ADVERTISEMENT

ഐടി, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ ഒരു പോലെ പിന്തുണച്ചത് കഴിഞ്ഞ ആഴ്ചയിലെ അഞ്ചിൽ മൂന്ന് സെഷനുകളിലും റെക്കോർഡ് തിരുത്തി മുന്നേറാൻ ഇന്ത്യൻ വിപണിയെ സഹായിച്ചു. മുൻ ആഴ്ചയിൽ 24010 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച 1.17% മുന്നേറി 24323 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 80000 പോയിന്റിന് തൊട്ട് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാർമ, ഓയിൽ & ഗ്യാസ്, നിഫ്റ്റി സ്‌മോൾ ക്യാപ് സെക്ടറുകൾ 4%ൽ കൂടുതൽ മുന്നേറിയപ്പോൾ എച്ച്ഡിഎഫ്സി ബാങ്കിലെ ലാഭമെടുക്കലിന്റെ ആഘാതത്തിൽ ബാങ്ക് നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചു.

ടെക് റിസൾട്ടുകൾ ഈയാഴ്ച
 

ടെക് ഭീമന്മാരുടെ റിസൾട്ടുകൾ ഈയാഴ്ചയും അടുത്ത ആഴ്ചയും വിപണി കൈയടക്കുന്നത് ടെക് ഓഹരികൾക്കൊപ്പം നിഫ്റ്റിക്കും പ്രധാനമാണ്. ടിസിഎസ്, ടാറ്റ എൽഎക്സി, എച്ച്സിഎൽ ടെക് എന്നിവയുടെ ഈയാഴ്ച വരുന്ന റിസൾട്ടുകൾ ഇന്ത്യൻ വിപണിയുടെ തന്നെ ഗതി നിർണയിക്കും. ഫെഡ് നിരക്ക് കുറയ്ക്കൽ സാധ്യതയുടെ കൂടി അടിസ്ഥാനത്തിൽ മിഡ് ക്യാപ് ഐടി ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

ബജറ്റ്
 

രാജ്യാന്തര ഘടകങ്ങൾക്കൊപ്പം ബജറ്റ് പ്രതീക്ഷകളും റിസൾട്ടുകളും തന്നെയായിരിക്കും അടുത്ത ആഴ്ചയിലും ഇന്ത്യൻ വിപണിയെ നയിക്കുക. ജൂലൈ 23ന് ആണ് ബജറ്റ് അവതരണം. ബജറ്റ് കേന്ദ്രീകൃത ഓഹരികളും സെക്ടറുകളും അടുത്ത ആഴ്ചകളിലും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബജറ്റ് ലക്ഷ്യത്തെ വച്ച് മുന്നേറുന്ന ഓഹരികളും, സെക്ടറുകളും ബജറ്റ് പ്രഖ്യാപനശേഷം ലാഭമെടുക്കലിൽ ‘’പെടാ’’നുള്ള സാധ്യതയും നിക്ഷേപകർ കരുതിയിരിക്കണം. 

New Delhi: BJP MP Nirmala Sitharaman takes oath as minister during the swearing-in ceremony of new Union government, at Rashtrapati Bhavan in New Delhi, Sunday, June 9, 2024. (PTI Photo/Atul Yadav)(PTI06_09_2024_000324B)
New Delhi: BJP MP Nirmala Sitharaman takes oath as minister during the swearing-in ceremony of new Union government, at Rashtrapati Bhavan in New Delhi, Sunday, June 9, 2024. (PTI Photo/Atul Yadav)(PTI06_09_2024_000324B)

ഹൗസിങ്, വളം, ഇവി, ഡിഫൻസ്, റെയിൽ ഓഹരികൾ ബജറ്റ് വരെ നിക്ഷേപത്തിന് അനുയോജ്യമാണ്. ഇൻഫ്രാ, മാനുഫാക്ച്ചറിങ്, റിന്യൂവബിൾ എനർജി മേഖലകളും ബജറ്റിൽ പ്രത്യേക ശ്രദ്ധ പ്രതീക്ഷിക്കുന്നു, 

