രോഹിത്തിനു പകരമാകുമോ ഈ ‘ശർമ’? സോഷ്യൽ മീഡിയയിൽ ചർച്ച; സെഞ്ചറികൊണ്ട് ‘അഭിഷേകം’!
Mail This Article
നാലു പന്തുകൾ മാത്രം നീണ്ടുനിന്ന ലഘു ഇന്നിങ്സിനൊടുവിൽ സംപൂജ്യനായി പുറത്ത്. അതും രാജ്യാന്തര ക്രിക്കറ്റിൽ പൊതുവേ ദുർബലരായി വിലയിരുത്തപ്പെടുന്ന സിംബാബ്‌വെയ്‌ക്കെതിരെ. രാജ്യാന്തര ക്രിക്കറ്റിൽ ആരും ഓർക്കാനിഷ്ടപ്പെടാത്തൊരു അരങ്ങേറ്റമായിരുന്നു രണ്ടു ദിവസം മുൻപ് അഭിഷേക് ശർമയെന്ന ഇരുപത്തിമൂന്നുകാരന്റേത്. പ്രതിഭാധനരായ താരങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിൽ ഒരു തുടക്കക്കാരന്റെ ആത്മവിശ്വാസം തകർക്കുന്ന തുടക്കം.
പക്ഷേ ഒറ്റ ദിവസം കൊണ്ട്, ഒറ്റ ഇന്നിങ്സുകൊണ്ട് അഭിഷേക് ശർമ തന്റെ തലവര തന്നെ മാറ്റിക്കുറിച്ചു. അതേ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ആരെയും അസൂയപ്പെടുത്തുന്നൊരു സെഞ്ചറി നേട്ടം. 47 പന്തിൽ ഏഴു ഫോറും എട്ടു സിക്സും സഹിതം 100 റൺസ്!
ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി പുറത്തെടുത്ത മാസ്മരിക പ്രകടനത്തിന്റെ ലാഞ്ചനകൾ കണ്ടൊരു തകർപ്പൻ ഇന്നിങ്സ്. അരങ്ങേറ്റത്തിൽ സംപൂജ്യനായി പുറത്തായെന്ന നാണക്കേടു പേറിയെങ്കിലും, രണ്ടാം മത്സരത്തിൽ സെഞ്ചറിനേട്ടത്തിന്റെ പകിട്ടിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരത്തിന്റെ വജ്രത്തിളക്കം.
ദീർഘകാലമായി ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റിന്റെ അമരക്കാരനായിരുന്ന രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ച് കളമൊഴിയുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷ വയ്ക്കാൻ അതേ പ്രഹരശേഷിയുള്ള ബാറ്റുമായി മറ്റൊരു ശർമ ഉദയം ചെയ്തിരിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. അതിന്റെ ശരിതെറ്റുകൾ നിർണയിക്കാൻ കാലമിനിയും വേണ്ടി വരുമെങ്കിലും, അഭിഷേക് ശർമയുടെ സെഞ്ചറിപ്രകടനം ആരാധകർക്ക് നൽകുന്ന രോമാഞ്ചം ചെറുതല്ല.
∙ പതിഞ്ഞ തുടക്കം
സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും പതിഞ്ഞ തുടക്കമായിരുന്നു അഭിഷേക് ശർമയുടേത്. അപ്പോഴും ആദ്യ ഓവറിൽത്തന്നെ ഒരു തകർപ്പൻ സിക്സറിലൂടെ കരുത്തറിയിക്കാനും മറന്നില്ല. ഒന്നാം മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇത്തവണ തുടക്കത്തിലേ പുറത്തായത് അഭിഷേകിന്റെയും ബാറ്റിങ്ങിനെയും സ്വാധീനിച്ചുവെന്ന് കരുതണം. ഒപ്പം, മറുവശത്തുണ്ടായിരുന്ന ഋതുരാജ് ഗെയ്‌ക്‌വാദിന്റെ അമിത ശ്രദ്ധ കലർന്ന ബാറ്റിങ്ങും.
