ഓഹരികളിൽ മാന്ദ്യപ്പേടി; സെൻസെക്സ് 1% ഇടിഞ്ഞു, നഷ്ടം 5 ലക്ഷം കോടി, ടാറ്റാ മോട്ടോഴ്സും മാരുതിയും ഇടിവിൽ
Mail This Article
ആഗോള വിപണികളിൽ നിന്ന് ആഞ്ഞടിച്ച നഷ്ടക്കാറ്റിലുലഞ്ഞ് ഇന്ത്യൻ ഓഹരി വിപണിയും. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകൾ കരുത്താക്കി കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ച യുഎസ് ഓഹരി വിപണികൾ ഇന്നലെ കൂപ്പകുത്തിയതും യൂറോപ്യൻ, ഏഷ്യൻ വിപണികളുടെ വീഴ്ചയും ഇന്ന് ഇന്ത്യൻ ഓഹരി വിപണികളെ തുടക്കത്തിൽ തന്നെ ചോരക്കളമാക്കുകയായിരുന്നു.
വ്യാപാരം ആരംഭിച്ച് ആദ്യ രണ്ടുമണിക്കൂറിലേക്ക് കടക്കുമ്പോഴേക്കും സെൻസെക്സിന് ഒരു ശതമാനത്തിലധികം നഷ്ടം വന്നുകഴിഞ്ഞു. നിഫ്റ്റി 0.95 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് വ്യാപാരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ 5 ലക്ഷം കോടി രൂപയിലധികം കൊഴിഞ്ഞു. ഇന്നലെ 461.62 ലക്ഷം കോടി രൂപയായിരുന്ന മൂല്യം ഇപ്പോഴുള്ളത് 456.59 ലക്ഷം കോടി രൂപയിൽ.
ഗിഫ്റ്റ് നിഫ്റ്റിയിൽ നിഫ്റ്റി ഫ്യൂച്ചേഴ്സ് 249 ശതമാനം ഇടിഞ്ഞപ്പോൾ തന്നെ ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന് ഉറപ്പായിരുന്നു.
നഷ്ടക്കളമായി വിപണി
ഇന്നലെ ചരിത്രത്തിലാദ്യമായി 82,000 പോയിന്റ് ഭേദിച്ച സെൻസെക്സ് 81,100 പോയിന്റും ഇന്നലെ 25,000 എന്ന നാഴികക്കല്ല് താണ്ടിയ നിഫ്റ്റി 24,770 പോയിന്റ് നിലവാരത്തിലുമാണ് നിലവിലുള്ളത്. നിഫ്റ്റി 50ൽ വെറും 5 കമ്പനികളേ പച്ച തൊട്ടിട്ടുള്ളൂ. 45 കമ്പനികളുടെ ഓഹരികളിൽ വ്യാപാരം നടക്കുന്നത് നഷ്ടത്തിൽ.
എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, അപ്പോളോ ഹോസ്പിറ്റൽസ്, ഡോ, റെഡ്ഡീസ്, ഡിവീസ് ലാബ് എന്നിവയാണ് 0.4-1.29 ശതമാനം ഉയർന്ന് നേട്ടത്തിലുള്ളവ. ടാറ്റാ മോട്ടോഴ്സ് 3.65 ശതമാനം ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതാണ്. ഐഷർ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ,, ഹിൻഡാൽകോ എന്നിവ 2.78-3.07 ശതമാനം ഇടിഞ്ഞ് തൊട്ടുപിന്നാലെയുണ്ട്.
വിശാല വിപണിയിൽ 2.14 ശതമാനം ഇടിഞ്ഞ് നിഫ്റ്റി മെറ്റൽ സൂചികയാണ് കൂടുതൽ നഷ്ടത്തിലുള്ളത്. ആഗോള മാന്ദ്യപ്പേടിയാണ് മെറ്റൽ ഓഹരികളെ വലയ്ക്കുന്നത്. നിഫ്റ്റി റിയൽറ്റി, ഓട്ടോ സൂചികളും രണ്ടു ശതമാനത്തിനടുത്ത് നഷ്ടത്തിലാണ്.
ബിഎസ്ഇയിൽ 3,325 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 936 എണ്ണമേ നേട്ടം കുറിച്ചുള്ളൂ. 2,297 എണ്ണം നഷ്ടത്തിൽ. 104 ഓഹരികളുടെ വില മാറിയില്ല. 124 ഓഹരികൾ 52-ആഴ്ചത്തെ ഉയരത്തിലും 19 എണ്ണം താഴ്ചയിലുമുണ്ട്. 118 ഓഹരികൾ അപ്പർ-സർക്യൂട്ടിലും 66 എണ്ണം ലോവർ-സർക്യൂട്ടിലും വ്യാപാരം ചെയ്യുന്നു.
