രോഹിത് ശര്‍മയും വിരാട് കോലിയും എത്ര കാലം കളിക്കും? മറുപടിയുമായി ഗൗതം ഗംഭീർ
Mail This Article
മുംബൈ∙ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ഫിറ്റ്നസ് അനുവദിക്കുമെങ്കിൽ 2027 ലോകകപ്പ് വരെ കളിക്കാമെന്ന് ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. ശ്രീലങ്കൻ പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗൗതം ഗംഭീർ നിലപാടു വ്യക്തമാക്കിയത്. രണ്ടു താരങ്ങളിലും ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് ഗംഭീർ പറഞ്ഞു. ട്വന്റി20 ലോകകപ്പ് വിജയിച്ചതിനു പിന്നാലെ വിരാട് കോലിയും രോഹിത് ശർമയും ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിക്കുകയാണെന്ന് അറിയിച്ചിരുന്നു.
‘‘വലിയ മത്സരങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് അവർ തന്നെ നമുക്കു കാണിച്ചുതന്നിട്ടുള്ളതാണ്. ഒരു കാര്യം ഞാൻ വ്യക്തമായിത്തന്നെ പറയാം. രണ്ടു പേരിലും ഇനിയും ഒരുപാട് ക്രിക്കറ്റ് ഉണ്ട്. നമുക്കു മുന്നിൽ ചാംപ്യൻസ് ട്രോഫി മത്സരങ്ങളുണ്ട്. ഓസ്ട്രേലിയൻ പര്യടനം നടക്കാനുണ്ട്. ഇതെല്ലാം തീർച്ചയായും അവരെ പ്രചോദിപ്പിക്കും. അവർക്ക് അവരുടെ ശാരീരിക ക്ഷമത നിലനിർത്താൻ സാധിക്കുമെങ്കിൽ 2027ലെ ലോകകപ്പും അകലെയല്ല.’’– ഗംഭീർ പറഞ്ഞു.
‘‘ടീമിനെ എത്രത്തോളം സഹായിക്കാൻ സാധിക്കുമെന്ന് തീരുമാനിക്കേണ്ടത് താരങ്ങൾ തന്നെയാണ്. ടീമാണ് ഇവിടെ പ്രധാനം. കോലിയും രോഹിത് ശർമയും ഇപ്പോഴും ലോകോത്തര താരങ്ങളാണ്. രണ്ടു പേരെയും ഏതു ടീമിനും എത്ര കാലം വരെ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും.’’– ഗംഭീര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗൗതം ഗംഭീറിന്റെ നിർബന്ധത്തെ തുടർന്ന് വിരാട് കോലിയും രോഹിത് ശർമയും വിദേശയാത്ര വെട്ടിച്ചുരുക്കി ശ്രീലങ്കൻ പര്യടനത്തിനുള്ള തയാറെടുപ്പിലാണ്.
ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം രോഹിത് ശർമയും വിരാട് കോലിയും വിദേശത്ത് അവധി ആഘോഷത്തിനു പോയിരുന്നു. പരിശീലകനായുള്ള ആദ്യ പരമ്പരയിൽ ഇരുവരും ടീമിനൊപ്പം വേണമെന്ന് ഗംഭീർ പറഞ്ഞതോടെ കോലിയും രോഹിത്തും വിദേശയാത്ര ചുരുക്കി ടീമിനൊപ്പം ചേരാൻ തയാറായി. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും സൂപ്പർ താരങ്ങൾ കളിക്കും.