ADVERTISEMENT

സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ് പിപിഎഫ്. നിക്ഷേപകര്‍ക്ക് പിപിഎഫ് അക്കൗണ്ടില്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പണമടയ്ക്കാം.
പിപിഎഫ് അക്കൗണ്ടുള്ള ബാങ്ക്/ പോസ്റ്റ് ഓഫീസ് ശാഖ സന്ദര്‍ശിച്ച് നേരിട്ട് പണം / ചെക് നല്‍കുന്നതാണ് പരമ്പരാഗത രീതി. എന്നാല്‍ ഇപ്പോള്‍ പിപിഎഫ് അക്കൗണ്ടിലേക്ക്  ഓണ്‍ലൈന്‍ വഴി പണമടയ്ക്കാനുള്ള സൗകര്യം ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ലഭ്യമാക്കുന്നുണ്ട്. നിങ്ങള്‍ക്ക്  സേവിങ്‌സ് അക്കൗണ്ട് ഉള്ള അതേ ബാങ്കില്‍ തന്നെയാണ് പിപിഎഫ് അക്കൗണ്ടും ഉള്ളതെങ്കില്‍  ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വളരെ എളുപ്പത്തില്‍ സാധ്യമാകും.വ്യത്യസ്ത ബാങ്കിലാണ് സേവിങ്‌സ് അക്കൗണ്ട് എങ്കിലും വിവിധ മാര്‍ഗങ്ങളിലൂടെ പിപിഎഫ് അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണം അടയ്ക്കാന്‍ കഴിയും.

മൂന്ന് വ്യത്യസ്ത തരത്തില്‍ പിപിഎഫ് അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി നിക്ഷേപം നടത്താം.
പിപിഎഫ് നിക്ഷേപകര്‍ക്ക് അവരുടെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്യാം. ഒരേ ബാങ്കില്‍ തന്നെയാണ് പിപിഎഫ് അക്കൗണ്ടും സേവിങ്‌സ് അക്കൗണ്ടും എങ്കില്‍ നേരിട്ട് ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം. അതല്ല വ്യത്യസ്ത ബാങ്കുകളിലാണ് പിപിഎഫ് അക്കൗണ്ടും സേവിങ്‌സ് അക്കൗണ്ടും എങ്കില്‍  എന്‍ഇഎഫ്ടി  അല്ലെങ്കില്‍ ഇസിഎസ് നിര്‍ദ്ദേശം ഉപയോഗിച്ച് പിപിഎഫ് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം.  
ഒരേ ബാങ്കിലെ സേവിങ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്ത് കൃത്യമായി നിക്ഷേപം നടത്തുന്നതാണ് മികച്ച മാര്‍ഗം. സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും നിശ്ചിത തുക  മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്ന തീയതില്‍ പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് ബാങ്കുകള്‍ക്ക് സ്റ്റാന്‍ഡിങ് നിര്‍ദ്ദേശം നല്‍കാന്‍ കഴിയും.

പിപിഎഫ്  അക്കൗണ്ടില്‍ ഓണ്‍ലൈന്‍ പേമെന്റ് നടത്താവുന്ന വിവിധ മാര്‍ഗങ്ങള്‍

1. എന്‍ഇഎഫ്ടി

രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍  ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് എന്‍ഇഎഫ്ടി അഥവ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍. നെറ്റ് ബാങ്കിങ് വഴി  ഓണ്‍ലൈനായി ഇത് ചെയ്യാം.

എന്‍ഇഎഫ്ടി വഴി പിപിഎഫ് അക്കൗണ്ടിലേക്ക്  പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന്

∙ ആദ്യം ഇരു ബാങ്കുകളും എന്‍ഇഎഫ്ടി സൗകര്യം ലഭ്യമാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
∙ പിപിഎഫ് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് രണ്ട് ബാങ്കുകളിലും  എന്‍ഇഎഫ്ടി വഴിയുള്ള പണമിടപാട് സാധ്യമായിരിക്കണം.
∙ ഓണ്‍ലൈന്‍ പേമെന്റ് നടത്തുന്നതിന് പിപിഎഫ് അക്കൗണ്ടുള്ള  ബാങ്ക് ശാഖയുടെ ഐഎഫ്എസ്‌സി  കോഡും പിപിഎഫ് അക്കൗണ്ട് നമ്പറും അറിഞ്ഞിരിക്കണം.
∙ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും കറന്റ് അക്കൗണ്ടില്‍ നിന്നും എന്‍ഇഎഫ്ടി വഴി പണം അടയ്ക്കാം.
∙ ഓരേ ബാങ്കിലെ അക്കൗണ്ടുകള്‍ തമ്മിലും  ( intrabanking) വ്യത്യസ്ത ബാങ്കിലെ അക്കൗണ്ടുകള്‍ തമ്മിലും   (interbanking) ഇത്തരത്തില്‍ ഇടപാട് നടത്താം.
∙ എന്‍ഇഎഫ്ടി വഴിയുള്ള പണമിടപാട് ഇപ്പോള്‍ ആഴ്ചയില്‍ എല്ലാ ദിവസവും ഏത് സമയത്തും സാധ്യമാണ്.
∙ എന്‍ഇഎഫ്ടി വഴി പണമടയ്ക്കുമ്പോള്‍ പിപിഎഫ് അക്കൗണ്ടിലേക്ക്  പണം എത്താന്‍ കുറച്ചു കാലതാമസം ഉണ്ടായേക്കാം.

