അംപയർ ഔട്ട് നൽകിയില്ല, പക്ഷേ ഡിആർഎസ് എടുത്ത് സ്വയം പുറത്തായി ലങ്കന്‍ ബാറ്റർ- വിഡിയോ
Mail This Article
കൊളംബോ∙ ലങ്കൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ വിചിത്രമായ രീതിയിൽ പുറത്തായി ശ്രീലങ്കൻ താരം നിരോഷൻ ഡിക്‌വെല്ല. അംപയർ ഔട്ട് കൊടുക്കാതിരുന്നിട്ടും ഡിആർഎസിനു പോയാണ് നിരോഷൻ സ്വയം പുറത്തായത്. ഗല്ലെ മാർവെൽസ് ക്യാപ്റ്റനായ നിരോഷന് ജാഫ്ന കിങ്സിനെതിരായ മത്സരത്തിലായിരുന്നു അബദ്ധം പറ്റിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അസ്മത്തുല്ല ഒമർസായിയുടെ പന്തു നേരിട്ട നിരോഷനെ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്താണു പുറത്താക്കിയത്. ജാഫ്ന താരങ്ങൾ വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ തുടങ്ങിയെങ്കിലും അംപയർ ഔട്ട് അനുവദിച്ചിരുന്നില്ല. എന്നാൽ ഇതു ശ്രദ്ധിക്കാതെയാണ് മാർവെൽസ് ക്യാപ്റ്റൻ ഡിആർഎസിനു പോയത്. ഇതോടെ അംപയർ റിവ്യൂ പരിശോധിക്കുകയും റീപ്ലേകളിൽ പന്ത് എഡ്ജ് ആയതായി സ്ഥിരീകരിക്കുകയും ചെയ്തു. മാർവെല്‍സ് ക്യാപ്റ്റനു പറ്റിയ അബദ്ധത്തിൽ ടീമംഗങ്ങളും ആരാധകരും ഞെട്ടിപ്പോയി.
പുറത്തായെന്നു വ്യക്തമായതോടെ താരത്തിനു ഗ്രൗണ്ട് വിട്ടുപോകേണ്ടിവന്നു. നിയമപ്രകാരം ഒരു ബാറ്റർ റിവ്യൂ ആവശ്യപ്പെട്ടാൽ ഉടൻ അംപയർക്ക് അത് അനുവദിക്കാവുന്നതാണ്. ശ്രീലങ്കയ്ക്കായി ടെസ്റ്റിൽ 54, ഏകദിനത്തില്‍ 55, ട്വന്റി20യിൽ 28 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് നിരോഷൻ ഡിക്‌വെല്ല.