മുഹമ്മദ് ഷമിയും സാനിയ മിർസയും വിവാഹിതരാകുന്നു?: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാനിയയുടെ പിതാവ്
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും തമ്മിൽ വിവാഹിതരാകാൻ പോകുകയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാനിയ മിർസയുടെ പിതാവ് ഇമ്രാൻ മിർസ. ‘‘ വാർത്ത വെറും അസംബന്ധമാണെന്നും ഷമിയെ സാനിയ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാൻ പറഞ്ഞു.
സാനിയ മിർസയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജച്ചിത്രം പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. നിരവധി ആരാധകർ ഇവർക്ക് ആശംസ നേരുകയും ചെയ്തു. എന്നാൽ ഇതുവരെ ഇവർ വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്നും വരെ പിന്നീട് കിംവദന്തികൾ പരന്നു. പിന്നാലെയാണ് പ്രതികരണവുമായി സാനിയയുടെ പിതാവ് രംഗത്തെത്തിയത്.
ഇന്ത്യയുടെ ഏറെ ശ്രദ്ധേയായ പ്രഫഷനൽ ടെന്നിസ് താരമാണ് സാനിയ മിർസ. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കാണ് അവരുടെ മുൻ ഭർത്താവ്. 2010 ഏപ്രിലിൽ ഹൈദരാബാദിൽ വച്ചായിരുന്നു സാനിയയും മാലിക്കും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും ദുബായിലേക്ക് താമസം മാറിയിരുന്നു. ഈ വർഷമാദ്യമാണ് ഇരുവരും വിവാഹമോചിതരായ വിവരം അറിയിച്ചത്. 2018ൽ ജനിച്ച ഇസാൻ ഇവരുടെ മകനാണ്.
നിലവിൽ സാനിയയ്ക്കൊപ്പമാണ് ഇസാനുള്ളത്. പ്രസവശേഷവും ടെന്നിസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിർസ 2023 ഫെബ്രുവരിയിലാണ് പ്രഫഷനൽ ടെന്നിസിൽ നിന്ന് വിരമിച്ചത്. 20 വർഷം നീണ്ട ടെന്നിസ് കരിയറിൽ 43 ഡബിൾസ് കിരീട നേട്ടങ്ങളിൽ സാനിയ പങ്കാളിയായി. സിംഗിൾസിൽ ഒരു തവണയും കിരീടം സ്വന്തമാക്കി.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവിഭാജ്യഘടകമായ പേസ് ബോളർ മുഹമ്മദ് ഷമി, ഭാര്യ ഹസിൻ ജഹാനുമായി വേർപിരിഞ്ഞു കഴിയുകയാണ്. 2014ലാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വിവാഹിതരാകുന്നത്. 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡന പരാതി ഉയർത്തി ഹസിൻ ജഹാൻ പൊലീസിനെ സമീപിച്ചു. ഷമിക്കെതിരെ കോടതി അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നെങ്കിലും, സെഷൻസ് കോടതിയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സ്റ്റേ വാങ്ങി. 2023 ഏകദിന ലോകകപ്പിലാണ് താരം അവസാനം കളിച്ചത്. പരുക്കിനെ തുടർന്ന് ഐപിഎലും ട്വന്റി20 ലോകകപ്പുമടക്കം ഷമിക്കു നഷ്ടമായി.