‘സ്വയം പുറത്തായി’ ലങ്കൻ ബാറ്റർ, രോഷത്തിൽ ഹെല്‍മറ്റ് വലിച്ചെറിഞ്ഞു; എന്താണ് ടൈംഡ് ഔട്ട്?
Mail This Article
ന്യൂഡൽഹി∙ ക്രിക്കറ്റിലെ അപൂർവ പുറത്താകലിനു വേദിയായി ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയം. ശ്രീലങ്ക– ബംഗ്ലദേശ് മത്സരത്തിൽ ലങ്കൻ താരം ഏഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് ആയാണ് ഗ്രൗണ്ട് വിട്ടത്. നിശ്ചിത സമയത്തിനകം ബാറ്റിങ്ങിന് തയാറാകാത്ത മാത്യൂസിനോട് അംപയർ ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയായിരുന്നു. രോഷത്തോടെ ഗ്രൗണ്ടിൽനിന്നു മടങ്ങിയ താരം ഡഗ് ഔട്ടില്‍ ഹെൽമറ്റ് വലിച്ചെറിഞ്ഞ് ഡ്രസിങ് റൂമിലേക്കു കയറിപ്പോയി.
മത്സരത്തിൽ ആറാമനായാണ് ഏഞ്ചലോ മാത്യൂസ് ബാറ്റിങ്ങിന് ഇറങ്ങിയത്. സദീര സമരവിക്രമ ഷാക്കിബ് അൽ ഹസന്റെ പന്തിൽ പുറത്തായപ്പോഴായിരുന്നു താരത്തിന്റെ വരവ്. ഹെൽമറ്റ് വയ്ക്കുന്നതിനിടെ സ്ട്രാപ് പൊട്ടിപ്പോയതോടെ താരം പുതിയ ഹെൽമറ്റിനായി ആവശ്യപ്പെട്ടു. ഈ സമയത്താണ് ബംഗ്ലദേശ് ക്യാപ്റ്റൻ ബുദ്ധിപൂർവം ടൈംഡ് ഔട്ട് എന്ന നീക്കം നടത്തിയത്. തുടർന്ന് ഏഞ്ചലോ മാത്യൂസ് ബംഗ്ലദേശ് താരങ്ങളുമായും അംപയറുമായും സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല.
രാജ്യാന്തര ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ ബാറ്ററാണ് ഏഞ്ചലോ മാത്യൂസ്. 3.49നാണ് സദീര സമരവിക്രമ പുറത്തായത്. 3.54ന് മാത്യൂസിനെതിരെ ടൈംഡ് ഔട്ട് വിളിച്ചു. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റർ പുറത്തായി, രണ്ടു മിനിറ്റിനകം അടുത്ത ബാറ്റർ പന്തു നേരിടാൻ തയാറാകണമെന്നാണ്. അല്ലെങ്കിൽ എതിർ ടീമിന് ടൈംഡ് ഔട്ട് ആവശ്യപ്പെടാം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 49.3 ഓവറിൽ 279 റണ്‍സെടുത്തു പുറത്തായി. സെഞ്ചറി നേടിയ ചരിത് അസലങ്കയാണ് ശ്രീലങ്കയെ മുന്നിൽനിന്നു നയിച്ചത്. 105 പന്തിൽ 108 റൺസെടുത്തു താരം പുറത്തായി.