ADVERTISEMENT

ഇന്ത്യൻ ഓഹരി വിപണിയായ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണിമൂല്യം (market capitalization) അഥവാ നിക്ഷേപകരുടെ സംയോജിത സമ്പത്ത് ചരിത്രത്തിലാദ്യമായി 450 ലക്ഷം കോടി രൂപ കടന്നു. ഇന്ന് വ്യാപാരത്തിനിടെയായിരുന്നു (ഇൻട്രാ-ഡേ) ഈ നേട്ടം. വ്യാപാരം അവസാനിച്ചപ്പോൾ മൂല്യമുള്ളത് 449.82 ലക്ഷം കോടി രൂപയിൽ (5.39 ട്രില്യൺ ഡോളർ). ഇന്നുമാത്രം 2.51 ലക്ഷം കോടി രൂപയുടെ വർധന നിക്ഷേപക സമ്പത്തിലുണ്ടായി.

സെൻസെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ നഷ്ടത്തിലാണെങ്കിലും ഉയർന്ന വെയിറ്റേജുള്ള റിലയൻസ് ഇൻഡസ്ട്രീസ് (+2.23%), എസ്ബിഐ (+2.24%) എന്നിവ നേടിയ മികച്ച വാങ്ങൽ താൽപര്യമാണ് മൂല്യവർധനയ്ക്ക് വഴിയൊരുക്കിയത്. ഇന്ന് 79,778ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഒരുവേള 80,149 വരെ ഉയരുകയും 79,478 വരെ താഴുകയും ചെയ്തശേഷം 53.07 പോയിന്‍റ് (-0.07%) നഷ്ടത്തോടെ 79,996ലാണ് വ്യാപാരാന്ത്യത്തിലുള്ളത്. മറ്റൊരു വൻകിട ഓഹരിയായ എച്ച്ഡിഎഫ്‍സി ബാങ്ക് 5 ശതമാനത്തോളം ഇടിവ് നേരിട്ടതാണ് സെൻസെക്സിനെ നഷ്ടത്തിലേക്ക് വീഴ്ത്തിയത്. ഇന്നലെ (ജൂലൈ 4) കുറിച്ച 80,392 പോയിന്‍റാണ് സെൻസെക്സിന്‍റെ എക്കാലത്തെയും ഉയരം. നിഫ്റ്റി 21.7 പോയിന്‍റ് (+0.09%) ഉയർന്ന് 24,323.85ലും വ്യാപാരം പൂർത്തിയാക്കി.

കുതിക്കുന്ന സമ്പത്ത്
 

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ നിക്ഷേപക സമ്പത്തിലുണ്ടായ വർധന 350 ലക്ഷം കോടി രൂപയാണ്. 2015 ജനുവരിയിൽ 100 ലക്ഷം കോടി രൂപയായിരുന്ന വിപണിമൂല്യമാണ് ഇപ്പോൾ 450 ലക്ഷം കോടി രൂപ കടന്നത്. 

wealth-new-3 - 1

2017 ഡിസംബറിലായിരുന്നു 150 ലക്ഷം കോടി രൂപയെന്ന നേട്ടം. 2021 ഫെബ്രുവരിയിൽ ഇത് 200 ലക്ഷം കോടി രൂപയും 2023 ജൂലൈയിൽ 300 ലക്ഷം കോടി രൂപയുമായി. ഈവർഷം ഏപ്രിലിൽ 400 ലക്ഷം കോടി രൂപ കടന്നു. തുടർന്ന് 450 ലക്ഷം കോടി രൂപയിലേക്കെത്താൻ വേണ്ടിവന്നത് മൂന്ന് മാസത്തോളം മാത്രം.

എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയ്ക്ക് പുറമേ ഹിന്ദുസ്ഥാൻ യൂണിലവർ, എൻടിപിസി, എൽ ആൻഡ് ടി, നെസ്‍ലെ ഇന്ത്യ എന്നിവയാണ് ഇന്ന് സെൻസെക്സിന്‍റെ നേട്ടത്തിന് നേതൃത്വം നൽകിയത്. എച്ച്ഡിഎഫ്സി ബാങ്കിന് പുറമേ ടൈറ്റൻ, ടാറ്റാ സ്റ്റീൽ, അൾട്രാടെക്, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് നഷ്ടം നേരിട്ട പ്രമുഖർ.

ഉപസ്ഥാപനമായ ജിയോയുടെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (IPO) നീക്കങ്ങളുണ്ടെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് റിലയൻസിന്‍റെ നേട്ടം. ജൂൺപാദത്തിലെ പ്രാഥമിക പ്രവർത്തന ഫലം എച്ച്ഡിഎഫ്സി ബാങ്ക് പുറത്തുവിട്ടിരുന്നു. കണക്കുകൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നത് ഓഹരികളിൽ വിൽപന സമ്മർദ്ദം സൃഷ്ടിക്കുകയായിരുന്നു.

വമ്പൻ ഐപിഒയ്ക്ക് റിലയൻസ് ജിയോ?
 

ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (IPO) റിലയൻസ് ജിയോ ഒരുങ്ങുന്നതായി സൂചനകൾ. അടുത്തിടെ മൊബൈൽ ഫീസ് നിരക്കുകൾ ഉയർത്തിയ കമ്പനിയുടെ നടപടികൾ ഇതിലേക്ക് വിരൽചൂണ്ടുന്നതായാണ് വിലയിരുത്തലുകൾ.

1045262938

ജിയോയ്ക്ക് 13,300 കോടി ഡോളർ (11.11 ലക്ഷം കോടി രൂപ) മൂല്യമാണ് യുഎസ് ധനകാര്യസ്ഥാപനമായ ജെഫറീസ് കൽപിക്കുന്നത്. ഒരുലക്ഷം കോടി രൂപയ്ക്കുമേൽ മൂല്യമുള്ള കമ്പനികൾ ഐപിഒയിൽ മിനിമം 5 ശതമാനം ഓഹരികൾ വിറ്റഴിക്കണമെന്നാണ് ചട്ടം.

അങ്ങനെയെങ്കിൽ നിലവിലെ മൂല്യപ്രകാരം ജിയോ 55,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കേണ്ടി വരും. ഇത് യാഥാർത്ഥ്യമായാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമത്. 2022ൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയാണ് നിലവിലെ റെക്കോഡ്. ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിയുടെ ഇന്ത്യാഘടകം (ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ) 25,000 കോടി രൂപ ഉന്നമിട്ടുള്ള ഐപിഒയ്ക്ക് കഴിഞ്ഞമാസം അപേക്ഷ സമർപ്പിച്ചിരുന്നു.

English Summary:

Investor Wealth in Indian Stock Market Hits Historic Rs 450 Lakh Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com