ആദ്യം നേരിട്ട 24 പന്തിൽനിന്ന് അഭിഷേക് അടിച്ചുകൂട്ടിയത് വെറും 28 റൺസ് മാത്രമാണ്. സൺറൈസേഴ്സ് ജഴ്സിയിൽ ആരാധകർ കണ്ടു പരിചയിച്ച ബാറ്ററിന്റെ നിഴൽരൂപമെന്ന് തോന്നിക്കുന്ന പ്രകടനം. പവർപ്ലേയിൽ ഉൾപ്പെടെ ക്രീസിൽനിന്ന് ഈ ഘട്ടത്തിൽ അഭിഷേക് നേടുന്നത് ഒരേയൊരു സിക്സും രണ്ടു ഫോറും സഹിതം മൂന്നു ബൗണ്ടറികൾ മാത്രമാണ്. ഒരിക്കൽക്കൂടി ആരാധകരുടെ ചങ്കിടിപ്പേറ്റിയ തുടക്കം.
∙ താളം തെറ്റിച്ച് കത്തിക്കയൽ
എന്നാൽ, സിക്കന്ദർ റാസ എറിഞ്ഞ ഒൻപതാം ഓവറിലെ ആദ്യ പന്ത് ലോങ് ഓൺ ബൗണ്ടറിയിലേക്ക് പായിച്ച് അഭിഷേക് ഗീയർ മാറ്റി. തൊട്ടടുത്ത പന്ത് വൈഡ് ലോങ് ഓഫിനു മുകളിലൂടെ ഗാലറിയിലേക്ക്. അവിടുന്നങ്ങോട്ട് അഭിഷേകിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഡിയോൺ മയേഴ്സ് എറിഞ്ഞ 11–ാം ഓവറിൽ അഭിഷേക് കൂടുതൽ ആക്രമണകാരിയായി. ഈ ഓവറിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം അഭിഷേക് അടിച്ചുകൂട്ടിയത് 28 റൺസ്!
46 പന്തിൽ സെഞ്ചറിയിലേക്ക് എത്തിയ അഭിഷേകിന്റെ മിന്നൽ ബാറ്റിങ്ങിന്റെ തുടക്കം അവിടെ നിന്നായിരുന്നു. ആദ്യ 28 റൺസിനായി അഭിഷേകിന് 24 പന്തുകൾ വേണ്ടിവന്നെങ്കിൽ, പിന്നീടു നേരിട്ട 22 പന്തിൽനിന്ന് താരം അടിച്ചുകൂട്ടിയത് 72 റൺസാണ്! അതിൽ അഞ്ച് ഫോറും ഏഴു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നു.
അർധസെഞ്ചറിയിലേക്കും സെഞ്ചറിയിലേക്കും അടുക്കുമ്പോൾ അതീവ ശ്രദ്ധയുടെ രസംകൊല്ലി മാസ്ക് ധരിക്കുന്ന മറ്റു താരങ്ങളല്ല തന്റെ മാതൃകയെന്ന അഭിഷേകിന്റെ ഉറച്ച പ്രഖ്യാപനത്തിനും ഈ മത്സരം വേദിയായി. ഡിയോൺ മയേഴ്സിനെതിരെ തുടർച്ചയായ പന്തുകളിൽ ഫോറും സിക്സുമടിച്ച് രണ്ടാം രാജ്യാന്തര മത്സരത്തിൽത്തന്നെ അർധസെഞ്ചറി കണ്ടെത്തിയ അഭിഷേക്, മസാകഡ്സയ്‌ക്കെതിരെ ഹാട്രിക് സിക്സ് നേടിയാണ് കന്നി സെഞ്ചറിയിലേക്ക് കുതിച്ചത്. തൊട്ടടുത്ത പന്തിൽ പുറത്താവുകയും ചെയ്തു.
