രാഹുൽ ദ്രാവിഡിന്റെയും രോഹിത്തിന്റെയും കൈകളിൽ പിടിച്ചു; ലോകകപ്പ് ട്രോഫിയിൽ തൊടാതെ മോദി
Mail This Article
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം ന്യൂഡല്‍ഹിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വിമാനമിറങ്ങിയത്. വ്യാഴാഴ്ച രാവിലെ ആറു മണിക്ക് ഡൽഹി വിമാനത്താവളത്തിലെത്തിയ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക വസതിയില്‍ സന്ദർശിച്ച ശേഷമാണു നാട്ടിലേക്കു മടങ്ങിയത്. രാവിലെ ഇന്ത്യന്‍ താരങ്ങൾ പ്രധാനമന്ത്രി മോദിയുടെ വസതിയിലെത്തി. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷം പ്രഭാത ഭക്ഷണവും കഴിച്ച് ഉച്ചയോടെ മടങ്ങി.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും ചേർന്ന് പ്രധാനമന്ത്രിക്ക് ലോകകപ്പ് ട്രോഫി നല്‍കിയെങ്കിലും, ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ ട്രോഫിയിൽ തൊടാൻ മോദി തയാറായിരുന്നില്ല. രാഹുൽ ദ്രാവിഡിന്റെയും രോഹിത് ശർമയുടേയും കൈകളിൽ പിടിച്ചാണ് പ്രധാനമന്ത്രി ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിന്നത്.
ട്രോഫി സ്വന്തമാക്കിയവരെ ബഹുമാനിക്കുന്ന നടപടിയാണ് മോദിയുടേതെന്നാണ് ആരാധകരുടെ പക്ഷം. മുൻപ് ലോകകപ്പ് ട്രോഫി പിടിച്ചുയർത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഏറെ പഴികേട്ടിരുന്നു. ഫൈനൽ മത്സരത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ട്രോഫി സമ്മാനിച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ജയ് ഷായും ട്രോഫി ഉയർത്തുകയായിരുന്നു. ഇതാണു വിമർശനങ്ങൾക്കു വഴിവെച്ചത്.
ഡൽഹിയിലെ സ്വീകരണങ്ങൾക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മുംബൈയിൽ റോഡ് ഷോ നടത്തി. ഓപ്പൺ ബസിലാണ് താരങ്ങൾ വാങ്കഡെ സ്റ്റേഡിയത്തിലേക്കു പോയത്. രാത്രി 7.45ന് ന് തുടങ്ങിയ വിക്ടറി പരേഡ് ഒൻപതു മണിയോടെ സ്റ്റേഡിയത്തിലെത്തി. വാങ്കഡെ സ്റ്റേഡിയത്തിൽവച്ച് താരങ്ങൾക്ക് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുക കൈമാറി.