ആകെ കിട്ടിയത് ഒരു വിക്കറ്റ്, ആദ്യ ഓവർ ‘തന്ത്രം’ മാറ്റി പാണ്ഡ്യ; രാജസ്ഥാനെതിരെ പന്തെറിയാൻ മടി
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പന്തെറിയാന്‍ മടിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആദ്യ ഓവറിൽ തന്നെ പന്തെറിയാൻ എത്തിയ പാണ്ഡ്യ, രാജസ്ഥാനെതിരെ ഓരോവർ പോലും എറിയാൻ നിന്നില്ല. ഗുജറാത്തിനെതിരെ രണ്ടോവറുകൾ എറിഞ്ഞു തീർത്തതിനു ശേഷമാണ് സ്പെഷലിസ്റ്റ് ബോളറായ ജസ്പ്രീത് ബുമ്രയ്ക്കു പോലും പാണ്ഡ്യ പന്തു നല്‍കിയത്. കളി തോറ്റതോടെ മുംബൈ ക്യാപ്റ്റന്റെ ഈ തീരുമാനം വ്യാപകമായി വിമർശിക്കപ്പെട്ടു.
ഗുജറാത്തിനെതിരെ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ബുമ്ര മുംബൈയ്ക്കായി വിക്കറ്റും വീഴ്ത്തിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ടൈറ്റൻസിനെതിരെ പാണ്ഡ്യ മൂന്ന് ഓവറുകൾ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയിരുന്നില്ല. താരം 30 റൺസ് വഴങ്ങുകയും ചെയ്തു. നാല് ഓവറിൽ 14 റൺസ് വഴങ്ങി ബുമ്ര ഈ കളിയിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഗുജറാത്തിനെതിരെ മുംബൈ ആറു റൺസിനു തോറ്റിരുന്നു.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ എവേ മത്സരത്തിൽ പാണ്ഡ്യയാണ് രണ്ടാം ഓവർ എറിഞ്ഞത്. വിദേശ താരം മപാകയുടെ ആദ്യ ഓവറിനു ശേഷമായിരുന്നു പാണ്ഡ്യയുടെ എൻട്രി. ഈ കളിയിലും ബുമ്ര നാലാം ഓവറാണ് എറിഞ്ഞത്. നാല് ഓവറുകൾ പൂർത്തിയാക്കിയ പാണ്ഡ്യയ്ക്ക് ഹൈദരാബാദിൽ ഒരു വിക്കറ്റു ലഭിച്ചു. 46 റൺസാണ് പാണ്ഡ്യ വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തപ്പോൾ, മുംബൈയുടെ മറുപടി അഞ്ചിന് 246 റണ്‍സിൽ അവസാനിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് കളി 31 റൺസിനു വിജയിച്ചു.
മുംബൈയുടെ ആദ്യ ഹോം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആറു വിക്കറ്റ് വിജയമാണു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണു നേടിയത്. 21 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ 34 റൺസെടുത്തു. 29 പന്തിൽ 32 റൺസെടുത്ത് തിലക് വർമയും മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. രോഹിത് ശർമ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ സഞ്ജു സാംസൺ തകർപ്പനൊരു ക്യാച്ചെടുത്താണ് രോഹിത്തിനെ മടക്കിയത്. നമൻ ഥിർ, ഡെവാൾഡ് ബ്രെവിസ് എന്നീ മുംബൈ താരങ്ങളും റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ചെറിയ വിജയലക്ഷ്യമായതുകൊണ്ടാകണം രാജസ്ഥാനെതിരെ ഹാർദിക് പാണ്ഡ്യ പന്തൊന്നും എറിയാതിരുന്നതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പ്രതികരിച്ചു. ‘‘നിങ്ങളുടെ മികച്ച ബോളറെ നേരത്തേ കൊണ്ടുവരികയെന്നതു റോക്കറ്റ് സയൻസൊന്നുമല്ല. അവസാനം ന്യൂബോളിൽ ബുമ്രയെത്തി. ചെറിയ ടോട്ടൽ ആയതുകൊണ്ട് അതിനു നിർബന്ധിതമായതാകും.’’– ഇർഫാൻ പഠാൻ എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
രാജസ്ഥാൻ റോയൽസിനെതിരെ ജസ്പ്രീത് ബുമ്ര, ക്വെന മപാക, ആകാശ് മധ്‍വാൾ, ജെറാൾഡ് കോട്സീ, പിയൂഷ് ചൗള എന്നിവരാണു മുംബൈയ്ക്കായി പന്തെറിഞ്ഞത്. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനെ ആകാശ് മധ്‍വാളാണു കുറച്ചെങ്കിലും പരീക്ഷിച്ചത്. നാല് ഓവറിൽ 20 റൺസ് വഴങ്ങി താരം മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുമ്രയ്ക്കു വിക്കറ്റൊന്നും ലഭിച്ചില്ല.