∙ റെക്കോർഡ് ബുക്കിൽ അഭിഷേക്
രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽനിന്ന് ആദ്യ സെഞ്ചറിയിലേക്ക് എത്തിയ താരമെന്ന റെക്കോർഡ് ഇനി അഭിഷേക് ശർമയ്ക്കു സ്വന്തം. രണ്ടാം രാജ്യാന്തര ട്വന്റി20യിൽ സെഞ്ചറി തികച്ച അഭിഷേക്, മൂന്നാം ട്വന്റി20യിൽ സെഞ്ചറിയിലേക്ക് എത്തിയ ദീപക് ഹൂഡയുടെ റെക്കോർഡ് തകർത്തു. നാലാം മത്സരത്തിൽ സെഞ്ചറി നേടിയ കെ.എൽ. രാഹുലും തൊട്ടുപിന്നിലുണ്ട്.
രാജ്യാന്തര ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ മൂന്നാം സെഞ്ചറി കൂടിയാണ് അഭിഷേകിന്റേത്. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തിൽ സെഞ്ചറിയിലെത്തിയ രോഹിത് ശർമയുടെ പേരിലാണ് റെക്കോർഡ്. 2023ൽ രാജ്കോട്ടിൽ ശ്രീലങ്കയ്‌ക്കെതിരെ 45 പന്തിൽ സെഞ്ചറി നേടിയ സൂര്യകുമാർ യാദവ് രണ്ടാമതുണ്ട്. 2016ൽ കെ.എൽ. രാഹുലും വെസ്റ്റിൻഡീസിനെതിരെ 46 പന്തിൽ സെഞ്ചറി തികച്ച് അഭിഷേകിനൊപ്പം മൂന്നാം സ്ഥാനത്തുണ്ട്.
അഭിഷേക് ശർമയും ഋതുരാജ് ഗെയ്ക്‌വാദും റിങ്കു സിങ്ങും ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളുടെ പ്രഹരത്തിൽ വീണുടഞ്ഞ മറ്റൊരു റെക്കോർഡ് കൂടിയുണ്ട്. സിംബാബ്‍വെയ്ക്കെതിരെ അവസാന 10 ഓവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 160 റൺസാണ്. ഇതും റെക്കോർഡാണ്. 2007ൽ കെനിയയ്ക്കെതിരെ ശ്രീലങ്ക അടിച്ചുകൂട്ടിയ 159 റൺസിന്റെ റെക്കോർഡാണ് തകർന്നത്. സിംബാബ്‌വെയ്ക്കെതിരെ ഒരു ടീം നേടുന്ന ഉയർന്ന സ്കോർ കൂടിയാണ് ഇന്ത്യയുടെ 234 റൺസ്. 2018ൽ ഓസ്ട്രേലിയ അടിച്ചെടുത്ത 229 റൺസിന്റെ റെക്കോർഡാണ് തകർന്നത്. ഇന്ത്യ നേടിയ 14 സിക്സറുകളും സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിൽ റെക്കോർഡ് ബുക്കിൽ രണ്ടാമതുണ്ട്. 2019ൽ അഫ്ഗാനിസ്ഥാൻ നേടിയ 15 സിക്സറുകളാണ് ഒന്നാമത്.
∙ രാജ്യാന്തര ട്വന്റി20യിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരങ്ങൾ
യശസ്വി ജയ്സ്വാൾ – 21 വർഷവും 279 ദിവസവും (നേപ്പാളിനെതിരെ 2023ൽ)
ശുഭ്മൻ ഗിൽ – 23 വർഷവും 146 ദിവസവും (ന്യൂസീലൻഡിനെതിരെ 2023ൽ)
സുരേഷ് റെയ്ന – 23 വർഷവും 156 ദിവസവും (ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2010ൽ)
അഭിഷേക് ശർമ – 23 വർഷവും 307 ദിവസവും (സിംബാബ്‍വെയ്ക്കെതിരെ 2024ൽ)