ADVERTISEMENT

മുംബൈ∙ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നീ വിക്കറ്റ് കീപ്പർമാർ തിരിച്ചെത്തുമ്പോൾ, നിലവിലെ സാഹചര്യത്തിൽ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ചീഫ് സിലക്ടർ അജിത് അഗാർക്കർ. സഞ്ജു ഉൾപ്പെടെ മികവുറ്റ താരങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാവർക്കും 15 അംഗ ടീമിൽ ഇടം നൽകാനാകില്ലെന്ന് അഗാർക്കർ പറഞ്ഞു. ഇന്ത്യൻ ടീം ശ്രീലങ്കൻ പര്യടനത്തിനായി പോകുന്നതിനു മുൻപ് നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുക്കപ്പെട്ട താരങ്ങളിൽ അനർഹർ ആരെങ്കിലും ഉണ്ടെങ്കിൽ വിശദീകരണം നൽകാൻ സിലക്ടർമാർ ബാധ്യസ്ഥരാണ്. ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ പ്രകടനം മോശമായാൽ, സഞ്ജുവിനെപ്പോലെയുള്ളവർ പുറത്തു കാത്തുനിൽക്കുന്നുണ്ടെന്ന് ഓർക്കണമെന്നും അഗാർക്കർ പറഞ്ഞു.

‘‘ചില ഘട്ടങ്ങളിൽ ചില താരങ്ങൾ തഴയപ്പെട്ടേക്കാം. തഴയപ്പെട്ട താരങ്ങൾക്കു പകരം തിരഞ്ഞെടുക്കപ്പെട്ടത് ആരൊക്കെയാണെന്നു കൂടി നോക്കണം. അവരിൽ അർഹതയില്ലാത്തവർ കടന്നുകൂടിയിട്ടുണ്ടെങ്കിൽ, ഞങ്ങൾ വിശദീകരണം നൽകാൻ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന് റിങ്കു സിങ്ങിന്റെ കാര്യമെടുക്കൂ. അദ്ദേഹത്തിന് ട്വന്റി20 ലോകകപ്പ് ടീമിൽ ഇടംപിടിക്കാനാകാതെ പോയത് അദ്ദേഹത്തിന്റെ കുറ്റം കൊണ്ടല്ല. എല്ലാവരെയും നമുക്ക് 15 അംഗ ടീമിൽ ഉൾപ്പെടുത്താനാകില്ലല്ലോ.’’ – അഗാർക്കർ പറഞ്ഞു.

കെ.എൽ. രാഹുലും ഋഷഭ് പന്തും ടീമിലേക്കു തിരിച്ചെത്തിയതോടെയാണ് സഞ്ജു സാംസണിന് ടീമിലെ സ്ഥാനം നഷ്ടമായതെന്ന് അഗാർക്കർ ന്യായീകരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏകദിനത്തിൽ ഈ രണ്ടു താരങ്ങളുടെയും ബാക്കപ്പായി മാത്രമേ സഞ്ജുവിനെ പരിഗണിക്കാനാകൂ എന്നും അഗാർക്കർ സൂചിപ്പിച്ചു.

‘‘ഇന്ത്യൻ ടീമിെന സംബന്ധിച്ച് നിർണായക താരമാണ് ഋഷഭ് പന്ത്. ഇടക്കാലത്ത് അപകടത്തെ തുടർന്ന് പുറത്തായിരുന്ന അദ്ദേഹം ഇപ്പോൾ ടീമിൽ തിരിച്ചെത്തിക്കഴിഞ്ഞു. അദ്ദേഹത്തെ പരമാവധി മത്സരങ്ങൾ കളിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രാഹുൽ. ഇവർ രണ്ടു പേരും ടീമിലേക്കു തിരിച്ചെത്തുന്നതോടെ, സ്വാഭാവികമായും ഇടം നഷ്ടമാകുന്നത് സഞ്ജുവിനാണ്. ടീമിൽ ഇടം ലഭിച്ചിട്ടുള്ള താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ, സഞ്ജുവിനേപ്പോലെയുള്ളവർ പുറത്തു കാത്തുനിൽക്കുന്നുണ്ടെന്ന് ഓർമിക്കണം.’’ – അഗാർക്കർ പറഞ്ഞു.

English Summary:

ajit-agarkar-explains-absense-ruturaj-gaikwad-sanju-samson-and-abhishek-sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com