ADVERTISEMENT

ഇസ്‍ലാമാബാദ്∙ ഇന്ത്യക്കാർ ക്രിക്കറ്റിനെ സിനിമാ ഇൻഡസ്ട്രി പോലെ വലിയൊരു ഇൻഡസ്ട്രിയാക്കി വളർത്തിയെടുത്തപ്പോൾ, പാക്കിസ്ഥാനെ സംബന്ധിച്ച് അത് ഇപ്പോഴും വെറുമൊരു ഹോബി മാത്രമാണെന്ന് പാക് മുൻ താരം റാഷിദ് ലത്തീഫ്. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) വൻ ബിസിനസായി വളർന്നപ്പോൾ, പാക്കിസ്ഥാൻ സൂപ്പർ ലീഗ് തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണെന്ന് ലത്തീഫ് പറഞ്ഞു. പാക്കിസ്ഥാൻ ലീഗിലുള്ളതിനേക്കാൾ വിദേശ താരങ്ങൾ ബംഗ്ലദേശ് ലീഗിൽ പോലും കളിക്കുന്നുണ്ടെന്നും ലത്തീഫ് പറഞ്ഞു.

‘‘ഇന്ത്യ അവരുടെ സിനിമാ ഇൻഡസ്ട്രി പോലെ ഒരു ക്രിക്കറ്റ് ഇൻഡസ്ട്രി കൂടി വളർത്തിയെടുത്തു. പാക്കിസ്ഥാനിൽ ക്രിക്കറ്റിനെ ഒരു ഹോബിയായിട്ടാണ് ആളുകൾ കാണുന്നത്. അതുകൊണ്ടാണ് അതിനെ ഒരു ബിസിനസ് ആക്കി വളർത്തിയെടുക്കാൻ സാധിക്കാത്തത്. പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ കാര്യം തന്നെ നോക്കൂ. തുടങ്ങിയിടത്തു തന്നെയാണ് ലീഗ് ഇപ്പോഴും നിൽക്കുന്നത്. ഉയർന്ന ശമ്പളം പോലും ഇപ്പോഴും ഒരു കോടി രൂപ മാത്രമാണ്. എന്തുകൊണ്ടാണ് ലീഗിനെ വളർത്തിയെടുക്കാൻ സാധിക്കാത്തത്? മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും പോലുള്ള താരങ്ങൾ എന്തുകൊണ്ടാണ് നമ്മുടെ ലീഗിൽ വരാത്തത്? പണം ഇല്ല എന്നതു തന്നെയാണ് അടിസ്ഥാനപരമായ കാരണം. അതുകൊണ്ട് അതൊരു ബിസിനസായി വളരുന്നുമില്ല.

‘‘ഇത്തവണത്തെ ലോകകപ്പ് വിജയത്തോടെയല്ല ഇന്ത്യ ലോക ക്രിക്കറ്റിലെ കരുത്തുറ്റ ടീമായി മാറിയത്. കുറച്ചധികം വർഷങ്ങൾ പിന്നിലേക്കു പോകണം. 2007, 2011, 2015 വർഷങ്ങളൊക്കെ ഓർമിക്കണം. വിദേശ പരിശീലകരെ നിയമിച്ച് അവരിൽനിന്ന് ഒട്ടേറെ പാഠങ്ങൾ സ്വായത്തമാക്കാൻ ഇന്ത്യൻ ക്രിക്കറ്റിനു കഴിഞ്ഞു. അതേസമയം തന്നെ, ഏറ്റവും താഴേത്തട്ടിലും അവർ ആരും അറിയാതെ തന്നെ അതീവ ശ്രദ്ധ പതിപ്പിച്ചു. ഇതിനെല്ലാം പുറമേയാണ് ഐപിഎലിന്റെ വരവ്. ഇപ്പോൾ ക്രിക്കറ്റ് രംഗത്തെ കൊള്ളാവുന്നവരെല്ലാം അവർക്കൊപ്പമുണ്ട്. റിക്കി പോണ്ടിങ്, മൈക്ക് ഹസ്സി, ഡ്വെയിൻ ബ്രാവോ... എല്ലാവരും ഐപിഎലുമായി സഹകരിക്കുന്നു.

‘‘പാക്കിസ്ഥാൻ സൂപ്പർ ലീഗ് എന്ന ആശയം വിഭാവനം ചെയ്തവരെ ഒരു വർഷത്തിനകം പുറത്താക്കി. അവർക്ക് ലീഗിനേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പക്ഷേ, അതൊന്നും ഉപകാരപ്പെട്ടില്ല. പാക്കിസ്ഥാൻ സൂപ്പർ ലീഗിനേക്കാൾ കൂടുതൽ വിദേശ താരങ്ങൾ ബംഗ്ലദേശ് ലീഗിലുണ്ട്. മൊയീൻ അലി, ഡേവിഡ് മില്ലർ തുടങ്ങിയ താരങ്ങൾ അവിടെ കളിക്കുന്നു. കാരണം, അവർക്ക് പണമുണ്ട്. നമുക്കാകട്ടെ, ഒരു ഘട്ടത്തിലും വളരാനായതുമില്ല.’’ – ലത്തീഫ് പറഞ്ഞു.

English Summary:

India developed a cricket industry; Pakistan treat cricket as a hobby, says Rashid Latif

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com