ADVERTISEMENT

മുംബൈ∙ രോഹിത് ശർമയുടെ ഒഴിവിലേക്ക് ഇന്ത്യൻ ട്വന്റി20 ടീമിന് പുതിയ ക്യാപ്റ്റനെ ഉയർത്തിക്കൊണ്ടുവരാൻ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സിലക്ടർ അജിത് അഗാർക്കറും. രോഹിത് ശർമയ്ക്കു പകരം ഹാർദിക് പാണ്ഡ്യ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാകുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു പാണ്ഡ്യ. എന്നാൽ മുംബൈ ഇന്ത്യൻസ് താരമായ സൂര്യകുമാർ യാദവിനെ ക്യാപ്റ്റനാക്കാനാണ് ഗൗതം ഗംഭീറിനു താൽപര്യം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ പരമ്പരകളിൽ സൂര്യകുമാര്‍ യാദവ് ഇന്ത്യൻ ട്വന്റി20 ടീമിനെ നയിച്ചിരുന്നു.

സൂര്യകുമാർ യാദവിനെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ദീർഘകാലത്തേക്ക് നിയമിക്കുന്ന കാര്യം ഗംഭീറും അഗാർക്കറും ഹാർദിക് പാണ്ഡ്യയുമായി ചർച്ച ചെയ്തതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര കളിക്കാനുണ്ടാകുമെന്ന് ഹാർദിക് പാണ്ഡ്യ ബിസിസിഐയെ അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളുള്ളതിനാൽ ഏകദിന പരമ്പരയിൽനിന്നു മാറ്റിനിർത്തണമെന്നും പാണ്ഡ്യ ആവശ്യപ്പെട്ടു. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ അടുത്ത ദിവസം തന്നെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.

ശ്രീലങ്കൻ പര്യടനത്തിലും 2026ലെ ട്വന്റി20 ലോകകപ്പിലും സൂര്യകുമാർ യാദവ് ഇന്ത്യയെ നയിക്കുമെന്നാണു ബിസിസിഐയിൽനിന്നുള്ള വിവരമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഹാർദിക് പാണ്ഡ്യയെക്കാൾ ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽ സൂര്യകുമാർ യാദവാണ് ജനകീയൻ. ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരിക്കെയാണ്, ട്വന്റി20 താരമെന്ന നിലയിൽ സൂര്യകുമാർ യാദവ് ഉയർന്നുവരുന്നത്. ഇടയ്ക്കിടെ പരുക്കേൽക്കുന്നതും പാണ്ഡ്യയ്ക്കു തിരിച്ചടിയാണ്.

കഴിഞ്ഞ ഐപിഎല്‍ സീസണിൽ മുംബൈ ഇന്ത്യൻസിനായി ക്യാപ്റ്റന്റെ റോളിൽ തിളങ്ങാൻ പാണ്ഡ്യയ്ക്കു സാധിച്ചിരുന്നില്ല. മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു. ഹാർദിക് പാണ്ഡ്യയ്ക്കെതിരെ കഴിഞ്ഞ സീസണിൽ ആരാധക പ്രതിഷേധവും ശക്തമായിരുന്നു. ട്വന്റി20 ലോകകപ്പിൽ തിളങ്ങിയതോടെ ഹാർദിക് പാണ്ഡ്യ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാകുമെന്നായിരുന്നു കരുതിയിരുന്നത്.

English Summary:

India Star May Pip Hardik Pandya To Become T20I Captain Till 2026 T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com