ബാബർ ഇന്ത്യയില്‍ സെഞ്ചറികൾ നേടുമെന്നു കരുതി, ഇനിയും തിരിച്ചുവരാനാകുമെന്ന് ഗൗതം ഗംഭീർ
Mail This Article
മുംബൈ∙ ഏകദിന ലോകകപ്പിൽ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് പാക്കിസ്ഥാനുള്ളത്. ഇന്ത്യയോടും ഓസ്ട്രേലിയയോടും കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനോടും തോറ്റതോടെ സെമിയിലെത്താതെ പാക്കിസ്ഥാൻ പുറത്താകുമോയെന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ പാക്കിസ്ഥാൻ ടീമിന്റെ സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടുമില്ല. ഇനിയുള്ള മത്സരങ്ങൾ തുടർച്ചയായി ജയിച്ചാൽ പാക്കിസ്ഥാനു സെമി ഉറപ്പാക്കാനാകും. ക്യാപ്റ്റന്‍ ബാബർ അസമിനേപ്പോലുള്ള ലോകോത്തര ബാറ്റർമാര്‍ ടീമിലുണ്ടായിട്ടും പാക്കിസ്ഥാൻ തുടർച്ചയായി പരാജയപ്പെടുന്നതില്‍ മാനേജ്മെന്റും ആരാധകരും അസ്വസ്ഥരാണ്.
ആദ്യ നാലു മത്സരങ്ങളിൽ 5,10,50,18 എന്നിങ്ങനെയായിരുന്നു ബാബറിന്റെ സ്കോറുകൾ. ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരെ 92 പന്തുകളിൽനിന്ന് 74 റൺസ് താരം നേടി. പ്രതീക്ഷിച്ച പ്രകടനം ലോകകപ്പിൽ പുറത്തെടുക്കാൻ ബാബർ അസമിനു സാധിച്ചില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പ്രതികരിച്ചു. ‘‘ബാബർ അസം കടുത്ത സമ്മർദത്തിലാണ്. പാക്കിസ്ഥാൻ ടീമിലാകെയും ആ സമ്മര്‍ദമുണ്ട്. ബാബർ ഇന്ത്യൻ പിച്ചുകളിൽ മൂന്നോ നാലോ സെഞ്ചറികൾ നേടുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നു. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ആദ്യ അഞ്ചിൽ ബാബറുമുണ്ടാകുമെന്നാണു കരുതിയത്.’’ ഗംഭീർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഇനിയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ബാബറിനു സാധിക്കും. ബാബർ അസം റണ്‍സെടുക്കുകയും ടീമിനെ വിജയിപ്പിക്കുകയും വേണം. 60–70 പന്തുകളില്‍ അർധ സെഞ്ചറി തികച്ചിട്ട് ഒരു കാര്യവുമില്ല. 120 പന്തിൽ 80 റൺസെടുത്താലും കാര്യമില്ല. ഇന്ത്യയ്ക്കെതിരെ കളിച്ചതുപോലുള്ള ബാറ്റിങ്ങിലൂടെ ബാബർ പിന്നീടു വരുന്ന ബാറ്റർമാരെ കൂടി സമ്മര്‍ദത്തിലാക്കുകയാണ്. ടീം അഗ്രസീവായി കളിക്കണമെങ്കിൽ നിങ്ങൾ തന്നെ മുന്നിൽനിന്നു നയിക്കേണ്ടിവരും.’’
ബാബർ അസം സ്വതന്ത്രനായി കളിക്കണമെന്നും പാക്കിസ്ഥാനു സെമിയിലെത്താൻ മികച്ച ക്യാപ്റ്റന്‍സി പുറത്തെടുക്കേണ്ടിവരുമെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി. ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ മറ്റൊരു വിജയഗാഥയ്ക്കാണ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിയാക്കിയാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. 49 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാൻ നേടിയത് 286 റൺസ്; എട്ടു വിക്കറ്റിന്റെ മിന്നും ജയം.
ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ രണ്ടാം ജയമാണ് ഇത്. നേരത്തേ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ അവർ അട്ടിമറിച്ചിരുന്നു. ഇതോടെ നാലു പോയിന്റുമായി അവസാന സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേയ്ക്ക് അഫ്ഗാൻ കുതിച്ചു. തുടർച്ചയായ മൂന്നു തോൽവി വഴങ്ങിയ പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവരുടെ അടുത്ത മത്സരം.