ADVERTISEMENT

ആന്റിഗ്വ∙ ബംഗ്ലദേശിനെതിരായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യൻ ടീമിനായി സഞ്ജു സാംസണും കളിച്ചേക്കും. ഓൾറൗണ്ടർ ശിവം ദുബെയ്ക്കു പകരം മലയാളി ക്രിക്കറ്റ് താരം ടീമിലെത്താനാണു സാധ്യത. ലോകകപ്പിലെ നാലു മത്സരങ്ങളിൽനിന്ന് 44 റണ്‍സ് മാത്രമാണ് ദുബെ ഇതുവരെ നേടിയത്. താരത്തെ ബോളറുടെ റോളിൽ ഇന്ത്യൻ ടീം ഉപയോഗിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് മികച്ച ഫോമിലുള്ള സഞ്ജുവിനെ ബിസിസിഐ പരിഗണിക്കുന്നത്.

സഞ്ജു ടീമിലെത്തിയാൽ സൂര്യകുമാർ യാദവിനു ശേഷം മധ്യനിരയിൽ സ്പെഷലിസ്റ്റ് ബാറ്ററില്ലെന്ന കുറവും ടീം ഇന്ത്യയ്ക്കു നികത്താം. കഴിഞ്ഞ ദിവസങ്ങളിൽ സഞ്ജു മണിക്കൂറുകളോളം നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ മാത്രമാണ് സഞ്ജു ഇതുവരെ കളിച്ചത്. തുടർച്ചയായി പരാജയപ്പെട്ടെങ്കിലും വിരാട് കോലി– രോഹിത് ശർമ സഖ്യം തന്നെയായിരിക്കും ബംഗ്ലദേശിനെതിരെയും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാൻ സാധ്യത. അങ്ങനെയെങ്കില്‍ യുവതാരം യശസ്വി ജയ്സ്വാൾ ബെഞ്ചിൽ തുടരും. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനു മുൻപ് ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ഇന്ത്യൻ സഖ്യത്തിന്റെ ശ്രമം.

വൺഡൗണായി ഋഷഭ് പന്തും തൊട്ടുപിന്നിൽ സൂര്യകുമാർ യാദവും ബാറ്റിങ്ങിന് ഇറങ്ങും. ബോളിങ്ങിനൊപ്പം ബാറ്റിങ്ങിലും തിളങ്ങുന്ന അക്ഷർ പട്ടേലിനെ നേരത്തേ ഇറക്കാനും ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. ഫോം കണ്ടെത്താൻ സാധിക്കാത്ത രവീന്ദ്ര ജഡേജ അക്ഷറിനു ശേഷമായിരിക്കും ബാറ്റിങ്ങിനെത്തുക. സ്പിന്‍ ബോളറായി കുൽദീപ് യാദവ് തന്നെ തുടർന്നേക്കും. പേസർ മുഹമ്മദ് സിറാജ് പുറത്തിരിക്കും. സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ തോൽപിച്ചിരുന്നു.

ഇന്ത്യ സാധ്യതാ ഇലവൻ– രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര.

English Summary:

Sanju Samson set to play Twenty20 World Cup against Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com