അർബുദം ബാധിച്ച് 40–ാം വയസ്സിൽ മരണം; ബംഗ്ലദേശ് താരം മുഷറഫ് ഹുസൈന് വിട
Mail This Article
ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈൻ അന്തരിച്ചു. തലച്ചോറിന് അർബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് നാൽപ്പതുകാരനായ ഹുസൈന്റെ അന്ത്യം. 2019 മാർച്ചിലാണ് ഹുസൈന് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ചികിത്സയ്‌ക്കൊടുവിൽ അസുഖം ഭേദമായെങ്കിലും 2020 നവംബറിൽ വീണ്ടും അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബംഗ്ലദേശ് ക്രിക്കറ്റ് വൃത്തങ്ങളിൽ റൂബൽ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന താരം, ആഭ്യന്തര ക്രിക്കറ്റിൽ 3000 റൺസും 300 വിക്കറ്റും തികച്ച ഏഴ് ബംഗ്ലദേശ് താരങ്ങളിൽ ഒരാളാണ്. 2013ലെ ബംഗ്ലദേശ് പ്രിമിയർ ലീഗ് ഫൈനലിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് കരിയറിലെ തിളങ്ങുന്ന ഏടാണ്. ബംഗ്ലദേശ് പ്രിമിയർ ലീഗ് ഫൈനലുകളിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിട്ടുള്ള മൂന്ന് ബംഗ്ലദേശ് താരങ്ങളിൽ ആദ്യത്തെയാളെന്ന നേട്ടവും റൂബലിനു സ്വന്തം. തമിം ഇക്ബാൽ (2019), അലോക് കപാലി (2015) എന്നിവരാണ് മറ്റുള്ളവർ.
രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് മത്സരങ്ങൾക്കിടെ ഏറ്റവും കൂടുതൽ ഇടവേള സംഭവിച്ചിട്ടുള്ള ബംഗ്ലദേശ് താരം കൂടിയാണ് റൂബൽ. 2008ൽ ബംഗ്ലദേശ് ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച താരം, പിന്നീട് ദേശീയ ടീമിലെത്തുന്നത് എട്ടു വർഷങ്ങൾക്കുശേഷം 2016ൽ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കാണ്. പിന്നീട് ഇംഗ്ലണ്ടിനെതിരെയും ഏകദിന മത്സരം കളിച്ചു. ഇതാണ് രാജ്യാന്തര ക്രിക്കറ്റിലെ അവസാന മത്സരം.
രാജ്യാന്തര തലത്തിൽ അഞ്ച് ഏകദിനങ്ങളിൽനിന്നായി നാലു വിക്കറ്റും 26 റൺസും നേടി. 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 112 മത്സരങ്ങളിൽനിന്ന് 23.94 ശരാശരിയിൽ 3305 റൺസ് നേടി. ഇതിൽ രണ്ട് സെഞ്ചുറികളും 16 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 392 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 17 നാല് വിക്കറ്റ് നേട്ടങ്ങളും 19 അഞ്ച് വിക്കറ്റ് നേട്ടങ്ങളും സ്വന്തമാക്കി.
English Summary: Former Bangladesh cricketer Mosharraf Hossain Rubel dies of cancer