ഫെഡ് വിശദീകരണം
 

വെള്ളിയാഴ്ച വന്ന നോൺ ഫാം പേറോൾ ഡേറ്റ പ്രകാരം ജൂണിൽ അമേരിക്കയുടെ തൊഴിൽ ലഭ്യതയിൽ മുൻമാസത്തിൽ നിന്നു കുറവ് വന്നത് വെള്ളിയാഴ്ച ബോണ്ട് യീൽഡിനും ഡോളറിനും തിരുത്തൽ നൽകിയപ്പോൾ അമേരിക്കൻ വിപണി വെള്ളിയാഴ്ച വീണ്ടും റെക്കോർഡ് ഉയരങ്ങൾ താണ്ടി. കഴിഞ്ഞ ഒരു വർഷം കാലയളവിൽ 33% മുന്നേറ്റം നേടിയ നാസ്ഡാക് വെള്ളിയാഴ്ച സർവകാല റെക്കോർഡായ 18366 പോയിന്റും കുറിച്ചു.

അടുത്ത ആഴ്ചയിൽ ഫെഡ് ചെയർമാൻ ജെറോം പവൽ ഇരു സഭകളുടെയും സംയുക്ത സാമ്പത്തികകാര്യ സമിതിക്ക് മുൻപാകെ വിശദീകരണം നൽകാനിരിക്കുന്നതും, അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളുമായിരിക്കും വിപണിയുടെ താളം നിർണയിക്കുക. മെയ് മാസത്തിൽ 3.3% വാർഷിക വളർച്ച കുറിച്ച അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം ജൂണിലും വല്ലാതെ മുന്നേറിയിട്ടുണ്ടാകില്ല എന്ന പ്രത്യാശയിലാണ് വിപണി.   

ലോകവിപണിയിൽ അടുത്ത ആഴ്ച
 

ചൊവ്വാഴ്ചയും, ബുധനാഴ്ചയും ഫെഡ് ചെയർമാന്റെ വിശദീകരണങ്ങളും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും, വെള്ളിയാഴ്ച റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും അമേരിക്കൻ വിപണിയെയും സ്വാധീനിക്കും. ചൈനയുടെ സിപിഐ, പിപിഐ ഡേറ്റകൾ ബുധനാഴ്‌ച ഏഷ്യൻ വിപണികളെ സ്വാധീനിക്കും. ബ്രിട്ടീഷ് ജിഡിപിയും, വ്യവസായികോൽപാദന കണക്കുകളും ബുധനാഴ്ച യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും. ഇന്ത്യയുടെ ജൂണിലെ പണപ്പെരുപ്പക്കണക്കുകളും, മെയ് മാസത്തിലെ വ്യവസായികോല്പാദനകണക്കുകളും വെള്ളിയാഴ്ചയാണ് പുറത്ത് വരുന്നത്.

ഓഹരികളും സെക്ടറുകളും
 

ഡിഫൻസ് ഓഹരികൾ വൻകുതിപ്പ് തുടരുകയാണ്. 2023-2024ൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം 1.27 ലക്ഷം കോടിയെന്ന റെക്കോർഡ് കടന്നതും പുതിയ ഓർഡറുകളുമാണ് ഡിഫൻസ് സെക്ടറിന് അനുകൂലമായത്.

shipyard

കപ്പൽ നിർമാണത്തിലും പരിപാലനത്തിലും 2047-ഓടെ ഇന്ത്യയെ ലോകത്തിലെ അഞ്ച് സ്ഥാനങ്ങളിലൊന്നിലെത്തിക്കാനായി ഇന്ത്യ കപ്പൽ നിർമാണനയം തന്നെ രൂപീകരിക്കാനൊരുങ്ങുന്നത് ഇന്ത്യൻ കപ്പൽ നിർമാണ മേഖലക്ക് വീണ്ടും അനുകൂലമാണ്. കഴിഞ്ഞ ആഴ്ചയിൽ മാത്രം മാസഗോൺ ഡോക്സ് 30% മുന്നേറിയപ്പോൾ, കൊച്ചിൻ ഷിപ്യാർഡ് 23%വും, ഗാർഡൻ റീച് 19%വും മുന്നേറ്റം നേടി.

