ADVERTISEMENT

ഹരാരെ∙ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ വിജയം നേടിയതിനു പിന്നാലെ, ടീം മാനേജ്മെന്റിനു തലവേദന സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ, യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരുടെ തിരിച്ചുവരവ്. ലോകകപ്പ് നേടിയ ടീമിൽ അംഗങ്ങളായിരുന്ന ഇരുവരും മൂന്നാം ട്വന്റി20ക്കു മുന്നോടിയായി ടീമിനൊപ്പം ചേർന്നതോടെ, രണ്ടാം മത്സരം ജയിച്ച ടീമിലെ ആരെ പുറത്തിരുത്തുമെന്ന് തല പുകയ്ക്കുകയാണ് മുഖ്യ പരിശീലകൻ വി.വി.എസ്. ലക്ഷ്മണും ടീം മാനേജ്മെന്റും. നാളെയാണ് ഇന്ത്യയും സിംബാബ്‍വെയും തമ്മിലുള്ള മൂന്നാം ട്വന്റി20.

അതേസമയം, സഞ്ജു ഉൾപ്പെടെയുള്ള താരങ്ങളുടെ തിരിച്ചുവരവ് നൽകുന്ന സുഖകരമായ തലവേദന സ്വാഗതാർഹമാണെന്നാണ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ നിലപാട്. രണ്ടാം ട്വന്റി20ക്കു പിന്നാലെ സഞ്ജു ഉൾപ്പെടെയുള്ള താരങ്ങളെ ഇന്ത്യൻ ക്യാംപിലേക്കു സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ക്യാപ്റ്റന്റെ വാക്കുകൾ.

‘‘ആദ്യ മത്സരത്തിലുണ്ടായിരുന്ന കടുത്ത സമ്മർദ്ദം ഒരു തരത്തിൽ നന്നായെന്നു തോന്നുന്നു. രണ്ടാമത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ എന്താണ് ഞങ്ങളെ കാത്തിരിക്കുന്നതെന്ന തികഞ്ഞ ബോധ്യമുണ്ടായിരുന്നു. ഇനിയും പരമ്പരയിൽ മൂന്നു മത്സരങ്ങൾ കൂടി ശേഷിക്കുന്നുണ്ട്. ആ മത്സരങ്ങൾക്കായി കാത്തിരിക്കുന്നു. എന്തായാലും മൂന്നു പേർ കൂടി വന്നതോടെ ടീമിനു മുന്നിൽ കൂടുതൽ സാധ്യതകളുണ്ട്. ഒരു ഓപ്ഷനും ഇല്ലാത്തതിനേക്കാൾ നല്ലത് ഓപ്ഷൻസിന്റെ എണ്ണം കൂടുന്നതല്ലേ?’’ – ഗിൽ ചോദിച്ചു.

അതേസമയം, മൂവർ സംഘത്തിന്റെ വരവോടെ ടീമിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു താരങ്ങൾ നാട്ടിലേക്കു മടങ്ങും. സഞ്ജുവും സംഘവും എത്താൻ വൈകുന്ന സാഹചര്യത്തിൽ ബിസിസിഐ ടീമിനൊപ്പം അയച്ച ഹർഷിത് റാണ, സായ് സുദർശൻ, ജിതേഷ് ശർമ എന്നിവരാണ് ഇവർക്കായി വഴിമാറുക. ഇതിൽ സായ് സുദർശൻ രണ്ടാം ട്വന്റി20ക്കുള്ള ടീമിൽ ഇടംപിടിച്ചെങ്കിലും ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. മറ്റു രണ്ടു പേർക്ക് രണ്ടു മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഓരോ മത്സരങ്ങൾ ജയിച്ച ഇന്ത്യയും സിംബാബ്‌വെയും നിലവിൽ സമനില പാലിക്കുകയാണ്. ബുധൻ, ശനി, ഞായർ ദിവസങ്ങളിലാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ.

English Summary:

India Tied with Zimbabwe as Samson, Jaiswal, and Dubey Rejoin Squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com