ബിഎസ്ഇയിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, സൺ ഫാർമ എന്നിവയൊഴികെ മറ്റ് ഓഹരികളെല്ലാം ചുവന്നു. 0.25 മുതൽ 1.16 ശതമാനം വരെയാണ് ഇവയുടെ നേട്ടം. 3.46 ശതമാനം ഇടിഞ്ഞ് ടാറ്റാ മോട്ടോഴ്സാണ് നഷ്ടത്തിൽ മുന്നിൽ.
ചോരപ്പുഴയൊഴുക്കി അമേരിക്ക
അമേരിക്കൻ ഓഹരി വിപണികളായ ഡൗ ജോൺസ് 492.82 പോയിന്റും (1.21%) എസ് ആൻഡ് പി 500 സൂചിക 1.37 ശതമാനവും നാസ്ഡാക്ക് കോമ്പസൈറ്റ് 2.3 ശതമാനവും വീണത് ആഗോള ഓഹരി വിപണികളിൽ വിറ്റൊഴിയൽ സമ്മർദ്ദത്തിന് വഴിവയ്ക്കുകയായിരുന്നു. പലിശഭാരം കുറയുമെന്ന പ്രതീക്ഷയിന്മേൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മുന്നേറ്റത്തിന് സഡൻ ബ്രേക്കിട്ടാണ് അമേരിക്കൻ വിപണികളുടെ വീഴ്ച.
ഇതിന് ചില പ്രധാന കാരണങ്ങളാണുള്ളത്.
1. തൊഴിലില്ലായ്മ നിരക്ക് കൂടി: അമേരിക്കയിൽ കഴിഞ്ഞയാഴ്ചത്തെ തൊഴിലില്ലായ്മ നിരക്ക് 14,000 വർധിച്ച് 11-മാസത്തെ ഉയരമായ 2.49 ലക്ഷത്തിലെത്തി. ഇതോടെ രാജ്യത്ത് മാന്ദ്യഭീതി ശക്തമായത് ഓഹരി വിപണികളെ തളർത്തുകയായിരുന്നു.
2. മാനുഫാക്ചറിങ് തളർച്ച: രാജ്യത്ത് ഫാക്ടറി പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നെന്ന് സൂചിപ്പിച്ച് മാനുഫാക്ചറിങ് സൂചിക 46.8 ശതമാനത്തിലേക്ക് താഴ്ന്നു. ഇത് പ്രതീക്ഷിച്ചതിനേക്കാളും താഴെയാണെന്ന് മാത്രമല്ല, മാന്ദ്യപ്പേടിക്ക് ആക്കംകൂട്ടുന്ന കണക്കുമാണ്.
3. ബോണ്ട് ഇടിഞ്ഞു: തൊഴിലില്ലായ്മ കൂടിയെന്നും മാനുഫാക്ചറിങ് രംഗം തളരുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) 4 ശതമാനത്തിന് താഴേക്ക് തകർന്നടിഞ്ഞു. 3.961 ശതമാനമാണ് ഇപ്പോൾ 10 വർഷ ബോണ്ട് യീൽഡ്. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണിത് 4 ശതമാനത്തിന് താഴെപ്പോകുന്നത്.
4. ടെക് ഭീമന്മാരുടെ വീഴ്ച: ഇന്റൽ കോർപ്പറേഷൻ, ആമസോൺ, ടെസ്‍ല, ആപ്പിൾ തുടങ്ങി പ്രമുഖ യുഎസ് ടെക്നോളജി കമ്പനി ഓഹരികൾ 20 ശതമാനം വരെ ഇടിഞ്ഞതും ക്ഷീണമായി. ലാഭവിഹിതം സസ്പെൻഡ് ചെയ്യാനും വരുമാന പ്രതീക്ഷ വെട്ടിക്കുറയ്ക്കാനും ജീവനക്കാരെ കുറയ്ക്കാനും തീരുമാനിച്ച ഇന്റലിന്റെ നടപടി കമ്പനിയുടെ ഓഹരികൾക്ക് തിരിച്ചടിയായി.
യൂറോപ്പും ഏഷ്യയും
യൂറോപ്യൻ വിപണികൾ ഇന്നലെ മൂന്ന് ശതമാനത്തിനടുത്ത് നഷ്ടത്തിലായിരുന്നു. ഏഷ്യയിൽ ജാപ്പനീസ് വിപണിയായ നിക്കേയ് 5 ശതമാനം കൂപ്പുകുത്തി. അമേരിക്കയിൽ നിന്ന് വീശിയ നഷ്ടക്കാറ്റാണ് ജപ്പാനെയും വലച്ചതും ആറ് മാസത്തെ താഴ്ചയിലേക്ക് തള്ളിയതും. പലിശനയം കടുപ്പിക്കാനുള്ള ജാപ്പനീസ് കേന്ദ്രബാങ്കിന്റെ നീക്കവും തിരിച്ചടിയായി. കൊറിയൻ, ഓസ്ട്രേലിയൻ വിപണികളും 2-3 ശതമാനം നഷ്ടത്തിലാണുള്ളത്.