ആർവിആൻഎലിനും ഇർക്കോണിനും റ്റിറ്റാഗർ വാഗണിനും ഓർഡറുകൾ ലഭ്യമായത് കൺസോളിഡേഷനിലായിരുന്ന റെയിൽ ഓഹരികൾക്ക് വെള്ളിയാഴ്ച കുതിപ്പ് നൽകി. ബജറ്റിൽ റയിൽവെയുടെ തുടർപ്രഖ്യാപനങ്ങൾ വന്നേക്കാവുന്നത് റെയിൽ ഓഹരികൾക്ക് അനുകൂലമാണ്. വളം ഓഹരികൾ ബജറ്റിന് മുന്നോടിയായി വീണ്ടും മുന്നേറ്റശ്രമം നടത്തുന്നത് നിക്ഷേപകർക്ക് അനുകൂലമാണ്. 

ബജറ്റിൽ ഈവി മേഖലക്കും കൂടുതൽ ആനുകൂല്യങ്ങളും, പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നത് ഇലക്ട്രിക് വാഹനനിർമാതാക്കൾക്കൊപ്പം ബാറ്ററി നിർമ്മാതാക്കൾക്കും അനുകൂലമാണ്. അമരരാജ ശ്രദ്ധിക്കാം. വിൻഡ് എനർജി മേഖല ഇത്തവണ ബജറ്റിൽ കൂടുതൽ ആനുകൂല്യങ്ങൾ കരസ്ഥമാക്കിയേക്കാമെന്നതും അനുകൂലമാണ്. സീമെൻസ് വിൻഡ് ടർബൈൻ നിർമാണത്തിൽ നിന്ന് പിന്മാറുന്നതും സുസ്‌ലോണിനും, ഐനോക്‌സ് വിൻഡിനും അനുകൂലമാണ്. 

എച്ച്ഡിഎഫ്സി ബാങ്കിൽ വിദേശഫണ്ടുകൾ നിക്ഷേപം വർദ്ധിപ്പിച്ചത് ഓഹരിക്ക് അനുകൂലമായെങ്കിലും ആദ്യപാദത്തിൽ ബാങ്കിന്റെ വായ്പയിലും, നിക്ഷേപത്തിലും പ്രതീക്ഷിച്ച വർധനയില്ലാതെ പോയത് ഓഹരിയിലെ ലാഭമെടുക്കലിനും കാരണമായി. 

jio

ജിയോയുടെ നിരക്ക് വർധനക്കൊപ്പം, ജിയോയുടെ ഐപിഒ ഊഹങ്ങളും റിസൾട്ടിന് മുന്നോടിയായി റിലയൻസ് ഇന്ഡസ്ട്രീസിന് അനുകൂലമാണ്. കെയർ റേറ്റിങ് റിലയൻസിന്റെ ഡിബഞ്ചറുകൾക്കും കെയർ എഎഎ, കെയർ എ+ റേറ്റിംഗ് നൽകിയതും അനുകൂലമാണ്.

ഒന്നാം പാദത്തിൽ ലോൺ ബുക്കിൽ 15% വളർച്ച നിരക്കിൽ 2.29 ലക്ഷം കോടി കൂടി കൂട്ടിച്ചേർത്ത യെസ് ബാങ്ക് ഓഹരി എസ്ബിഐ ഓഹരി വിൽപനക്ക് അനുമതി നൽകിയെന്ന വാർത്തയുടെ കൂടി പിന്തുണയിൽ മുന്നേറ്റം നേടി.

