ഒന്നാം ട്വന്റി20 തോറ്റതോടെ പരമ്പര നീട്ടിവയ്ക്കുകയായിരുന്നു നല്ലതെന്ന് തരൂർ; തൊട്ടടുത്ത ദിവസം വൻ ജയം, വിമർശിച്ച് ബിജെപി
Mail This Article
ന്യൂഡൽഹി∙ സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) വിമർശനവുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാവ് ശശി തരൂരിനെ വിമർശിച്ച് ബിജെപി. ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള വിരോധം നിമിത്തം കോൺഗ്രസ് ഇന്ത്യയുടെ തോൽവി ആഘോഷിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തി. രണ്ടാം ട്വന്റി20യിൽ ശക്തമായി തിരിച്ചടിച്ച് വിജയം പിടിച്ചെടുത്ത ഇന്ത്യൻ ടീമിനോടു ക്ഷമ ചോദിക്കാൻ തരൂരും കോൺഗ്രസും തയാറാകുമോയെന്ന്, എക്സിൽ പങ്കുവച്ച മറ്റൊരു വിഡിയോയിൽ ബിജെപി വക്താവ് ചോദിച്ചു.
ട്വന്റി20 ലോകകപ്പിലെ തകർപ്പൻ കിരീടവിജയത്തിന്റെ ആഹ്ലാദാരവങ്ങൾ അടങ്ങും മുൻപാണ് താരതമ്യേന ദുർബലരായ സിംബാബ്‍വെയോട് ഇന്ത്യൻ ക്രിക്കറ്റ് ടീം അപ്രതീക്ഷിത തോൽവി വഴങ്ങിയത്. ഹരാരെയിൽ നടന്ന ഒന്നാം ട്വന്റി20 മത്സരത്തിൽ 13 റൺസിനാണ് ഇന്ത്യൻ ടീം തോറ്റത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സിംബാബ്‍വെയ്ക്ക് നിശ്ചിത 20 ഓവറിൽ നേടാനായത് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് മാത്രമായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 19.5 ഓവറിൽ വെറും 102 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ഇതിനു പിന്നാലെയാണ്, ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ രംഗത്തെത്തിയത്. ‘‘മുംബൈയിൽ നടന്ന ഇന്ത്യൻ ട്വന്റി20 ലോകകപ്പ് വിജയോഘോഷത്തിന്റെ അലയൊലികൾ അടങ്ങും മുൻപേ ക്രിക്കറ്റിലെ ദുർബലരായ സിംബാബ്‌വെ നമ്മെ തോൽപ്പിച്ചിരിക്കുന്നു. കാര്യങ്ങളെ നിസാരമായി കാണുന്ന ബിസിസിഐ അർഹിക്കുന്ന മത്സരഫലമാണിത്. ജൂൺ നാലിനായാലും ആറിനായാലും അഹങ്കാരം ഒരുപടി കുറഞ്ഞിരിക്കുന്നു. സിംബാബ്‍വെ നന്നായിത്തന്നെ കളിച്ചു’ – തരൂർ എക്സിൽ കുറിച്ചു.
‘‘ഒരു ടീമിനെ ഇന്ത്യ എന്നു വിശേഷിപ്പിക്കണമെങ്കിൽ അവർക്ക് അതിനുള്ള അർഹതയുണ്ടായിരിക്കണം. ഈ കളിച്ച ടീമിനെ പരമാവധി ‘ഇന്ത്യ എ’ എന്നു വിശേഷിപ്പിക്കാം. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ് എന്നിവർക്കൊപ്പം സഞ്ജു, ജയ്സ്വാൾ, ചെഹൽ, ദുബെ തുടങ്ങിയവരും ഈ ആഴ്ച ഇല്ലെങ്കിൽ പരമ്പര നീട്ടിവയ്ക്കേണ്ടതായിരുന്നു. രാജ്യാന്തര പരമ്പരയെന്ന പേരു നീതീകരിക്കാൻ ഇവരിൽ പകുതി പേരെങ്കിലും ടീമിൽ വേണ്ടതായിരുന്നു. ഇതുകൊണ്ടാണ് ബിസിസിഐ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ നിസാരമായി കാണുന്നുവെന്ന് ഞാൻ പറഞ്ഞത്. നമ്മൾ തോറ്റതിലല്ല എനിക്കു വിഷമം, നമ്മൾ കുറച്ചുപോലും ആത്മാഭിമാനം പ്രകടിപ്പിച്ചില്ല എന്നതിലാണ്.’’ – മറ്റൊരു പോസ്റ്റിൽ തരൂർ വിശദീകരിച്ചു.