ഇസിഎസ് ഉത്തരവ്

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊന്നിലേക്ക് നിശ്ചിത ഇടവേളകളില്‍ പണം കൈമാറുന്നതിന് വേണ്ടിയുള്ള പ്രക്രിയയാണ് ഇസിഎസ് അഥവ ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം  ഉത്തരവ് ( ECS mandate). പിപിഎഫ് അക്കൗണ്ടിന് വേണ്ടിയും നിങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. ഇസിഎസ് ഉത്തരവിലൂടെ, നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും നിശ്ചിത തുക സ്വയമേവ പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടും. ഇന്റര്‍ബാങ്ക് ട്രാന്‍സ്ഫര്‍ അഥവ വ്യത്യസ്ത ബാങ്കുകളിലായുള്ള ഫണ്ട് ട്രാന്‍സ്ഫറിന്  ഈ മാര്‍ഗം ഉപയോഗിക്കാം.

ഇസിഎസ് ഉത്തരവ്  നല്‍കുന്നതിന്

. ബാങ്കിന്റെ ശാഖ സന്ദര്‍ശിച്ച് ഇസിഎസ് മാന്‍ഡേറ്റ് ഫോം ഒപ്പിട്ട് സമര്‍പ്പിക്കുക.

. ഇത് പ്രകാരം നിങ്ങളുടെ സേവിങ്‌സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടില്‍ നിന്നും നിശ്ചിത തുക മുന്‍കൂട്ടി നിര്‍ദ്ദേശിച്ചിട്ടുള്ള തീയതിയില്‍ ഡെബിറ്റ് ചെയ്യുകയും  അതേ ദിവസം തന്നെ നിങ്ങളുടെ  പിപിഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യും.

. എന്‍ഇഎഫ്ടി പോലെ തന്നെ ഇസിഎസും ഒരേ ബാങ്കുകളിലെയും വ്യത്യസ്ത ബാങ്കുകളിലേയും അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉപയോഗിക്കാം.

സ്റ്റാന്‍ഡിങ് നിര്‍ദ്ദേശം

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും  പിപിഎഫ് അക്കൗണ്ടിലേക്ക് നിശ്ചിത തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന  പ്രക്രിയ ആണിത്. രണ്ട് അക്കൗണ്ടുകളും ഒരേ ബാങ്കിലായിരിക്കണം. ഇതിലൂടെ ഒരാള്‍ക്ക് മാസം തോറും അല്ലെങ്കില്‍ ദിവസം തോറും നിക്ഷേപം നടത്താന്‍ സാധിക്കും. എന്നാല്‍, ഒരു സാമ്പത്തിക വര്‍ഷം പിപിഎഫ് അക്കൗണ്ടിലേക്കുള്ള പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.  ബാങ്കുകള്‍ക്ക് ഒരു പ്രാവശ്യം സ്റ്റാന്‍ഡിങ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞാല്‍ നിങ്ങളുടെ സേവിങ്‌സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടില്‍ നിന്നും നിശ്ചിത തുക ഡെബിറ്റ് ചെയ്ത്  പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
പിപിഎഫ് അക്കൗണ്ടില്‍ ഒരു വര്‍ഷം കുറഞ്ഞത് 500 രൂപയുടെ നിക്ഷേപം നടത്തിയിരിക്കണം. പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി 15 വര്‍ഷമാണ്. മാസം തോറും നിശ്ചിത തുക നിക്ഷേപിക്കുന്നതിന് ബാങ്കുകളില്‍ സ്റ്റാന്‍ഡിങ് നിര്‍ദ്ദേശം നല്‍കി കൊണ്ട് പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ കഴിയും . സ്റ്റാന്‍ഡിങ് നിര്‍ദ്ദേശം നല്‍കണം എന്നത് നിര്‍ബന്ധമല്ല. അല്ലാതെയും പിപിഎഫ് അക്കൗണ്ട് തുടങ്ങാം.

മൊബൈല്‍ ബാങ്കിങ് ആപ്പ്

ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ സൗകര്യം  ലഭ്യമാകും. മൊബൈല്‍ ആപ്പ് ഉപയോഗിച്ചും പിപിഎഫില്‍ നിക്ഷേപം നടത്താന്‍ കഴിയും. അതിനായി പിപിഎഫ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com