ജെഎൽആറിന്റെ ആഗോളവിൽപ്പനയിലെ വളർച്ച ടാറ്റ മോട്ടോഴ്സിന് അനുകൂലമാണ്. കമ്പനിയുടെ ഡീമെർജെർ വാർത്തകളും, ബജറ്റിലെ ഈവി പിന്തുണ പ്രതീക്ഷകളും ഓഹരിക്ക് അനുകൂലമാണ്. 

സിഡിഎസ്എൽ 1:1 നിരക്കിൽ ബോണസ് ഓഹരി പ്രഖ്യാപിച്ചത് അനുകൂലമാണ്. ശരാശരി 30 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് ഓരോ മാസവും ഇന്ത്യൻ വിപണിയിൽ പുതുതായി തുറക്കപ്പെടുന്നത്. 

ഒന്നാം പാദത്തിൽ മുൻവർഷത്തിൽ നിന്നും 27% വരുമാനവളർച്ച കുറിച്ചത് കല്യാൺ ജ്വല്ലറിക്ക് അനുകൂലമാണ്. ഓഹരി ഒരു കൊല്ലത്തിനുള്ളിൽ 233% വളർച്ചയാണ് നേടിയത്. 

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
 

ഷാൾബി, ഓഷ്യാനിക് ഫുഡ്സ്, ജിഡി ട്രേഡിങ്ങ്, സെക്യൂർ ക്രെഡൻഷ്യൽസ്, ഖുബ്‌സൂരത്ത് ലിമിറ്റഡ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. ജിഎം ബ്രൂവറീസ്, ഡെൽറ്റ കോർപ്, ആർഎസ് സോഫ്റ്റ്, വിഎൽ ഇഗവേര്ണൻസ് എന്നിവ ചൊവ്വാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

share-market

ബുധനാഴ്ച ടാറ്റ എൽഎക്‌സിയും, വ്യാഴാഴ്ച ടിസിഎസ്സും, വെള്ളിയാഴ്ച എച്ച്സിഎൽ ടെക്കും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ഐടി മേഖലക്കും, നിഫ്റ്റിക്കും പ്രധാനമാണ്. ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി, നെൽക്കോ, ആനന്ദ് രാത്തി, 5 പൈസ, ഡിമാർട്ട്, ജിയോജിത്, ജിഎൻഎ ആക്സിൽ മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ് ഓയിൽ
 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വീഴ്ച അനുകൂലമായെങ്കിലും ഗാസയിലെ വെടിനിർത്തൽ ചർച്ച ക്രൂഡ് ഓയിലിന്റെ മുന്നേറ്റം തടഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 86 ഡോളറിലാണ് തുടരുന്നത്. ഫെഡ് നിരക്ക് കുറയ്ക്കൽ പ്രതീക്ഷ ഡോളറിന് നൽകുന്ന തിരുത്തൽ ക്രിഊദ് ഓയിലിന് അനുകൂലമാവുമാണ്.

In this photo made Monday, Dec. 22, 2014, a well pump works at sunset on a farm near Sweetwater, Texas. At the heart of the Cline, a shale formation once thought to hold more oil than Saudi Arabia, Sweetwater is bracing for layoffs and budget cuts, anxious as oil prices fall and its largest investors pull back. (AP Photo/LM Otero)
(AP Photo/LM Otero)

സ്വർണം

അമേരിക്കൻ തൊഴിൽ വിപണി ക്രമപ്പെടുന്നത് ബോണ്ട് യീൽഡിന് നൽകിയ തിരുത്തൽ വെള്ളിയാഴ്ച രാജ്യാന്തര സ്വർണവിലക്ക് മികച്ച പിന്തുണ നൽകി. കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റം നേടിയ സ്വർണം 2399 ഡോളറിലാണ് ക്ളോസ് ചെയ്തത്.

English Summary:

The Indian stock market is set to be influenced by budget announcement expectations next week.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com