ADVERTISEMENT

ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കണമെന്ന സെബിയുടെ (SEBI) സർക്കുലറിന് പിന്നാലെ ബ്രോക്കറേജ് കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ്. നിലവിൽ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്ന് മാസാടിസ്ഥാനത്തിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഫീസ് ഈടാക്കുന്നത്. അതത് മാസത്തെ മൊത്തം ഓഹരി ഇടപാടുമൂല്യം അടിസ്ഥാനമാക്കി സ്ലാബ് തിരിച്ചാണിത്.

അതേസമയം, റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് ബ്രോക്കറേജുകൾ ഫീസ് ഈടാക്കുന്നതാകട്ടെ ഓരോ ദിവസത്തെയും ഇടപാടുകൾ അടിസ്ഥാനമാക്കിയാണ്. ഫലത്തിൽ, ബ്രോക്കറേജുകൾ റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് ഉയർന്ന തുക ഫീസ് ഈടാക്കുകയും എന്നാൽ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കുറഞ്ഞ ഫീസ് നൽകുകയുമാണ് ചെയ്യുന്നതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സെബിയുടെ പുതിയ സർക്കുലർ. ഇനിമുതൽ റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് പിരിക്കുന്ന അതേ ഫീസ് തന്നെ ബ്രോക്കറേജുകളിൽ നിന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വാങ്ങണമെന്നാണ് സർക്കുലറിലുള്ളത്. ഒക്ടോബർ ഒന്നിന് പുതിയ മാനദണ്ഡം പ്രാബല്യത്തിലാകും.

ഓഹരികളിൽ തളർച്ച

ഫീസ് ഏകീകരിക്കാനുള്ള തീരുമാനം വരുമാനത്തെ സാരമായി ബാധിക്കുമെന്നത് ഇന്ന് ബ്രോക്കറേജുകളുടെ ഓഹരികളെ സമ്മർദ്ദത്തിലാക്കുകയായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയുടെ ഓഹരികളിലും ഇടിവുണ്ടായി. ഏയ്ഞ്ചൽ വൺ ഓഹരി ഒരുവേള 11 ശതമാനത്തിലധികം ഇടിഞ്ഞു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 8.87 ശതമാനം താഴ്ന്ന് 2,349 രൂപയിൽ. 

6.44 ശതമാനം താഴ്ന്ന് 97.33 രൂപയിലാണ് കേരളം ആസ്ഥാനമായ ജിയോജിത്തിന്‍റെ ഓഹരിയുള്ളത്. മോത്തിലാൽ ഓസ്വാൾ 4.14 ശതമാനം, 5പൈസ ക്യാപ്പിറ്റൽ 2 ശതമാനം, എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസ് 4.17 ശതമാനം എന്നിങ്ങനെയും താഴ്ന്നു. 3.45 ശതമാനം നഷ്ടത്തിലാണ് ബിഎസ്ഇ ഓഹരിയുള്ളത്.

എങ്ങനെയാണ് സർക്കുലർ ബാധിക്കുക?

ഉദാഹരണത്തിന് ഒരു ബ്രോക്കറേജ് സ്ഥാപനം പ്രതിമാസം 2,000 കോടി രൂപയുടെ ഓഹരി ഇടപാടുകൾ കൈകാര്യം ചെയ്യുന്നു എന്നിരിക്കട്ടെ. ഇവിടെ ബാധകമായ ഫീസ് ഓരോ ലക്ഷം ഇടപാടിന് 29.5 രൂപ വീതമാണ്. ഇനി പ്രതിമാസം കൈകാര്യം ചെയ്യുന്നത് മൂന്നു കോടി രൂപ മുതൽ 100 കോടി രൂപ വരെയാണെങ്കിൽ, ഫീസ് 49.5 രൂപ വീതം. ഇത്തരത്തിൽ 5 സ്ലാബുകളുണ്ട്.

ഇവിടെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓരോ മാസത്തെയും മൊത്തം ഇടപാട് നോക്കി ഫീസ് ഈടാക്കുന്നതിനാൽ ബ്രോക്കറേജുകൾക്ക് ഓരോ ലക്ഷം ഇടപാടിനും 29.5 രൂപ വീതം ബാധ്യതയേ ഉണ്ടാകുന്നുള്ളൂ. എന്നാൽ, റീറ്റെയ്ൽ ഇടപാടുകാർക്ക് 49.5 രൂപ വീതം ബാധ്യത വരുന്നു. റീറ്റെയ്ൽ ഇടപാടുകാരിൽ നിന്ന് 49.5 രൂപ പിരിക്കുകയും അതിൽ നിന്ന് 29.5 രൂപ മാത്രം സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകുന്നതിലൂടെ ബ്രോക്കറേജുകൾ വരുമാനം നേടുന്നതായാണ് സെബി കണ്ടെത്തിയത്.

English Summary:

Broking Share Down after SEBI's Circular

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com