ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ പഴ്സനൽ ഷെഫ് മലയാളിയായ ജിതിൻ രാജ്; പന്തിനെ ഊട്ടിയ മലയാളി!
Mail This Article
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ രസമുകുളങ്ങളെ ‘നിയന്ത്രിക്കുന്നത്’ ഒരു മലയാളിയാണെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? സംഗതി സത്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പന്ത് എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതും ഡയറ്റിന് അനുസരിച്ച് ഭക്ഷണമൊരുക്കുന്നതുമെല്ലാം കൊച്ചി ഇടപ്പള്ളി ഉണിച്ചിറ സ്വദേശിയായ ജിതിൻ രാജാണ്.
ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിലും ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലും ഋഷഭ് പന്തിന്റെ പഴ്സനൽ ഷെഫായിരുന്ന ജിതിൻ, ടൂർണമെന്റിൽ ഉടനീളം ടീമിനൊപ്പമുണ്ടായിരുന്നു.
∙ പാചകം എന്ന പാഷൻ
മാതാപിതാക്കളായ ടി.ആർ.സജിക്കും രതിക്കും ഹോട്ടൽ ബിസിനസ് ആയിരുന്നതിനാൽ ചെറുപ്പം മുതൽ പാചകത്തിൽ ജിതിന് കമ്പമുണ്ടായിരുന്നു. അങ്ങനെ പ്ലസ്ടുവിനു ശേഷം മണിപ്പാലിൽ നിന്ന് ബിഎ കളിനറി ആർട്സ് പഠിച്ചു. നാട്ടിൽ തിരിച്ചെത്തിയ ശേഷം സ്വന്തമായി ഒരു ടീ ഷോപ് ആരംഭിച്ച് അതുമായി മുന്നോട്ടുപോകുന്നതിനിടെയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നീറ്റ് മീൽസ് എന്ന സെലിബ്രിറ്റി ഷെഫ് കമ്പനിയിൽ ജിതിന് ജോലി ലഭിക്കുന്നത്.
∙ അരങ്ങേറ്റം ഐപിഎൽ വഴി
വിരാട് കോലി മുതൽ വിക്കി കൗശൽ വരെ സെലിബ്രിറ്റികൾക്ക് ഷെഫിനെ എത്തിച്ചു നൽകുന്ന കമ്പനിയാണ് നീറ്റ് മീൽസ്. അവിടെ നിന്നാണ് കഴിഞ്ഞ മാർച്ചിൽ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ ഷെഫായി ജിതിന് അവസരം ലഭിക്കുന്നത്. ഋഷഭ് പന്തുമായുള്ള ബന്ധം തുടങ്ങുന്നതും അവിടെവച്ചാണ്. ‘ഡൽഹി ക്യാപിറ്റൽസിൽ വച്ച് ഞാനുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടതോടെയാണ് തന്റെ പഴ്സനൽ ഷെഫ് ആകാൻ ഋഷഭ് ക്ഷണിക്കുന്നത്. അങ്ങനെയാണ് ലോകകപ്പിൽ ഋഷഭിന് ഒപ്പം പോകുന്നത്’– ഇരുപത്തിയഞ്ചുകാരനായ ജിതിൻ പറഞ്ഞു.
∙ ഡയറ്റ് പ്രധാനം
ഭക്ഷണപ്രിയനാണ് ഋഷഭ് പന്തെങ്കിലും ഡയറ്റിൽ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ജിതിൻ. ‘പ്രോട്ടീൻ കൂടുതലുള്ള, കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണമാണ് അദ്ദേഹത്തിന് ആവശ്യം. കേരള ഫുഡ് ഋഷഭിന് ഇഷ്ടമാണ്. തേങ്ങാപ്പാൽ ഒഴിച്ച ചിക്കൻ കറി, വറുത്തരച്ച ചിക്കൻ കറി, അപ്പം ഇതെല്ലാം ഉണ്ടാക്കിക്കൊടുത്തപ്പോൾ വളരെ ഇഷ്ടമായി. ബട്ടർ ചിക്കനാണ് ഇഷ്ടവിഭവമെങ്കിലും അദ്ദേഹത്തിന്റെ ഡയറ്റ് പ്ലാനിൽ ബട്ടറിന് കർശന നിയന്ത്രണമുണ്ട്’– ജിതിൻ പറഞ്ഞു.
∙ ഇന്ത്യൻ ടീമിനൊപ്പം
ചെറുപ്പം മുതൽ ആരാധനയോടെ നോക്കിക്കണ്ട ക്രിക്കറ്റ് താരങ്ങളെ അടുത്തുകാണാനും സംസാരിക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് ജിതിൻ. ട്വന്റി20 ലോകകപ്പിന്റെ ഭാഗമായി ഒരു മാസത്തിൽ അധികം ജിതിൻ ഇന്ത്യൻ ടീമിനൊപ്പം ചെലവഴിച്ചു. പന്തിനു പുറമേ, മറ്റ് ഇന്ത്യൻ താരങ്ങൾക്കും ഭക്ഷണം ഉണ്ടാക്കി നൽകിയിട്ടുണ്ട്. ട്വന്റി20 ലോകകപ്പ് ഫൈനൽ കാണാൻ ജിതിനും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.