ADVERTISEMENT

ന്യൂഡൽഹി∙ ‘സൂപ്പർതാരം വിരാട് കോലിയും കുടുംബവും ഇന്ത്യ വിടുന്നു’ – ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വിവിധ മാധ്യമങ്ങളുടെ സ്പോർട്സ് പേജുകളിലും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ മിക്ക ദേശീയ മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് വാർത്തകളും നൽകിത്തുടങ്ങി. സജീവ ക്രിക്കറ്റിൽനിന്നു വിരമിക്കുന്നതോടെ യുകെയിലേക്ക് താമസം മാറ്റാനാണ് സൂപ്പർതാരത്തിന്റെ നീക്കമെന്ന് ‘തെളിവുകൾ’ സഹിതമാണ് ഈ റിപ്പോർട്ടുകളെല്ലാം സമർഥിക്കുന്നത്.

ഏതാനും നാളുകളായി ഇക്കാര്യം അഭ്യൂഹങ്ങളിലുണ്ടെങ്കിലും, ഇന്ത്യൻ ടീമിന്റെ ട്വന്റി20 ലോകകപ്പ് വിജയാഘോഷത്തിനു തൊട്ടുപിന്നാലെ കോലി കുടുംബാംഗങ്ങളെ കാണാനായി ലണ്ടനിലേക്ക് വിമാനം കയറിയതോടെയാണ് ചർച്ച വീണ്ടും ചൂടുപിടിച്ചത്. മുംബൈയിൽ നടന്ന വിക്ടറി പരേഡിനു തൊട്ടുപിന്നാലെയായിരുന്നു കോലിയുടെ ലണ്ടൻ യാത്ര.

എന്നാൽ ഈ ഒരു സംഭവത്തിന്റെ പേരിൽ മാത്രമല്ല ഇത്തരമൊരു ചർച്ച സമൂഹമാധ്യമങ്ങളിൽ പൊടിപൊടിക്കുന്നത്. കോലിയുടെ ‘യുകെ ബന്ധം’ തെളിയിക്കുന്ന വേറെയും സംഭവങ്ങൾ ചർച്ചകളിലുണ്ട്. അടുത്ത കാലത്തായി കോലിയുടെയും കുടുംബാംഗങ്ങളുടെയും പതിവിലുമധികം യുകെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 2023 ഡിസംബറിൽ സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെത്ത് കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനായി കോലി പോയത് യുകെയിലേക്കാണ്. കോലിയും അനുഷ്കയുമൊത്ത് യുകെയിലെ ഒരു റസ്റ്ററന്റിൽ നിന്നുള്ള ചിത്രം അന്നു ചർച്ചയാവുകയും ചെയ്തു.

ഈ വർഷം ഫെബ്രുവരിയിൽ മകൾ വാമികയ‌്ക്കൊപ്പം ലണ്ടനിൽ നിന്നുള്ള കോലിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചു. ഇളയ മകൻ അകായിയുടെ ജനന വാർത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് കോലിയും വാമികയും ലണ്ടനിലെ റസ്റ്ററന്റിൽ സമയം ചെലവഴിക്കുന്ന ചിത്രവും പുറത്തുവന്നത്. അനുഷ്ക ശർമയെ ഏറ്റവും ഒടുവിൽ മുംബൈയിൽ കണ്ടത് ഈ വർഷം ജൂൺ ആദ്യമാണെന്നാണ് ചർച്ചകളിലെ മറ്റൊരു പ്രധാന ‘പോയിന്റ്’. ഇന്ത്യൻ ടീം ട്വന്റി20 ലോകകപ്പിനായി ന്യൂയോർക്കിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപായിരുന്നു അത്. 

കോലിയുടെ മകന്റെ ജനനം ലണ്ടനിലാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഈ വർഷം ഫെബ്രുവരി 20നാണ് മകന്റെ ജനന വാർത്ത കോലി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കുഞ്ഞു ജനിച്ച് അഞ്ച് ദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്. കുഞ്ഞ് ഇന്ത്യയ്ക്കു പുറത്തു ജനിച്ചതുകൊണ്ടാണ് കോലി–അനുഷ്ക ദമ്പതികൾക്ക് ഇക്കാര്യം അഞ്ച് ദിവസം രഹസ്യമാക്കി വയ്ക്കാൻ സാധിച്ചതെന്നാണ് ‘സമൂഹമാധ്യമ നിരീക്ഷകരു’ടെ കണ്ടെത്തൽ.

കോലിക്കു മകൻ ജനിച്ച വാർത്ത പുറത്തുവന്നപ്പോൾ മുതൽ, കുഞ്ഞിന്റെ ജനനം യുകെയിലെ ആശുപത്രിയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഒഴിവാക്കി കോലി കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് യുകെയിലേക്കു പോയെന്നായിരുന്നു റിപ്പോർട്ടുകൾ. മകൻ ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ കോലിയും മകളുമൊത്ത് യുകെയിലെ റസ്റ്ററന്റിൽ ഇരിക്കുന്ന ചിത്രം പുറത്തുവന്നതും അഭ്യൂഹങ്ങൾക്കു കരുത്തു പകർന്നു.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് ലാംപ് എന്ന കമ്പനിയുടെ ഡയറക്ടർമാരാണ് കോലിയും അനുഷ്കയുമെന്നും റിപ്പോർട്ടുണ്ട്. യുകെയിലെ വെസ്റ്റ് യോർക്‌ഷയർ ആസ്ഥാനമായുള്ള കമ്പനിയുടെ മൂന്നു ഡയറക്ടർമാരിൽ രണ്ടു പേർ കോലിയും അനുഷ്കയുമാണ്. ഇരുവരും യുകെയിലേക്ക് മാറുന്നുവെന്നതിന്റെ മറ്റൊരു സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നതും ഇതു തന്നെ.

ഇതിനെല്ലാം പുറമേ, ഇന്ത്യയ്ക്കു പുറത്ത് തിരിച്ചറിയപ്പെടാതെ പുറത്തിറങ്ങി നടക്കാൻ സാധിക്കുന്നതിലുള്ള സന്തോഷം വിരാട് കോലി പലകുറി പ്രകടിപ്പിച്ചതും എടുത്തുപറയുന്നവരുണ്ട്. 

English Summary:

Virat Kohli, Anushka Sharma moving to London permanently?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com