എല്ലാംകൂടി കണക്കാക്കിയാൽ മൊത്തം ശമ്പളത്തിന്റെ 20 ശതമാനത്തോളം വരും. കുടിശികയുള്ള ഡിഎയും ഏകദേശം അത്ര തന്നെ വരും. ഇവയ്ക്കു പുറമെ ജീവാനന്ദത്തിനുംകൂടി പത്തോ ഇരുപതോ ശതമാനം നീക്കിവച്ചാൽ വീട്ടിലേക്ക് കൊണ്ടുപോകാൻ കിട്ടുന്നത് അമ്പതു ശതമാനത്തോളം മാത്രം. ഇതുകൊണ്ടുവേണം ജീവിതച്ചെലവ് നിർവഹിക്കാനും വായ്പകൾ തിരിച്ചടക്കാനും. നിത്യോപയോഗ സാധനങ്ങളുടെ വില നിത്യേന കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. കൈയിൽ കിട്ടുന്നതുപോലും ഇല്ലാതായാൽ ജീവിതത്തിന്‍റെ  രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജീവനക്കാർ ഏറെ പാടുപെടേണ്ടി വന്നേക്കും.

മറ്റൊരു പദ്ധതി എന്തിന്?

സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർക്കും പങ്കാളിത്ത പെൻഷൻകാർക്കും പെൻഷൻ ഉറപ്പാണെന്നിരിക്കെ ഇനി മറ്റൊരു പദ്ധതിയുടെ ആവശ്യം എന്തിനാണെന്ന ചോദ്യം അവശേഷിക്കുന്നു. സമ്പാദ്യ പദ്ധതിയാണെന്നും പദ്ധതിയിൽ ചേരാൻ ഓപ്ഷൻ അനുവദിക്കുമെന്നും പറയുമ്പോഴും ജീവനക്കാർ ഇതിനെ സംശയ ദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത്. ജീവനക്കാരുടെ ശമ്പളത്തിൽ കൈവയ്ക്കുന്ന നടപടി അനുവദിച്ചു കൊടുക്കാനാവില്ലെന്ന് ഭരണാനുകൂല സർവീസ് സംഘടനകൾ പോലും പറയുന്നു. കേന്ദ്ര സർക്കാറിന്റെ എൻപിഎസ് മാതൃകയിൽ സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതിയായി വേണം ഇതിനെ വിലയിരുത്തേണ്ടത്. പുതിയ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞാൽ നിലവിലുള്ള പെൻഷൻ സംവിധാനം ഇല്ലാതാകുന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനം സർക്കാർ പാലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ഇതോ പ്ലാൻ ബി?

സർക്കാറിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള പ്ലാൻ ബി ആയി ജീവാനന്ദത്തെ നോക്കിക്കാണുന്നവരുമുണ്ട്. കേന്ദ്രം അനുവദിച്ച കടമെടുപ്പു പരിധി കഴിഞ്ഞാൽ പിടിച്ചു നിൽക്കാനുള്ള ഉപാധിയായി വേണം ഇതിനെ കരുതാൻ. കഴിഞ്ഞ മാസം വിരമിച്ച പതിനാറായിരത്തോളം ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ 7500 കോടി രൂപ വേണ്ടി വരുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ. ഇതോടൊപ്പം ശമ്പളം, പെൻഷൻ, സാമൂഹ്യക്ഷേമ പെൻഷൻ, കടമെടുത്ത തുകയുടെ പലിശ എന്നീ ഇനങ്ങൾക്കായി വേറെയും കോടികൾ കണ്ടെത്തേണ്ടി വരും. ജീവാനന്ദത്തിന്റെ പേരിൽ ശമ്പളത്തിൻ്റെ പത്തുശതമാനം ഈടാക്കിയാൽപ്പോലും പ്രതിമാസം കോടികൾ സർക്കാറിന്റെ ഖജനാവിലെത്തും. ഈ സംഖ്യ പലിശ സഹിതം ജീവനക്കാർ വിരമിച്ചതിനു ശേഷം പ്രതിമാസ ഗഡുക്കളായി തിരിച്ചു നൽകിയാൽ മതി. അത്രയും കാലം ഇത് സർക്കാറിന്റെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

കുടുംബ ബജറ്റിനെ ബാധിക്കും

ജീവനക്കാരന്റെ വരുമാനത്തിൽ കുറവു സംഭവിച്ചാൽ അത് കുടുംബ ബജറ്റിനെ സാരമായി ബാധിക്കും. ചെലവുകൾ പലതും വെട്ടിക്കുറയ്‌ക്കേണ്ടി വന്നേക്കും. വായ്പകളുടെ തിരിച്ചടവ് പ്രതിസന്ധിയിലാകും. അത്യാവശ്യ ചെലവുകൾക്കുപോലും കടം വാങ്ങേണ്ട അവസ്ഥ ഉണ്ടായേക്കും. ജീവനക്കാരുടെ കൈയിൽ പണമില്ലാതായാൽ വിപണികളെയും ബാധിക്കും. കച്ചവടക്കാരിൽ നിന്ന് സർക്കാറിനു ലഭിക്കേണ്ട നികുതിയിനത്തിലും കാര്യമായ കുറവ് സംഭവിച്ചേക്കും. മ്യൂച്ചൽഫണ്ട് എസ്ഐപി പോലെ ആകർഷകമായ നിക്ഷേപ പദ്ധതികൾ ധാരാളമുള്ളപ്പോൾ മറ്റൊരു സമ്പാദ്യപദ്ധതിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതിൽ തെറ്റുപറയാനാകില്ല. സർക്കാർ ഗ്യാരണ്ടിയിലും ജീവനക്കാർക്ക് ആശങ്കയുണ്ട്. കെടിഡിഫ്സി യുടെയും കെഎസ്ആർടിസിയുടെയും ഉദാഹരണങ്ങൾ ജീവനക്കാർക്കു മുന്നിലുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ജീവാനന്ദം പദ്ധതിയുടെ ആനന്ദം ലഭിക്കുന്നത് ജീവനക്കാർക്കോ സർക്കാറിനോ എന്ന ചോദ്യമാണ് ഉയരുന്നത്.

English Summary:

Kerala Government's Jeevanandam Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com