ADVERTISEMENT

കഴിഞ്ഞദിവസം ചേർന്ന 53-ാമത് ജിഎസ്‍ടി കൗൺസിൽ യോഗം നികുതിയിളവ് പരിഗണിക്കാത്തതിനെ തുടർന്ന് ഫാക്ട് ഉൾപ്പെടെയുള്ള വളം കമ്പനികളുടെ ഓഹരികളിൽ ഇന്നുണ്ടായത് കനത്ത ഇടിവ്. ഫാക്ട് ഓഹരി 10 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞയാഴ്ച 1,187 രൂപയെന്ന റെക്കോർഡ് ഉയരംതൊട്ട ഓഹരിയിൽ ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1,035 രൂപയിലാണ്.

എൻഎഫ്എൽ, ആർസിഎഫ്, മദ്രാസ് ഫെർട്ടിലൈസേഴ്സ്, ജിഎസ്എഫ്സി, ദീപക് ഫെർട്ടിലൈസേഴ്സ്, ചംബൽ ഫെർട്ടിലൈസേഴ്സ്, രാമ ഫോസ്ഫേറ്റ്സ്, സുവാരി അഗ്രോ എന്നിവ 0.2 മുതൽ 8 ശതമാനം വരെ നഷ്ടത്തിലുമാണ് വ്യാപാരം ചെയ്യുന്നത്.

ജിഎസ്ടി ഇളവ് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞവാരം വളം കമ്പനികളുടെ ഓഹരികൾ മികച്ച കുതിപ്പ് നടത്തിയിരുന്നു. ഇത് മുതലെടുത്ത് ഇന്ന് നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയാതും തിരിച്ചടിയായി. കഴിഞ്ഞയാഴ്ചയിലെ മുന്നേറ്റത്തിലൂടെ ഫാക്ട്, വിപണിമൂല്യം 73,000 കോടി രൂപ ഭേദിച്ച് കേരളത്തിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനി എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. മുത്തൂറ്റ് ഫിനാൻസിനെയാണ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത്.  ഇന്നത്തെ വീഴ്ചയോടെ ഈ നേട്ടം ഫാക്ടിന് നഷ്ടമായി. നിലവിൽ ഫാക്ടിന്‍റെ വിപണിമൂല്യം 66,700 കോടി രൂപയും മുത്തൂറ്റ് ഫിനാൻസിന്‍റേത് 69,700 കോടി രൂപയുമാണ്.

gst-5

ഇടിവിന് പിന്നിൽ
 

വളത്തിന് 5 ശതമാനവും നിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കളായ സൾഫ്യൂരിക് ആസിഡ്, അമോണിയ തുടങ്ങിയവയ്ക്ക് 18 ശതമാനവുമാണ് നിലവിൽ ജിഎസ്ടി. ഇത് വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം 2021ലെ ജിഎസ്ടി കൗൺസിൽ യോഗം മുതൽ പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇക്കഴിഞ്ഞ 22ന് ചേർന്ന യോഗം ഇത് അംഗീകരിക്കുമെന്നാണ് പൊതുവേ പ്രതീക്ഷിച്ചത്. എന്നാൽ, ശുപാർശ മന്ത്രിതല സമിതി ആദ്യം പരിഗണിക്കട്ടേയെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. 

ഇനി മന്ത്രിതല സമിതിയുടെ തീരുമാനശേഷം അടുത്ത ജിഎസ്ടി കൗൺസിലായിരിക്കും ഇതിന്മേൽ അന്തിമ തീരുമാനമെടുക്കുക. ഫലത്തിൽ, നികുതിയിളവിനായി കാത്തിരിപ്പ് നീളുമെന്നായതോടെ വളം ഓഹരികൾ ഇന്ന് വിൽപന സമർദ്ദത്തിൽ മുങ്ങുകയായിരുന്നു.

English Summary:

GST Council Meeting Yields No Immediate Tax Cuts: FACT Shares Hit Hard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com