എന്നാൽ, തരൂരിനെതിരെ കടുത്ത വിമർശനമാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല നടത്തിയത്. ‘‘നമ്മുടെ പ്രധാന ടീം കളിച്ചില്ല – നമ്മൾ തോറ്റു. പക്ഷേ, ബിജെപിയോടും മോദിയോടുമുള്ള വെറുപ്പും വിദ്വേഷവും നിമിത്തം ആ തോൽവിയെ എപ്രകാരമാണ് കോൺഗ്രസ് ആഘോഷിക്കുന്നതെന്നു നോക്കൂ. തീർത്തും നിരാശപ്പെടുത്തുന്നു’ – പൂനവാല കുറിച്ചു.
എന്നാൽ, രണ്ടാം ട്വന്റി20 മത്സരത്തിൽ അതേ ടീം സിംബാബ്‌വെയ്‌ക്കെതിരെ തകർപ്പൻ വിജയം നേടിയതോടെ തരൂരിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കടുത്ത പരിഹാസമാണ് ഉയർന്നത്. ഷെഹ്സാദ് പൂനവാലയാകട്ടെ, തരൂരും കോൺഗ്രസും മാപ്പു ചോദിക്കണമെന്ന ആവശ്യവുമായും രംഗത്തെത്തി. ഇതോടെ, നല്ലൊരു കാര്യത്തിനായി തന്നെ ട്രോളിയാലും കുഴപ്പമില്ലെന്ന് തരൂരും തിരിച്ചടിച്ചു.
‘‘സിംബാബ്‌വെയെ 100 റൺസിനു തോൽപ്പിച്ച ഇന്ത്യയുടെ യുവ നിരയ്ക്ക് അഭിനന്ദനങ്ങൾ. അഭിഷേക് ശർമയുടെ സെഞ്ചറി രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയുടെ വേഗമേറിയ മൂന്നാമത്തെ സെഞ്ചറിയാണ്. ഇന്നലത്തെ ദയനീയ പ്രകടനം മറന്ന് അവർ കരുത്തോടെ തിരിച്ചെത്തിയതിൽ സന്തോഷം. (നല്ലൊരു കാര്യത്തിനായി ട്രോളിയാലും കുഴപ്പമില്ല)’’ – തരൂർ കുറിച്ചു.
ഇതിനു പിന്നാലെയാണ്, തരൂരും കോൺഗ്രസും മാപ്പു പറയണമെന്ന ആവശ്യവുമായി ഷെഹ്സാദ് പൂനവാല രംഗത്തെത്തിയത്. ‘‘‘ശശി തരൂരും കോൺഗ്രസും ഇന്ത്യൻ ടീമിനോടു ക്ഷമ ചോദിക്കുമോ? ബിജെപിയോടും മോദിയോടുമുള്ള വിദ്വേഷത്തിന്റെ പേരിൽ ശശി തരൂരും കോൺഗ്രസും അവരുടെ ആളുകളും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് അവർ സിംബാബ്‍വെയ്‌ക്കെതിര കൂറ്റൻ വിജയം നേടിയത്. അപ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. എന്തുകൊണ്ടാണ് ഇന്ത്യയുടെ ഇന്നലത്തെ തോൽവി കോൺഗ്രസ് ആഘോഷിച്ചത്? മോദിയോടുള്ള വിദ്വേഷത്തിന്റെ പേരിൽ എന്തുകൊണ്ടാണ് ഇന്ത്യയുടെ യുവനിരയെ അവർ ഇകഴ്ത്തുന്നത്? കോൺഗ്രസ് ഇന്ത്യാവിരുദ്ധരാണ്’’– പൂനവാല കുറിച്ചു.